പുഷ്പകമൽ ദഹാൽ പ്രചണ്ഡ
നേപ്പാൾ റിപ്പബ്ലിക്കിന്റെ പ്രഥമ പ്രധാനമന്ത്രിയാണ് പുഷ്‌പകമൽ ദഹാൽ പ്രചണ്ഡ (ഡിസംബർ 11, 1954). 2008 ഓഗസ്റ്റ് 18-ന് ഇദ്ദേഹം അധികാരമേറ്റെടുത്തു. കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും ഗറില്ലാ നേതാവുമായ പ്രചണ്ഡ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) നേതാവാണ്.
2008 മേയ് 28-ന് നേപ്പാൾ റിപ്പബ്ലിക്കായതിനുശേഷം ആദ്യമായി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നയാളാണ് പ്രചണ്ഡ. 601 അംഗ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ 2008 ഓഗസ്റ്റ് 16-ന് നടന്ന തിരഞ്ഞെടുപ്പിൽ നേപ്പാളി കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദൂബെയെ തോല്പിച്ചാണ് പ്രചണ്ഡ നേപ്പാളിന്റെ പ്രഥമ പ്രധാനമന്ത്രി എന്ന ചരിത്രനിയോഗത്തിലേക്ക് കയറിയത്.
സൈനിക മേധാവിയെ മാറ്റുന്നത് സംബന്ധിച്ച് പ്രസിഡണ്ട് രാംബരൺ യാദവുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പ്രചണ്ഡ 2009 മേയ് 4-ന് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. കരസേനാ മേധാവിയും മാവോവാദി സർക്കാറും ആഴ്‌ചകളായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. ആയുധം താഴെവെച്ച മാവോവാദി അണികളെ സൈന്യത്തിലെടുക്കാനുള്ള സർക്കാർ തീരുമാനത്തെ കരസേനാമേധാവി ജനറൽ രുഗ്മാംഗദ് കട്‌വാൾ എതിർത്തു. തുടർന്ന് പ്രചണ്ഡ കട്‌വാളിനെ കരസേനാമേധാവി ജനറൽ രുഗ്മാംഗദ് കട്‌വാളിനെ പ്രചണ്ഡ പുറത്താക്കിയതോടെയാണ് നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. സ്ഥാനമൊഴിയില്ലെന്ന് കട്‌വാളും, കട്‌വാൾ തൽസ്ഥാനത്ത് തുടരണമെന്ന് പ്രസിഡന്റ് രാം ബരൺ യാദവും നിർദ്ദേശിച്ചതോടെ പ്രചണ്ഡ രാജിക്ക് സന്നദ്ധനായി.