EncyclopediaWild Life

ചെങ്കരടികള്‍

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ കാണപ്പെടുന്ന കരടികളാണ് ചെങ്കരടികള്‍. അര്‍സസ് ആര്‍ക്ക്‌ടോസ് എന്നാണ് ഇവയുടെ ശാസ്ത്രനാമം.

  ചെങ്കരടികളില്‍ ഇളം തവിട്ടു നിറമുള്ളവരും ഉണ്ട്. ഇരുതോളുകള്‍ക്കും മുകളില്‍ ബലമുള്ള പേശികള്‍ ഉള്ളതിനാല്‍ ഇവയുടെ മുന്‍കാലുകള്‍ കൂടുതല്‍ ബലമുള്ളതാണ്. അവയിലെ വിരലുകളില്‍ ആറിഞ്ചോളം നീളം വരുന്ന കൂര്‍ത്ത് വളഞ്ഞ നഖങ്ങള്‍ ഉണ്ട്. മണ്ണില്‍ കുഴികള്‍ ഉണ്ടാക്കുകയും മറ്റുമാണ് ഇത് കൊണ്ടുള്ള ഉപയോഗം.

  ഈ ഇനം കരടികളിലെ പ്രമുഖര്‍ യുറേഷ്യന്‍ ചെങ്കരടികളാണ്. അഞ്ചടി ഒന്‍പതിഞ്ച് വരെ നീളമുണ്ടാകാറുണ്ട് ഇവയ്ക്ക്.130 മുതല്‍ 700 കിലോ വരെയാണ് ഭാരം. യൂറോപ്യന്‍രാജ്യങ്ങളിലും റഷ്യ, മധ്യേഷ്യ, സിറിയ, ചൈന, ജപ്പാന്‍ തുടങ്ങിയ ഭൂവിഭാഗങ്ങളിലും ഇത്തരം ചെങ്കരടികളുണ്ട്.

  മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ ചെങ്കരടികള്‍ക്ക് ഓടാന്‍ കഴിയും. വേട്ടപ്പട്ടിയുടേതിനേക്കാള്‍ ശക്തിയേറിയ ഘ്രാണശക്തി ഇവയ്ക്കുണ്ട്. സ്വന്തം ആവാസകേന്ദ്രത്തില്‍ നിന്ന് നൂറ്റമ്പതുകിലോമീറ്റര്‍ അകലെ കൊണ്ടുപോയി വിട്ടാലും ചെങ്കരടികള്‍ തിരിച്ചെത്തും.

  സാധാരണ രാത്രികാലങ്ങളിലാണ് ചെങ്കരടികള്‍ ഇരതേടാനിറങ്ങുന്നത്. ചെറിയ മാന്‍കുട്ടികളേയും ക്ഷീണിതരായ വലിയ മാനുകളെയുമാണ് ഇവ കൂടുതലായും പിടിക്കുക. ഇര തിരിച്ചാക്രമിക്കുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കൂര്‍ത്ത കോമ്പല്ലുകള്‍ ഉപയോഗിച്ചാണ് ഇരകളെ കടിച്ചു പിടിക്കുക. നിശാശലഭങ്ങളേയും ചെങ്കരടികള്‍ അകത്താക്കാറുണ്ട്. വേനല്‍ക്കാലത്ത് ദിവസംതോറും പതിനായിരകണക്കിന് നിശാശലഭങ്ങളെ ചെങ്കരടികള്‍ കഴിക്കാറുണ്ടത്രേ. കടുവയും കുറുക്കനും ചെന്നായയുമൊക്കെ കൊന്നിട്ട ജീവികളെ ചെങ്കരടികള്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ ധാരാളമായി നദികളില്‍ ഉണ്ടാകുന്ന ഘട്ടത്തില്‍ കൂട്ടമായി ചെന്ന് അവയെ പിടിക്കാറുണ്ട്.

  ജനിച്ചയുടനെ ചെങ്കരടിക്കുഞ്ഞുങ്ങള്‍ക്ക് ഒരു കിലോ മുതല്‍ രണ്ടു കിലോ വരെ തൂക്കം കാണും. ആദ്യത്തെ പത്താഴ്ചകളോളം അമ്മയുടെ പാല്‍ മാത്രമാണ് ഇവയുടെ ഭക്ഷണം. പിന്നീട് സ്വന്തമായി ആഹാരം തേടാനും മറ്റും കുഞ്ഞുങ്ങള്‍ പ്രാപ്തി നേടുന്നു.

  രണ്ടു ലക്ഷത്തോളം ചെങ്കരടികള്‍ ഇന്ന് ഭൂമുഖത്തുണ്ടെന്നാണ് കണക്കാകപ്പെട്ടിരിക്കുന്നത്. ഇവയില്‍ തന്നെ റഷ്യയിലാണ് കൂടുതലുള്ളത്. മറ്റുള്ളവ വടക്കെ അമേരിക്ക, കാനഡ, യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി കാണപ്പെടുന്നു.

  വടക്കേ അമേരിക്കയിലുള്ള ചെങ്കരടികളില്‍ 95 ശതമാനവും അലാസ്ക്കയിലാണുള്ളത്. ബ്രിട്ടീഷ് ദ്വീപുകളിലും ഫ്രാന്‍സിലും ചെങ്കരടികളേയില്ല. എന്നാല്‍ ഫിന്‍ലാന്‍ഡിന്‍റെ ദേശീയമൃഗം ചെങ്കരടിയാണ്.

  ചെങ്കരടികളില്‍ തന്നെ പന്ത്രണ്ടോളം ഉപജാതികളുണ്ട്. യൂറോപ്യന്‍ ചെങ്കരടി, സൈബീരിയന്‍ ചെങ്കരടി, ഗോള്‍ഡന്‍ ചെങ്കരടി, ഗ്രിസ്‌ലിക്കരടി, ഹിമാലയന്‍ ചെങ്കരടി, ടിബറ്റന്‍ നീലക്കരടി, സിറിയന്‍ ചെങ്കരടി, ഹൊക്കയ്ഡോ ചെങ്കരടി എന്നിവയാണവ.

  ചെങ്കരടികളില്‍ പല ഇനങ്ങളും വംശനാശഭീഷണി നേരിടുന്നവയാണ്. യൂറോപ്പിലും മറ്റും അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പേ ചെങ്കരടികള്‍ക്ക് വംശനാശം തുടങ്ങിയിരുന്നു. മനുഷ്യന്‍ വനങ്ങള്‍ വെട്ടിത്തെളിച്ച് കൃഷിസ്ഥലങ്ങളുണ്ടാക്കിയതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കരടികള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. ഇപ്പോള്‍ ഫിന്‍ലാന്ഡ്, നോര്‍വേ, സ്വീഡന്‍,പോളണ്ട്, റൊമേനിയ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ ചെറിയതോതില്‍ ചെങ്കരടികള്‍ കാണപ്പെടുന്നു. ഗോള്‍ഡന്‍ കരടി, അറ്റ്‌ലസ്കരടി, മെക്സിക്കന്‍ ഗ്രിസ്‌ലിക്കരടി എന്നിവയ്ക്ക് വംശനാശം സംഭവിച്ചു കഴിഞ്ഞു.