റിംഗ് ടെയില്‍ വീരന്മാര്
വാലുകള്‍ക്ക് പ്രത്യേകതയുള്ള സഞ്ചിമൃഗങ്ങളാണ് റിംഗ് ടെയിലുകള്‍. ലെമര്‍ എന്ന കുരങ്ങിനെ പോലിരിക്കുന്ന അത്തരമൊന്ന് ബ്രഷി ടെയില്ട് റിംഗ്റെയില് എന്നറിയപ്പെടുന്നു. ഉടലിനോളം നീളമുള്ള വാലാണ് അക്കൂട്ടര്ക്കുള്ളത്. വാലിന്റെ അറ്റത്ത് രോമമില്ലെന്ന പ്രത്യേകതയും ഉണ്ട്. മരത്തിന്റെ വലിയ ശിഖരങ്ങളില്‍ പിടിച്ചു നടക്കുന്നതിനും വാലില്‍ തൂങ്ങി താഴേക്ക് ചാടുന്നതിനും ഇത് ഉപകരിക്കുന്നു. ഒമ്പതടിയോളം താഴ്ചയിലേക്കാണ് അവയിങ്ങനെ വാലില്‍ തൂങ്ങിച്ചാടുന്നത്. ഇലകളാണ് പ്രധാന ആഹാരം, ഇടയ്ക്ക് പൂക്കളും പഴങ്ങളും ശാപ്പിടും, രാത്രിയിലാണ് ഇര തേടുന്നത്.
ഉടലിന് 31 മുതല്‍ 40 സെന്റിമീറ്റര്‍ വരെ നീളമുണ്ട്. വാലിനു മാത്രം 37 സെന്റിമീറ്ററും കാണും. ഒരു കിലോഗ്രാം വരെ ഭാരവും ഇക്കൂട്ടര്‍ക്കുണ്ടാകും. പലതരം സംഘങ്ങളായാണ് ഇവ കാണപ്പെടുന്നത്. ആണും പെണ്ണും ജോടികളായും അമ്മയും കുഞ്ഞുങ്ങളുമായും അവ കൂട്ടത്തോടെ നടക്കുന്നു. ചിലപ്പോള്‍ വലിയ സംഘങ്ങളായും കാണാം.
ഒരു സമയം ഒരു കുഞ്ഞാണ് ജനിക്കുക. ജനിച്ച ഉടനെ അമ്മയുടെ സഞ്ചിയിലെത്തുന്ന അവ അവിടെ ഏഴാഴ്ച വരെ കഴിച്ചുകൂട്ടുന്നു.
വടക്കു കിഴക്കേ ഓസ്ട്രേലിയയിലാണ് ബ്രഷി ടെയില്ട് റിംഗ് ടെയില്‍ സഞ്ചിമൃഗങ്ങളെ ധാരാളമായി കണ്ടുവരുന്നത്.
റിംഗ്ടെയില്‍ വര്‍ഗത്തിലെ മറ്റൊരു കൂട്ടരാണ് കോമണ്‍ റിംഗ്ടെയില്‍. ചുവപ്പ് കലര്‍ന്ന തവിട്ടുനിറക്കാരോ ചാരനിറമുള്ള തവിട്ടുനിറക്കാരോ ആയിരിക്കും. ഇക്കൂട്ടര്‍. കരുത്തുള്ള വാലിന്റെ തുടക്കത്തില്‍ കറുത്ത നിറവും പകുതി കഴിഞ്ഞാല്‍ വെളുപ്പുമായിരിക്കും. ഇലകളാണ് ഇക്കൂട്ടരുടെയും പ്രിയപ്പെട്ട ഭക്ഷണം. കൂടുതല്‍ ഇഷ്ടം യൂക്കലിപ്റ്റസിന്റെയും അക്കേഷ്യയുടെയും ഇലകളാണ് എന്ന് മാത്രം, കോമണ്‍ റിംഗ്ടെയിലുകളുടെ നീളം 30 മുതല്‍ 35 വരെ സെന്റിമീറ്ററായിരിക്കും. അത്രയും നീളം തന്നെ വാലിനും കാണപ്പെടുന്നു.