CountryEncyclopediaHistoryIndia

രാജീവ് ഗാന്ധി

തികച്ചും അപ്രതീക്ഷിതമായി ഇന്ത്യയുടെ പ്രധാനമന്ത്രി ആയ വ്യക്തിയാണ് രാജീവ് ഗാന്ധി.അമ്മ ഇന്ദിരാഗാന്ധി 1984 ഒക്ടോബര്‍ 31-ന് വെടിയേറ്റു മരിച്ചതിനെ തുടര്‍ന്നു അടുത്ത പ്രധാനമന്ത്രി ആയി രാജീവിനെ നിയമിക്കുകയായിരുന്നു, പ്രധാനമന്ത്രിയാകുമ്പോള്‍ അദ്ദേഹത്തിനു 41 വയസ്സേ ഉണ്ടായിരുന്നുള്ളൂ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി!
ഫിറോസ് ഗാന്ധിയുടേയും ഇന്ദിരാഗാന്ധിയുടെയും മകനായി 1944 ഓഗസ്റ്റ് 20-ന് അലഹബാദിലാണ് രാജീവ് ഗാന്ധിയുടെ ജനനം. അന്ന് രാജീവിന്‍റെ മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്‌റു ജയിലിലാണ്.തനിക്കൊരു പേരക്കുട്ടി ഉണ്ടായ വിവരം അദ്ദേഹം അറിഞ്ഞു.നെഹ്‌റു സന്തോഷത്തോടെ മകള്‍ ഇന്ദിരയ്ക്ക് എഴുതി.രാജീവിന്‍റെ ജനനം പുതിയൊരു വസന്തത്തിന്റെ ആരംഭമാണ്, മുത്തച്ഛന്‍റെ പ്രവചനം,തെറ്റിയില്ല. 40 വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ്‌ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തി. യുവത്വത്തിന്റെ പ്രതീകമായ പ്രധാമന്ത്രി എന്നാ വിശേഷണത്തോടെ.
മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ തീന്‍മൂര്‍ത്തി ഭാവനിലായിരുന്നു രാജീവിന്‍റെ കുട്ടിക്കാലം. പിന്നീട് ഡെറാഡൂണിലെ സ്കൂളില്‍ ചേര്‍ന്നു, അനുജന്‍ സഞ്ജയ്‌ ഗാന്ധിയോടൊപ്പമായിരുന്നു അവിടെ പഠനം. സ്കൂള്‍ പഠനത്തിനുശേഷം കേംബ്രജിലുള്ള ട്രിനിറ്റി കോളേജില്‍ ചേര്‍ന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് പഠിച്ചു.കേംബ്രിജില്‍ വച്ചാണ് രാജീവ് ഗാന്ധി സോണിയയെ പരിചയപ്പെടുന്നത്.പിന്നീട് 1968-ല്‍ വര വിവാഹിതരാവുകയും ചെയ്യ്തു.
കേംബ്രിജിലെ പഠനത്തിനുശേഷം രാജീവ്ഗാന്ധി ലണ്ടനിലെ ഇംപീരിയര്‍ കോളേജില്‍ ചേര്‍ന്നു. മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് ആയിരുന്നു വിഷയം.
ആദ്യമൊന്നും രാഷ്ട്രീയത്തില്‍ യാതൊരു താല്‍പര്യവും രാജീവ് ഗാന്ധി കാണിച്ചിരുന്നില്ല. അദ്ദേഹത്തിന്‍റെ അലമാരികളില്‍ നിറയെ ശാസ്ത്രപുസ്തകങ്ങളായിരുന്നു. പാശ്ചാത്യസംഗീതവും ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതവും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്‍റെ ഏറ്റവും ആഗ്രഹം പൈലറ്റാവുക എന്നതായിരുന്നു ഇംഗ്ലണ്ടില്‍ നിന്നു തിരിച്ചുവന്ന ഉടനെ രാജീവ്‌ ഡല്‍ഹി ഫ്ളൈയിംഗ് ക്ലബ്ബില്‍ ചേര്‍ന്നു. പറക്കല്‍ പരീശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് നേടിയ രാജീവ് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായി ജോലിയില്‍ പ്രവേശിച്ചു.
ഇന്ദിരാഗാന്ധിയായിരുന്നു അക്കാലത്ത് പ്രധാനമന്ത്രി. രാഷ്ട്രീയ കാര്യങ്ങളില്‍ അമ്മയെ സഹായിച്ചിരുന്നത് രാജീവിന്‍റെ സഹോദരന്‍ സഞ്ജയ്‌ ഗാന്ധിയായിരുന്നു. 1980-ല്‍ ഒരു വിമാനാപകടത്തില്‍ സഞ്ജയ്‌ മരണമടഞ്ഞു.അതോടെ രാഷ്ട്രീയത്തില്‍ തന്നെ സഹായിക്കാന്‍ ഇന്ദിര രാജീവിനോട്‌ ആവശ്യപ്പെട്ടു. പൈലറ്റിന്റെ ജോലി ഉപേക്ഷിച്ച് അദ്ദേഹം അമ്മയുടെ സഹായിയായി പൊതുപ്രവര്‍ത്തനത്തിനെത്തി. 1981-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അമേഡിയയില്‍ നിന്ന് ലോക് സഭയിലെത്തിയതോടെ രാജീവ് രാഷ്ട്രീയത്തില്‍ സജീവമാവുകയും ചെയ്യ്തു. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോള്‍ പ്രധാമാമന്ത്രിസ്ഥാനം രാജീവിന് ലഭിച്ചു.തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടി, 1984 ഡിസംബര്‍ 31-നു രാജീവ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യ്തു.
പില്‍ക്കാലത്ത് ഇന്ത്യയുടെ ശക്തിയായി മാറിയ പല മേഖലകളിലും വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടത് രാജീവ് ഗാന്ധിയുടെ ഗവണ്‍മെന്റു ആണ്. വാര്‍ത്താവിനിമയം , ജൈവ സാങ്കേതിക വിദ്യ, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളിലെല്ലാം ശ്രദ്ദേയമായ നേട്ടങ്ങളാണ് അദ്ദേഹത്തിന്‍റെ ഭരണക്കാലത്ത് ഉണ്ടായത്. കുഗ്രാമങ്ങളില്‍ പോലും ടെലിഫോണ്‍ ബൂത്തുകള്‍ എത്തിയത് അദ്ദേഹത്തിന്‍റെ ഭരണകാലത്താണ്.
രാജീവ് ഗാന്ധി ഗവണ്‍മെന്റിന്റെ അവസാനകാലം പ്രശ്നങ്ങള്‍ നിറഞ്ഞതായിരുന്നു.സ്വീഡിഷ് ആയുധക്കമ്പനിയുമായി നടന്ന ആയുധ ഇടപാടുകള്‍ രാജീവിനെ വിവാദനായകനാക്കി.ഈ ഇടപാടില്‍ രാജീവ് കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. ഇതാണു കുപ്രസിദ്ധ ബോഫോഴ്സ് തോക്കിടപാടിനെക്കുറിച്ച് പല അന്വേഷണങ്ങളും നടന്നു. തുടര്‍ന്നു ഈ കേസില്‍ രാജീവ് ഗാന്ധിയെ കോടതി കുറ്റവിമുക്തനാക്കി.
രാജീവ് ഗാന്ധിയെ അലട്ടിയ മറ്റൊരു പ്രശ്നം ശ്രീലങ്കയിലെ തമിഴ് പുലികളുടെതായിരുന്നു.തമിഴ് പുലികളും ശ്രീലങ്കന്‍ സേനയും പരസ്പരം ഏറ്റുമുട്ടിക്കൊണ്ടെയിരുന്നു. ശ്രീലങ്കന്‍ ഗവണ്‍മെന്റിന്റെ ആവശ്യപ്രകാരം അവിടേക്ക് രാജീവ് ഇന്ത്യന്‍ സേനയെ അയച്ചു. അവര്‍ തമിഴ്പുലികളുടെ താവളങ്ങള്‍ ആക്രമിക്കുകയും ലങ്കയില്‍ സമാധാനമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു.അതോടെ തമിഴ് പുലികളുടെ ശത്രുവായി അദ്ദേഹം മാറി. ആ ശത്രുത അദ്ദേഹത്തിന്‍റെ മരണത്തില്‍ കലാശിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ 1991 മേയ് 21-ന് മദ്രാസിലെ ശ്രീപെരുംതൂരില്‍ രാജീവ് ഗാന്ധി എത്തി.യോഗത്തിനിടയില്‍ എല്‍.ടി.ഇ നടത്തിയ ചാവേര്‍ ബോംബ്‌ സ്ഫോടനത്തില്‍ രാജീവ് ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു.
രാജീവ് ഗാന്ധിയുടെ ഭാര്യ സോണിയ ഗാന്ധിയും മക്കള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കോണ്ഗ്രസ്സിന്റെ നേതൃത്വനിരയിലുണ്ട്.