റാഷ്ത്
റാഷ്ത്, ഇറാനിലെ ഗിലാൻ പ്രവിശ്യയുടെ തലസ്ഥാനമാണ്. “സിറ്റി ഓഫ് റെയിൻ” (شهر باران, Ŝahre Bārān) എന്ന അപരനാമത്തിലും ഈ നഗരം അറിയപ്പെടുന്നു. 2016 ലെ കനേഷുമാരി പ്രകാരം 679,995 ജനസംഖ്യയുള്ള ഈ നഗരം കൂടാതെ വടക്കൻ ഇറാനിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരംകൂടിയാണ്.
ഇറാന്റെ കാസ്പിയൻ കടലോരത്തെ ഏറ്റവും വലിയ നഗരമാണ് റാഷ്ത്. കടൽത്തീരത്തിനും പർവതനിരകൾക്കുമിടയിയിലായതിനാൽ മഴ കൂടുതലായി അനുഭവപ്പെടുന്ന ഇവിടുത്തെ പ്രാദേശിക അന്തരീക്ഷം ഈർപ്പമുള്ള ഉപ ഉഷ്ണമേഖലാ, മെഡിറ്ററേനിയൻ സ്വാധീനങ്ങളുള്ളതാണ്. മിക്കവാറും വരണ്ട ഇറാനിൽ നിന്ന് വ്യത്യസ്തമായി ഇതിൻറെ തെക്കൻ ഭാഗത്ത് മിതശീതോഷ്ണ മഴക്കാടുകളും ഉണ്ട്. ബന്ദർ-ഇ അൻസാലി തുറമുഖം ഉപയോഗിക്കുന്ന ഇത് കൊക്കേഷ്യ, റഷ്യ, ഇറാൻ എന്നിവയ്‌ക്കിടയിലുള്ള ഒരു പ്രധാന വ്യാപാര കേന്ദ്രമാണ്. അടുത്തുള്ള പർവതനിരകളിലെ മസൂലെ റിസോർട്ടും കാസ്പിയൻ ബീച്ചുകളും മറ്റു ചില പ്രധാന ആകർഷണങ്ങളുമുള്ള ഈ നഗരം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടിയാണ്.
ചരിത്രപരമായി, ഇറാനെ റഷ്യയുമായും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഗതാഗത-വ്യാപാര കേന്ദ്രമായിരുന്ന റാഷ്ത്, ഇക്കാരണത്താൽത്തന്നെ ഇത് “യൂറോപ്പിന്റെ കവാടം” എന്നറിയപ്പെട്ടു. നഗരത്തിന് പതിമൂന്നാം നൂറ്റാണ്ട് വരെ പഴക്കമുള്ള ഒരു ചരിത്രമുണ്ടെങ്കിലും അതിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത് നിരവധി ടെക്സ്റ്റൈൽ വർക്ക് ഷോപ്പുക ളുണ്ടായിരുന്നതും ഒരു പ്രധാന പട്ട് വ്യാപാര കേന്ദ്രവുമായിരുന്ന സഫാവിഡ് കാലഘട്ടത്തിലാണ്. 2015-ൽ, ഈ നഗരം യുനെസ്കോയുടെ മേൽനോട്ടത്തിൽ ക്രിയേറ്റീവ് ഗ്യാസ്ട്രോണമി നഗരമായി ലോകത്തിലെ സർഗ്ഗാത്മക നഗരങ്ങളുടെ ഒരു ശൃംഖലയിൽ അംഗമായി ചേർന്നു.