ActorsEncyclopediaFilm Spot

പൃഥ്വിരാജ്

കേരളത്തിലെ ഒരു ചലച്ചിത്രനടനാണ് പൃഥ്വിരാജ് . മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണിഗായകനും സിനിമാ നിർമ്മാതാവും സംവിധായകനുമാണ് ഇദ്ദേഹം.

2002 സെപ്റ്റംബർ 13 ന് റിലീസ് ആയ രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.

2005-ൽ കനാ കണ്ടേൻ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് തമിഴ് ചലച്ചിത്രരംഗത്തും അഭിനയിച്ചു തുടങ്ങി. 2010-ൽ പോലീസ് പോലീസ് എന്ന തെലുഗു ചിത്രത്തിൽ അഭിനയിച്ചു. 2012ൽ അയ്യ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ച് ബോളിവുഡിൽ അരങ്ങേറി.

സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവരുമായ് ചേർന്ന് ഓഗസ്റ്റ് സിനിമ എന്ന സിനിമാനിർമ്മാണ കമ്പനി നടത്തുന്നു. പൃഥ്വിരാജിന്റെ കന്നി സംവിധാനസംരംഭമായ ലൂസിഫർ എന്ന ചിത്രം 2019-ൽ പുറത്തിറങ്ങി.

ജീവിത പശ്ചാത്തലം

മലയാളചലച്ചിത്രനടൻ സുകുമാരന്റെയും നടി മല്ലികയുടെയും മകനായി 1982-ൽ ജനിച്ചു. നടൻ ഇന്ദ്രജിത്ത് ഇദ്ദേഹത്തിന്റെ സഹോദരനാണ്. തിരുവനന്തപുരം സൈനിക് സ്കൂളിലും ഭാരതീയ വിദ്യാഭവനിലും പഠനം പൂർത്തിയാക്കിയശേഷം ഓസ്ട്രേലിയയിൽ വിവര സാങ്കേതിക വിദ്യയിൽ ബിരുദ കോഴ്സിനു ചേർന്നു. പഠനം പൂർത്തികരിക്കുന്നതിനു മുൻപേ ചലച്ചിത്രവേദിയിലെത്തി. അഭിനയശൈലിയിൽ പിതാവിനെ മാതൃകയാക്കാതെ തൻറേതായ ശൈലി സ്വീകരിച്ചു. ബി.ബി.സി.യിൽ റിപ്പോർട്ടറായ സുപ്രിയയാണ്‌ ഭാര്യ. 2011 ഏപ്രിൽ 25നായിരുന്നു വിവാഹം.