CountryEncyclopedia

മതവിശ്വാസം

ലക്ഷദ്വീപിലെ ഭൂരിഭാഗം പേരും ഇസ്‌ലാം മതവിശ്വാസം പിന്തുടരുന്നവരാണ്. ദ്വീപുനിവാസികളുടെ മത വിശ്വാസത്തിന്‍റെ ചരിത്രം സംബന്ധിച്ച് കൃത്യമായ രേഖകള്‍ ലഭ്യമല്ല.
ആറാം നൂറ്റാണ്ടില്‍ ദ്വീപിലെത്തിയ ഇസ്‌ലാം മതപ്രചാരകന്‍ ഉബൈദുള്ളയാണ് ലക്ഷദ്വീപസമൂഹത്തില്‍ ഇസ്‌ലാം മതം പ്രചരിപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്.
ഉബൈദുള്ളയെക്കുറിച്ച് നിരവധി കഥകളുണ്ട്. ആദ്യമായി ദ്വീപുകളില്‍ മതപ്രചരണത്തിന് ചെന്ന അദ്ദേഹത്തിനു ദ്വീപുനിവാസികളില്‍ നിന്ന് കനത്ത എതിര്‍പ്പുകളായിരുന്നു നേരിടേണ്ടി വന്നത്. ഈ എതിര്‍പ്പിനിടയുലും ഒരു സ്ത്രീ അദ്ദേഹത്തിന്‍റെ ഭാര്യയാകാന്‍ സമ്മതിച്ചു. വിവാഹം കഴിഞ്ഞതോടെ ഇരുവര്‍ക്കുമെതിരെ ജനരോക്ഷം ശക്തമായി. ജനങ്ങള്‍ അവരെ ആക്രമിക്കാന്‍ തുനിഞ്ഞു. തങ്ങള്‍ അപകടത്തിലാണെന്ന് മനസ്സിലാക്കിയ ഉബൈദുള്ള ദൈവത്തോട് ഉള്ളഴിഞ്ഞ് പ്രാര്‍ഥിച്ചു. അതോടെ ദ്വീപിലുള്ളവര്‍ക്ക് താത്ക്കാലികമായി കാഴ്ചശക്തി നഷ്ട്പെട്ടത്രേ. ഈ അവസരം നോക്കി ഉബൈദുള്ള ഭാര്യയുമായി ഒരു തോണിയില്‍ കയറി രക്ഷപ്പെട്ടു. അടുത്ത പ്രഭാതത്തിനു മുന്‍പ് അവര്‍ ആന്ത്രോത്ത് ദ്വീപിലെത്തി ആന്ത്രോത്ത് ദ്വീപിലുള്ളവര്‍ ഉബൈദുള്ളയെയും ഭാര്യയെയും’ ആദ്യമായി കാണുന്നത് ഒരു കുന്നിന്‍മുകളിലായിരുന്നു. ഈ കുന്ന് കണ്ടെത്തിക്കുന്ന് എന്ന പേരില്‍ അറിയപ്പെട്ടു. ഈ പേരിലുള്ള കുന്ന് ഇന്നും ആന്ത്രോത്ത് ദ്വീപിലുണ്ട്.
കനത്ത എതിര്‍പ്പ് നേരിടേണ്ടിവന്നുവെങ്കിലും അവസാനം ദ്വീപുനിവാസികള്‍ ഇസ്‌ലാം മതം സ്വീകരിച്ചു.മറ്റു ദ്വീപുകളിലും ഉബൈദുള്ള മതപ്രചരണം നടത്തി. അവസാനകാലത്ത് ആന്ത്രോത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹം അവിടെവച്ച് അന്തരിച്ചു. അദ്ദേഹത്തിന്‍റെ കബറിടം പുണ്യസ്ഥലമായാണ് അവിടെത്തെ മുസ്ലീം വിശ്വസികള്‍ കണക്കാക്കുന്നത്.