EncyclopediaHistory

പ്രിയങ്കാ ഗാന്ധി

ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് പ്രിയങ്ക ഗാന്ധി വാദ്ര (ജനനം: ജനുവരി 12, 1972). രാജീവ് ഗാന്ധി ഫൌണ്ടേഷന്റെ ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുന്നു. രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും മകളാണ്. അതുപോലെ തന്നെ ഫിറോസ്, ഇന്ദിര ഗാന്ധി എന്നിവരുടെ കൊച്ചുമകളുമാണ്. നെഹ്റു-ഗാന്ധി കുടുംബത്തിലെ ഒരു അംഗം കൂടിയായ അവർ 2019 ജനുവരി 23 ന് ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി, റോബർട്ട് വാദ്ര
പ്രിയങ്ക ഗാന്ധി 1972 ജനുവരി 12 ന് ന്യൂഡൽഹിയിൽ രാജീവ് ഗാന്ധിയുടേയും ഇറ്റാലിയൻ വംശജയും മുൻ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന സോണിയാ ഗാന്ധിയുടേയും മകളായി ജനിച്ചു. പിതാവ് രാജീവ് ഗാന്ധി നെഹ്രു-ഗാന്ധി കുടുംബത്തിലെ ഒരംഗവും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചയാളുമായിരുന്നു. പാർലമെന്റ് അംഗവും കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അവരുടെ മൂത്ത സഹോദരനാണ്. മോഡേൺ സ്കൂളിൽ നിന്നും കോൺവെന്റ് ഓഫ് ജീസസ് ആൻഡ് മേരിയിൽ നിന്നും പ്രിയങ്ക സ്കൂൾ പഠനം നടത്തി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഡെൽഹി യൂണിവേഴ്സിറ്റിയിലെ ജീസസ് ആൻഡ് മേരി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദം നേടി. 2010 ൽ സൈക്കോളജിയിലെ പഠനം പൂർത്തിയാക്കിയ അവർ പിന്നീട് ബുദ്ധമത പഠനങ്ങളി‍ൽ എം.എ. ഡിഗ്രി ചെയ്തു.

തൊഴിൽ
സഹോദരൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും, അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ അമേതിയിലും പൊതുജനങ്ങളുമായി ഇടപെടൽ നടത്താറുണ്ട്‌.മുൻകാലങ്ങളിൽ പൊതുവേ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രമേ പ്രത്യക്ഷപെടാറുണ്ടായിരുന്നുള്ളു.

2019 ജനുവരി 23 ന്, പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിൽ ചേർന്നു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നിയമിതയായി.

ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിൽ 2004 ൽ അവർ അമ്മയുടെ കാമ്പയിൻ മാനേജറും രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികളുടെ നിരീക്ഷകയും ആയിരുന്നു.

സ്വകാര്യ ജീവിതം
ഡെൽഹിയിൽ നിന്നുള്ള ഒരു ബിസിനസുകാരനായ റോബർട്ട് വദ്രയാണ് പ്രിയങ്കയെ വിവാഹം ചെയ്തത്. 1997 ഫെബ്രുവരി 18-ന് ഒരു പരമ്പരാഗത ഹിന്ദു ചടങ്ങിൽ 10 ജനപഥിലെ ഗാന്ധി കുടുംബത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്.അവർക്ക് രണ്ടു കുട്ടികൾ ഉണ്ട്; മകൻ റായ്ഹാൻ, മകൾ മിറായ. പ്രിയങ്ക ഗാന്ധി ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരുന്നു. ബുദ്ധമത തത്ത്വചിന്ത പിന്തുടരുന്ന അവർ എസ്. എൻ. ഗോയങ്കയാൽ പഠിപ്പിക്കപ്പെട്ട വിപാസന ധ്യാന രീതിയാണ് പിന്തുടർന്നിരുന്നത്.