ഋഷി കപൂർ
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും, സംവിധായകനുമായിരുന്നു ഋഷി കപൂർ (ജനനം: സെപ്റ്റംബർ 4, 1952, മരണം: ഏപ്രിൽ 30, 2020). പിതാവായ രാജ് കപൂറിന്റെ 1970 ൽ പുറത്തിറങ്ങിയ മേരാ നാം ജോക്കർ (1970) എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചതിന്റെപേരിൽ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. മുതിർന്നതിനുശേഷം 1973 ൽ ബോബി എന്ന ചിത്രത്തിൽ ഡിംപിൾ കപാഡിയയ്‌ക്കൊപ്പം അഭിനയിക്കുകയും 1974 ലെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ചെയ്തു. 1973 നും 2000 നും ഇടയിൽ 92 ചിത്രങ്ങളിൽ റൊമാന്റിക് നായകനായി അദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദോ ദൂനി ചാറിലെ അഭിനയത്തിന് 2011 ൽ മികച്ച നടനുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡും കപൂർ ആന്റ് സൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് 2017 ൽ മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും നേടി. ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിനും അദ്ദേഹം അർഹനായിരുന്നു. 1973 മുതൽ 1981 വരെയുള്ള കാലത്ത് പന്ത്രണ്ടോളം സിനിമകളിൽ ഭാര്യ നീതു സിങ്ങിനൊപ്പവും അഭിനയിച്ചു.
ആദ്യ ജീവിതം
മുംബെയിലെ ചെമ്പൂരിൽ ഒരു പഞ്ചാബി ഹിന്ദു കുടുംബത്തിൽ ഋഷി രാജ് കപൂർ എന്ന പേരിലാണ് അദ്ദേഹം ജനിച്ചത്. പ്രമുഖ ചലച്ചിത്ര സംവിധായകനായ രാജ് കപൂറിന്റെയും അദ്ദേഹത്തിന്റെ പത്നി കൃഷ്ണ രാജ് കപൂറിന്റെയും (മുമ്പ്, മൽഹോത്ര) രണ്ടാമത്തെ മകനാണ് ഋഷി കപൂർ. നടൻ പൃഥ്വിരാജ് കപൂറിന്റെ ചെറു മകനായിരുന്നു. സഹോദരന്മാരും നടന്മാരുമായ രൺധീർ കപൂർ, രാജീവ് കപൂർ എന്നിവരും മാതാവ് വഴിയുള്ള അമ്മാവന്മാരായ പ്രേം നാഥ്, രാജേന്ദ്ര നാഥ്, നരേന്ദ്ര നാഥ്, പ്രേം ചോപ്ര, പിതൃ സഹോദരന്മാരായ ശശി കപൂർ, ഷമ്മി കപൂർ എന്നിവരെല്ലാം അഭിനേതാക്കളായിരുന്നു. ഇൻഷുറൻസ് ഏജന്റായിരുന്ന റിതു നന്ദ, പരേതയായ റിമ ജെയിൻ എന്നിവർ അദ്ദേഹത്തിന്റെ സഹോദരിമാരാണ്. ഋഷി കപൂറിന്റെ മകനാണ് പുതുമുഖ നായക നടനായ രൺബീർ കപൂർ. മുംബൈയിലെ ക്യാമ്പിയൻ സ്കൂളിലും അജ്മീറിലെ മയോ കോളേജിലും അദ്ദേഹം പഠനം നടത്തി.