Biriyani RecipesCookingEncyclopedia

ഇറച്ചി ബിരിയാണി

പാകം ചെയ്യുന്ന വിധം
നാല് മുതല്‍ ആറു വരെയുള്ള ചേരുവകള്‍ നല്ലതുപോലെ ചതച്ച് എടുക്കുക.ഏഴാമത്തെ ചേരുവ നല്ലമയത്തില്‍ അരച്ചെടുക്കുക.മല്ലിയില പുതിനയില എന്നീ ചേരുവകള്‍ ചെറുതായി മുറിച്ചെടുക്കുക.ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ പകുതി എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിയില്‍ പകുതിയിട്ട് ഇളക്കി അല്പം ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ മസാലകള്‍ ചതച്ചത് ഓരോന്നായിട്ട് തുടരെ ഇളക്കി വാസന വരുമ്പോള്‍ ഇറച്ചി ചേര്‍ത്ത് നല്ലപോലെ ഇളക്കുക.അതിനുശേഷം ഇതില്‍ തൈര്, കശ്കശ് , ഉപ്പ് എന്നിവയും അര കപ്പ്‌ വെള്ളവും ചേര്‍ത്തിളക്കി പാത്രം മൂടി ചെറുതീയില്‍ ഇറച്ചി വേവിക്കണം.ഇത് പകുതി വേവാകുമ്പോള്‍ ചെറുനാരങ്ങാനീര്, മല്ലിയില, പുതിനയില, എന്നീ ചേരുവകള്‍ ചേര്‍ക്കണം.ഇറച്ചി വെന്ത് വെള്ളം വറ്റിയാല്‍ ഇറക്കി വയ്ക്കണo.അതിനുശേഷം അരി വൃത്തിയായി കഴുകി വെള്ളം തോരാന്‍ വയ്ക്കണം.ഒരു ചീനച്ചട്ടിയില്‍ ബാക്കിയുള്ള എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ബാക്കി പകുതി ഉള്ളിയിട്ട് ബ്രൌണ്‍ നിറമാകുമ്പോള്‍ മൂപ്പിച്ച അണ്ടിപരിപ്പും ,മുന്തിരിങ്ങയും ചേര്‍ത്ത് ചുവപ്പിച്ച് കോരിയെടുക്കുക.ഈ എണ്ണയില്‍ അരിയിട്ട് തുടരെ ഇളക്കി അരി അല്പം പതവന്ന് തുടങ്ങുമ്പോള്‍ അരി വേവാനുള്ള തിളച്ച വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് മൂടണo. ചോറ് വെന്തുവെള്ളം വറ്റിയാല്‍ ഇറക്കി വയ്ക്കുക.
പിന്നീട് ഗരം മസാല കുറച്ച് വെന്ത ഇറച്ചിയില്‍ വിതറി അതിനു മീതെ മുന്നിലൊരു ഭാഗം ചോറിടുക. ചോറിനു മീതെ പനിനീരില്‍ കലക്കിയ മഞ്ഞകളര്‍ കുടഞ്ഞു അതിനു മീതെ കുറച്ച് ഗരം മസാലപ്പൊടി, മൂപ്പിച്ച ഉള്ളി, അണ്ടിപരിപ്പ്, മുന്തിരിങ്ങ എന്നിവയും ഇടണം.ബാക്കിയുള്ള ചോറ് ഇതുപോലെയിട്ട് കനമുള്ള മൂടികൊണ്ട് പാത്രമടച്ച് മീതെ കുറച്ച് തീക്കനല്‍ ഇട്ട് ചെറു തീയില്‍ 10 മിനിറ്റ് വയ്ക്കുക.ചൂടുള്ള ഓവ്നില്‍‍ അല്‍പ്പനേരം വച്ചാലും മതി ബിരിയാണി പാത്രത്തില്‍ വിളമ്പി കുറച്ചു പൊരിച്ച ഉള്ളി വിതറി ചൂടോടെ കൂട്ടി ഉപയോഗിക്കാം.

ചേരുവകള്‍

1-ഇറച്ചി വലിയ
കഷ്ണങ്ങളാക്കി മുറിച്ചത് -അര കിലോ
2-ബിരിയാണി അരി -അര കിലോ
3-സവാള കനം
കുറച്ച് മുറിച്ചത് -250 ഗ്രാം
4-വെളുത്തുള്ളി -25 ഗ്രാം
5-ഇഞ്ചി -25 ഗ്രാം
6-പച്ചമുളക് – 50 ഗ്രാം
7-കശ്കശ് -1 ടീസ്പൂണ്‍
8-തൈര് -അര കപ്പ്‌
9-മല്ലിയില -അര പിടി
10-പുതിനയില,ഉപ്പ് -ആവശ്യത്തിന്
11-ചെറുനാരങ്ങ -പകുതി
12-ഡാല്‍ഡ -125 ഗ്രാം
13-അണ്ടിപരിപ്പ് -10ഗ്രാം
14-ഉണക്കമുന്തിരി -10 ഗ്രാം
15-പനിനീര്‍ -1 ടേബിള്‍ സ്പൂണ്‍
16-മഞ്ഞ കളര്‍ -അല്പം
17-ഗരം മസാല -2 ടീസ്പൂണ്‍
18-ഉപ്പ് -പാകത്തിന്

ഗരം മസാലപ്പൊടിക്ക് വേണ്ടുന്ന സാധനങ്ങള്‍
1-പട്ട – 1ഗ്രാം
2-ഏലയ്ക്ക – കുറച്ച്
3-ഗ്രാമ്പു -കുറച്ച്
4-ജാതിക്ക -കുറച്ച്
5-പെരും ജീരകം -കാല്‍ ടീസ്പൂണ്‍
6-ജീരകം -കാല്‍ ടീസ്പൂണ്‍
7-ജാതി പത്രി -ഒരു നുള്ള്
വെയിലില്‍ ഉണക്കി ഇവയെല്ലാം ഒന്നായി ചേര്‍ത്ത് പൊടിച്ചെടുക്കുക