പ്രിയാമണി
പ്രിയാമണി എന്നപേരിലറിയപ്പെടുന്ന പ്രിയാമണി വാസുദേവ് മണി അയ്യർ (ജനനം-1984 ജൂൺ 4-ന് പാലക്കാട്) ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ്. ഒരു മുൻ മോഡൽകൂടെയായ അവർ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷാചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്. 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ചനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് പ്രിയാമണിക്കു ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളസിനിമയിലെ അഭിനയത്തിന് മികച്ചനടിക്കുള്ള ഫിലിംഫെയർ ചലച്ചിത്ര അവാർഡ് ലഭിച്ചു. പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്, ഒൺലി വിഷ്ണുവർധൻ തുടങ്ങിയ കന്നഡസിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബാംഗ്ലൂരിൽ ജനിച്ചുവളർന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവർത്തിച്ചിരുന്നു. 2002ൽ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു. പിന്നീട്, 2007ൽ തമിഴ് റൊമാന്റിക് നാടകീയചിത്രമായ പരുത്തിവീരനിലെ ഗ്രാമീണ പെൺകൊടിയായ മുത്തഴക് എന്ന കഥാപാത്രത്തിന്, വ്യാപകമായ അംഗീകാരംലഭിക്കുകയും മികച്ചനടിക്കുള്ള ദേശീയചലച്ചിത്ര അവാർഡിനോടൊപ്പം മികച്ചനടിക്കുള്ള ഫിലിംഫെയർ അവാർഡും (തമിഴ്) ലഭിച്ചു. അതേവർഷംതന്നെ എസ്. എസ്. രാജമൌലി സംവിധാനംചെയ്ത സോഷ്യോ-ഫാന്റസി ചിത്രമായ യമദോംഗയുടെ വാണിജ്യവിജയത്തോടെ തെലുങ്കു സിനിമയിൽ ചുവടുറപ്പിച്ചു. 2008ൽ മലയാളം സിനിമ തിരക്കഥയിൽ മാളവിക എന്ന കഥാപാത്രമായ ഭിനയിച്ചതിന്, പ്രിയാമണിക്കു കൂടുതൽ നിരൂപകപ്രശംസലഭിക്കുകയും മികച്ചനടിക്കുള്ള ഫിലിംഫെയർ അവാർഡ് (മലയാളം) ലഭിക്കുകയുംചെയ്തു. അടുത്തവർഷം റാം എന്ന റൊമാന്റിക് കോമഡിയിലൂടെ കന്നഡയിലെ ആദ്യവേഷമവ തരിപ്പിക്കുകയും അതൊരു വാണിജ്യവിജയമായിത്തീരുകയുംചെയ്തു. മണിരത്നത്തിന്റെ തമിഴ്-ഹിന്ദി ഐതിഹാസിക-സാഹസിക ചിത്രങ്ങളായ രാവൺ, രാവണൻ എന്നീ ചിത്രങ്ങളിലൂടെ പ്രിയമണി ഹിന്ദി ചലച്ചിത്ര രംഗത്തെത്തി. എലോൺ എന്ന തായ് ചിത്രത്തെ ആസ്പദമാക്കി 2012ൽ നിർമ്മിക്കപ്പെട്ട ചാരുലത എന്ന ബഹുഭാഷാചിത്രത്തിലെ സയാമീസ് ഇരട്ടകളെ അവതരിപ്പിച്ചതിന്, നിരൂപകപ്രശംസലഭിച്ചതോടൊപ്പം ഫിലിംഫെയറിന്റെ മികച്ചനടിക്കുള്ള മൂന്നാമത്തെ അവാർഡും നേടിയിരുന്നു. കന്നഡ / തെലുങ്ക് ത്രില്ലർ ചിത്രമായ ഇഡൊല്ലെ രാമായണ (2016) / മന ഊരി രാമായണം (2016) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ചസഹനടിക്കുള്ള ഫിലിംഫെയർ നോമിനേഷൻ ലഭിച്ചു. ഇപ്പോൾ ദക്ഷിണേന്ത്യൻ ടെലിവിഷൻഷോകളിൽ സജീവമായിരിക്കുന്ന പ്രിയാമണി, നിരവധി ഡാൻസ് – റിയാലിറ്റി ഷോകളുടെ വിധികർത്താവാണ്.