EncyclopediaFruitsGeneral

റമ്പൂട്ടാൻ

മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ,ഫിലിപ്പീൻസ്, എന്നിവിടങ്ങളിലും തെക്കുകിഴക്കേ ഏഷ്യയിലും മറ്റും കണ്ടുവരുന്ന ഒരു ഫലമാണ് റമ്പുട്ടാൻ. ലിച്ചി, ലോങ്ങൻ എന്നിവയോട് സാദൃശ്യമുള്ളതാണ് ഈ ഫലം. മലായ് ദ്വീപസമൂഹങ്ങൾ ജന്മദേശമായ ഈ ഫലത്തിന് രോമനിബിഡം എന്നർത്ഥം വരുന്ന റമ്പൂട്ട് എന്ന മലായ് വാക്കിൽ നിന്നാണ് പേര് ലഭിച്ചത്. റമ്പുട്ടാന്റെ പുറന്തോടിൽ സമൃദ്ധമായ നാരുകൾ കാണപ്പെടുന്നതാണ് കാരണം. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്. ഏഴുവർഷം പ്രായമായ മരങ്ങളാണ് കായ്‌ച്ച് തുടങ്ങുന്നത്. ‘പഴങ്ങളിലെ രാജകുമാരി’ എന്നും ‘ദേവതകളുടെ ഭക്ഷണം’ എന്നും വിശേഷിക്കപ്പെടുന്ന റംബുട്ടാൻ സ്വാദിഷ്ഠവും പോഷകസമ്പുഷ്ടവുമാണ്. ഔഷധമായും ഇത് ഉപയോഗിക്കുന്നു.  വിത്ത് വഴിയും വായുവിൽ പതി വെച്ചും ഗ്രാഫ്റ്റ്, മുകുളനം വഴിയും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു.

സവിശേഷതകൾ

റമ്പൂട്ടാൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രാജ്യം തായ്‌ലന്റ് ആണ്. ചുവപ്പ്, കടും മഞ്ഞ, മഞ്ഞ എന്നീ നിറങ്ങളിൽ പഴങ്ങൾ കാണപ്പെടുന്ന ഇനങ്ങൾ റമ്പൂട്ടാനിൽ ഉണ്ട്. കൂടാതെ ജാതി മരത്തേപ്പോലെ ആൺ മരങ്ങളും പെൺ മരങ്ങളും വെവ്വേറെ കാണപ്പെടുന്ന സസ്യമാണെങ്കിലും വളരെ അപൂർവ്വമായി രണ്ട് പൂക്കളും ഒരു മരത്തിൽ തന്നെ കാണപ്പെടുന്ന ഇനങ്ങളും ഉണ്ട്. പൂർണ്ണമായും ജൈവ രീതിയിൽ തന്നെ കൃഷി ചെയ്യാവുന്ന ഒരു ഫലവൃക്ഷം കൂടിയാണിത്.

നൂറുഗ്രാം റംബൂട്ടാനിൽ 40 മില്ലിഗ്രാം വൈറ്റമിൻ സി അടങ്ങിയുട്ടുണ്ട്. റംബൂട്ടാൻ സ്ഥിരമായി കഴിച്ചാൽ പനി, ജലദോഷം എന്നിവ വരാതെ തടയാം. ചർമസൗന്ദര്യം സംരക്ഷിക്കാനും ശരീരത്തിൽനിന്നു വിഷാംശങ്ങൾ നീക്കം ചെയ്യാനും ഇതു സഹായിക്കുന്നു. കോപ്പർ അടങ്ങിയ പഴമാണ് റംബൂട്ടാൻ. എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വർധിപ്പിക്കാനും അനീമിയയും മുടികൊഴിച്ചിലും തടയാനും നല്ലതാണ്. റംബൂട്ടാൻ പഴം പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും ഗുണകരം. ജ്യൂസ് ആയോ സാലഡിൽ ഉൾപ്പെടുത്തിയോ ഇത് കഴിക്കാം.