കൊഞ്ച്
ചെമ്മീനും ഞണ്ടും ഉൾപ്പെടുന്ന ഡികാപോഡ് കുടുംബത്തിൽപ്പെട്ട ഒരു കടൽ ജീവിയാണ് ലോബ്സ്റ്റർ. വളരെയധികം വാണിജ്യ പ്രധാന്യമുള്ള ഈ കടൽ ജീവി അമേരിക്കയിലെയും യൂറോപ്പിലെയും പഞ്ചനക്ഷത്ര റസ്റ്റാറണ്ടുകളിലെ ഏറ്റവും വിലയേറിയ ഭക്ഷണ വിഭവങ്ങളിലൊന്നാണ്. വളരെയധികം വാണിജ്യപ്രധാന്യമുള്ള ലോബ്സ്റ്റർ ആഗോളതലത്തിൽ 1.8 ബില്യൻ ഡോളറിന്റെ വാർഷിക വ്യാപാരം നടക്കുന്ന ഒരു പ്രധാന സമുദ്ര വിഭവമാണ്.
ചരിത്രം
ചരിത്രാതീത കാലം മുതൽക്ക് തന്നെ ലോബസ്റ്റർ ഒരു പ്രധാന ഭക്ഷണ വിഭവമായി മനുഷ്യർ ഉപയോഗിച്ചിരുന്നതായി ചരിത്രൽകാരന്മാർ വിലയിരുത്തിയിട്ടൂണ്ട്. പുരാതന സംസ്ക്കാരങ്ങലൂടെ അവശിഷ്ടങ്ങൾക്ക് വേണ്ടിയുള്ള പര്യവേക്ഷണങ്ങളിൽ ധാരാളമായി ലഭിച്ച ലോബ്സ്റ്റർ ഉൾപ്പെടെയുള്ള ജീവികളുടെ പുറം തോടുകളും മറ്റും ഇതിന് തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു. പുരാതന ഗ്രീസിലും റോമിലും ലോബ്സ്റ്റർ ഒരു വിശിഷ്ട ഭോജ്യമായി പരിഗണിച്ചിരുന്നു. ബ്രിട്ടീഷുകാർ പണ്ടുകാലം മുതൽക്ക് തന്നെ ലോബ്സ്റ്ററിന് തങ്ങളുടെ തീൻ മേശയിൽ ഏറ്റവും മാന്യമായ സ്ഥാനം തന്നെ നൽകിയിരുന്നു. അതേസമയം അമേരിക്കൻ കോളണികളിൽ ആദ്യകാലത്ത് ലോബ്സ്റ്ററിന് ഒരു ഭക്ഷണ വിഭവമെന്ന നിലയിൽ വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിനു ശേഷം ലോബ്സ്റ്റർ അമേരിക്കൻ ജനതയുടെ ഇഷ്ട വിഭവങ്ങളിലൊന്നായി മാറുകയുണ്ടായി. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ലോബ്സ്റ്റർ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് അമേരിക്കയുടെ സ്ഥാനം. ലാറ്റിൻ വാക്കായ ലൊക്കോസ്റ്റെ, ഇംഗ്ലീഷ് വാക്കായ ലൊപ്പൊസ്റ്റ്റെ എന്നിവയിൽ നിന്നാണ് ലോബ്സ്റ്റർ എന്ന നാമം ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു.