ചെനാബ് നദി
പഞ്ചാബിന് ആ പേര് നൽകുന്ന പഞ്ചനദികളിൽ ഒന്നാണ് ചെനാബ് നദി(ചന്ദ്രഭാഗ). ഏകദേശം 960 കിലോമീറ്റർ നീളമുണ്ട്. സിന്ധു നദീജല ഉടമ്പടി പ്രകാരം ചെനാബിലെ ജലം പാകിസ്താന് അവകാശപ്പെട്ടതാണ്. വൈദ്യുതി ഉൽപാദനം പോലുള്ള ഉപഭോഗേതര ഉപയോഗങ്ങൾ ഇന്ത്യ അനുവദിച്ചിരിക്കുന്നു. ചെനാബ് നദി പാകിസ്ഥാനിൽ ജലസേചനത്തിനായി വ്യാപകമായി ഉപയോഗിക്കുന്നു. അതിന്റെ ജലം നിരവധി ലിങ്ക് കനാലുകൾ വഴി രവി നദിയുടെ ചാനലിലേക്ക് മാറ്റുന്നു.
പേരിനു പിന്നിൽ
ഋഗ്വേദത്തിൽ ചേനാബ് നദിയെ അസിക്നി എന്ന് വിളിച്ചിരുന്നു. കടും നിറമുള്ള വെള്ളമുള്ളതായി കാണപ്പെടുന്നു എന്നാണ് ഈ പേരിന്റെ അർത്ഥം. ക്രിശന എന്ന പദം അഥർവ്വവേദത്തിലും കാണാം. ‘ചെൻ‘ എന്നാൽ ചന്ദ്രൻ എന്നും ‘ആബ്‘ എന്നാൽ നദി എന്നുമാണ് അർത്ഥം. ചന്ദ്ര, ഭാഗ എന്നീ ഉറവകളുടെ കൂടിച്ചേരൽ മൂലം ഉദ്ഭവിക്കുന്നതിനാൽ ചന്ദ്രഭാഗ എന്നും പേരുണ്ട്. ഭാരതത്തിലെ വേദകാലഘട്ടത്തിൽ അശ്കിനി, ഇസ്ക്മതി എന്നീ പേരുകളിലും പുരാതന ഗ്രീസിൽ അസെസൈൻസ് എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്.
ഉദ്ഭവസ്ഥാനം
ഇന്ത്യയിലെ ഹിമാചൽപ്രദേശ് സംസ്ഥാനത്തിലെ ലാഹുൽ-സ്പിറ്റി ജില്ലയിലാണ് (മുമ്പ് രണ്ടായിരുന്ന ഇവ ഇന്ന് ഒരു ജില്ലയാണ്) ചെനാബിന്റെ ഉദ്ഭവസ്ഥാനം. ഹിമാലയത്തിന്റെ ഉയർന്ന ഭാഗങ്ങളിൽ ഉൾപ്പെടുന്ന താണ്ടി എന്ന സ്ഥലത്തുവച്ച് ചന്ദ്ര, ഭാഗ എന്നീ ഉറവകൾ കൂടിച്ചേർന്ന് ചെനാബ് നദിക്ക് ജന്മം നൽകുന്നു.
പ്രയാണം
ഉദ്ഭവസ്ഥാനത്തുനിന്ന് ചെനാബ് ജമ്മു കാശ്മീരിലെ ജമ്മുവിലൂടെ ഒഴുകി പഞ്ചാബ് സമതലത്തിലെത്തിച്ചേരുന്നു. ട്രിമ്മുവിൽ വച്ച് ഝലം നദിയും പിന്നീട് രാവി നദിയും ചെനാബിൽ ലയിക്കുന്നു. ഉച്ച് ഷരീഫിൽ ചെനാബ്, സത്‌ലജ് നദിയുമായി കൂടിച്ചേർന്ന് പാഞ്ച്നാദ് നദി രൂപവത്കരിക്കുന്നു. സത്‌ലജ് മിഥൻകോട്ടിൽ വച്ച് സിന്ധു നദിയോട് ചേരുന്നു.
ചരിത്രത്തിൽ
ബി.സി 325ൽ മഹാനായ അലക്സാണ്ടർ ചക്രവർത്തി ചെനാബ് നദിയും പാഞ്ച്നാദ് നദിയും കൂടിച്ചേരുന്ന പ്രദേശത്ത് സിന്ധുവിലെ അലക്സാണ്ട്രിയ എന്ന പേരിൽ ഒരു പട്ടണം സ്ഥാപിച്ചു.
അണക്കെട്ടുകളും വിവാദങ്ങളും
ഈ നദിയിൽ അണക്കെട്ടുകൾ നിർമ്മിക്കാൻ ഇന്ത്യൻ സർക്കാർ നടപടികളെടുത്തതോടെ ചെനാബ് വാർത്തകളിൽ സ്ഥാനംനേടി. ഇവയിൽ ഏറ്റവും ശ്രദ്ധേയമായത് ബഗ്ലിഹാർ ജലവൈദ്യുത പദ്ധതിയാണ്. ഇതിന്റെ നിർമ്മാണം 2008ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സിന്ധു ബേസിൻ പ്രൊജക്റ്റിൽ ഉൾപ്പെടുന്നതാണ് ഈ പദ്ധതികൾ. ചെനാബിലെ ജലം ശേഖരിക്കുകയും ദിശ തിരിച്ചവിടുകയും ചെയ്യുന്ന ഈ പദ്ധതികൾ വഴി ഇന്ത്യ സിന്ധു നദീജല ഉടമ്പടിലെ വ്യവസ്ഥകൾ ലംഘിക്കുന്നതായി പാകിസ്താൻ ആരോപിച്ചു. എന്നാൽ ഇന്ത്യ ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞു.