CountryEncyclopediaHistory

പോർച്ചുഗൽ

യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്ര തീരത്തു സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് പോർച്ചുഗൽ അഥവാ പോർത്തുഗാൽ. യൂറോപ്പിലെ ഉഷ്ണമേഖലാ രാജ്യങ്ങളിലൊന്നായ പോർച്ചുഗലിന്റെ തലസ്ഥാനം ലിസ്ബണാണ്. സ്പെയിനാണ് പോർച്ചുഗലിന്റെ ഏക അയൽരാജ്യം.
പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് സഞ്ചാരികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കപ്പൽ സഞ്ചാരം നടത്തുകയും പ്രദേശങ്ങൾ തങ്ങളുടെ അധീനതയിലാക്കുകയും ചെയ്തിരുന്നു. ലോകത്തെ ആദ്യത്തെ ആഗോളസാമ്രാജ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോർച്ചുഗീസ് സാമ്രാജ്യം അതിന്റെ പ്രതാപകാലത്ത് ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിലെ വലിയൊരു ഭൂഭാഗത്ത് ആധിപത്യം പുലർത്തിയിരുന്നു.
ഇന്നു വിനോദ സഞ്ചാരവും വീഞ്ഞുൽപാദനവും മൽസ്യബന്ധനവുമാണ് പോർച്ചുഗൽ ജനതയുടെ പ്രധാനവരുമാനമാർഗ്ഗങ്ങൾ. ലോകത്തിനാവശ്യമായ കോർക്കുകകളുടെ തൊണ്ണൂറു ശതമാനം, വിതരണം ചെയ്യുന്ന പോർച്ചുഗൽ കോർക്കുമരങ്ങളുടെ നാടുമാണ്.
ചരിത്രം
പുരാതന പോർച്ചുഗലിന്റെ ചരിത്രം സ്പെയിൻ കൂടി ഉൾപ്പെടുന്ന ഐബേറിയൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രമാണ്. ഫീനിക്സുകാരും കാർത്തേജുകാരും കെൽറ്റുകളും ഈ പ്രദേശം അധീനതയിലാക്കിയിരുന്നു. പോർച്ചുഗലിന്റെ ഏതാനും ഭാഗങ്ങൾ ലുസിറ്റാനിയ എന്ന പേരിൽ റോമാ സാമ്രാജ്യത്തിന്റെ ഭാഗവുമായിരുന്നു. എട്ടാം നൂറ്റാണ്ടിൽ വിസിഗോത്തുകളുടെ കൈകളിൽ നിന്നും മുസ്ലീങ്ങൾ ഐബേറിയയുടെ നിയന്ത്രണമേറ്റെടുത്തു. ഐബേറിയയുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ മുസ്ലീങ്ങളും ക്രൈസ്തവരും നടത്തിയ യുദ്ധങ്ങൾക്കിടയിൽ ക്രി.പി. 868-ൽ പോർച്ചുഗൽ എന്ന കൗണ്ടി സ്ഥാപിതമായി. 1139-ൽ ഊറിക്കിൽ വച്ച് മുസ്ലീങ്ങളെ സമ്പൂർണമായി പരാജയപ്പെടുത്തിയതോടെ പോർച്ചുഗൽ ഒരു സാമ്രാജ്യമായി മാറി. പോർച്ചുഗൽ എന്ന രാജ്യത്തിന്റെ ഔദ്യോഗിക രൂപവത്കരണമായി ഈ സംഭവമാണ് ഗണിക്കപ്പെടുന്നതെങ്കിലും ഇതിനു മുൻപ് 1128-ൽ തന്നെ ഇതൊരു സ്വതന്ത്ര രാജ്യമായി തീർന്നിരുന്നു. പോർച്ചുഗൽ കൗണ്ടിയുടെ ഭരണാധിപൻ അൽ‌ഫോൻസോ ഹെൻ‌റിക്സ് പ്രഭു അമ്മ തെരേസാ പ്രഭ്വിയെയും കാമുകൻ ഫെർനാവോ പെരെസ് ഡി ട്രാവയെയും പരാജയപ്പെടുത്തി പ്രദേശത്തിന്റെ സമ്പൂർണ്ണ നിയന്ത്രണം കൈക്കലാക്കിയിരുന്നു. ഏതായാലും ഊറിക്ക് യുദ്ധത്തിനുശേഷം അൽഫോൻസോ പോർച്ചുഗലിന്റെ രാജാവായി സ്വയം അവരോധിതനായി. 1179-ൽ അലക്സാണ്ടർ മൂന്നാമൻ മാർപ്പാപ്പയും അൽ‌ഫോസോയെ പോർച്ചുഗൽ രാജാവായി അംഗീകരിച്ചു. 1249-ൽ അൽഗ്രേവ് മുനമ്പും നിയന്ത്രണത്തിലാക്കി മുസ്ലീങ്ങളിൽ നിന്നും തിരിച്ചുപിടിക്കൽ പൂർത്തിയാക്കിയതോടെയാണ് പോർച്ചുഗലിന് ഇന്നത്തെ രൂപം ഏകദേശം കൈവന്നത്.1373-ൽ പോർച്ചുഗൽ ഇംഗ്ലണ്ടുമായി സഖ്യത്തിലേർപ്പെട്ടു. ഇന്നും നിലനിൽക്കുന്ന ഈ കൂട്ടുകെട്ട് ലോകചരിത്രത്തിലെ ഏറ്റവും സുദീർഘമായ രാജ്യാന്തര സഖ്യമായി കരുതപ്പെടുന്നു.പതിനാലാം നൂറ്റാണ്ടിന്റെ പകുതിയോടെ പോർച്ചുഗൽ ഭൂമുഖത്തെ വിദൂരദേശങ്ങൾ വരുതിയിലാക്കാൻ തുടങ്ങി. ഹെൻ‌റി രാജകുമാരന്റെ പിന്തുണയോടെ പോർച്ചുഗീസ് നാവികർ അതുവരെ അറിയപ്പെടാതിരുന്ന ഭൂപ്രദേശങ്ങൾ കണ്ടെത്തി. 1415-ൽ തെക്കൻ ആഫ്രിക്കയിലെ ഇസ്ലാമിക വ്യാപാരകേന്ദ്രമായിരുന്ന ക്യൂട്ട കൈവശപ്പെടുത്തിക്കൊണ്ട് പോർച്ചുഗീസ് സാമ്രാജ്യം തങ്ങളുടെ കോളനിവൽക്കരണത്തിനു തുടക്കമിട്ടു.ഇന്ത്യയും അവിടത്തെ സുഗന്ധദ്രവ്യങ്ങളും തേടിയുള്ള പോർച്ചുഗീസ് നാവികരുടെ പര്യവേഷണങ്ങൾ ഒട്ടേറെ പ്രദേശങ്ങളിൽ നിയന്ത്രണം സ്ഥാപിക്കുവാൻ സഹായകമായി. ഈ സഞ്ചാരങ്ങൾക്കിടയിൽ ആഫ്രിക്കയിലെ നിർവധി പ്രദേശങ്ങളിൽ പോർച്ചുഗീസ് കോളനികൾ നിലവിൽ വന്നു. ഏതായാലും 1498-ൽ വാസ്കോ ഡി ഗാമ ഇന്ത്യയിലെത്തിയതോടെ ദീർഘകാലത്തെ അവരുടെ അന്വേഷണം സഫലമായി. 1500ൽ ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ പെഡ്രോ അൽ‌വാരെസ് കബ്രാൾ എന്ന നാവികൻ ബ്രസീൽ കണ്ടെത്തി അത് പോർച്ചുഗലിന്റേതാക്കി. പത്തു വർഷങ്ങൾക്കു ശേഷം അൽ‌ഫോൻസോ അൽബുക്കർക്ക് ഇന്ത്യയിലെ കൊച്ചി, ഗോവ, പേർഷ്യയിലെ ഓർമുസ്, മലേഷ്യയിലെ മലാക്കാ എന്നിവിടങ്ങളിൽ പോർച്ചുഗീസ് കോളനികൾ സ്ഥാപിച്ചു. അങ്ങനെ ഇന്ത്യൻ മഹാസമുദ്രത്തിലെയും അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തെക്കൻ പ്രദേശങ്ങളിലെയും വ്യാണിജ്യ കേന്ദ്രങ്ങളിലധികവും പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായി. 1580നും 1640നുമിടയിലുള്ള കുറച്ചുകാലം പോർച്ചുഗൽ സ്പാനിഷ് നിയന്ത്രണത്തിലായിരുന്നു. പോർച്ചുഗലിന്റെ നിയുക്ത രാജാവായിരുന്ന സെബാസ്റ്റ്യൻ മൊറോക്കോയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടതോടെയാണ് ഈ സ്ഥിതിവിശേഷം സംജാതമായത്. സെബാസ്റ്റ്യന്റെ മരണശേഷം സ്പെയിനിലെ ഫിലിപ്പ് രണ്ടാമൻ രാജാവ് പോർച്ചുഗീസ് സിംഹാസനത്തിൽ അവകാശം സ്ഥാപിക്കുകയും പോർച്ചുഗലിലെ ഫിലിപ് ഒന്നാമൻ എന്ന സ്ഥാനപ്പേരു സ്വീകരിക്കുകയും ചെയ്തു. സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നു പറയാനാകില്ലെങ്കിലും ഈ കാലത്ത് പോർച്ചുഗൽ സ്പാനിഷ് നിയന്ത്രണത്തിലായി. 1640-ൽ സ്പാനിഷ് നിയന്ത്രണത്തിൽ അതൃപ്തരായ പ്രഭുക്കന്മാരുടെ പിന്തുണയോടെ ജോൺ നാലാമൻ സ്പെയിനെതിരേ ലഹളയുണ്ടാക്കി പോർച്ചുഗലിന്റെ രാജാവായി സ്വയം അവരോധിച്ചു. ബ്രാഗൻസ രാജവംശം ഇപ്രകാരമാണ് സ്ഥാപിതമായത്. 1910വരെ പോർച്ചുഗൽ ഈ രാജപരമ്പരയുടെ കീഴിലായിരുന്നു. പതിനെട്ടാം നൂറ്റാണ്ടോടെ പോർച്ചുഗീസ് സാമ്രാജ്യത്തിന് ബ്രിട്ടീഷ് ഡച്ച് സാമ്രാജ്യങ്ങളുടെ ആക്രമണം നേരിടേണ്ടിവന്നു. ഇതോടെ അവരുടെ ശിഥിലീകരണത്തിനു തുടക്കമായി. പോർച്ചുഗലിന്റെ ഏറ്റവും വലിയ കോളനിയായിരുന്ന ബ്രസീൽ 1822-ൽ സ്വതന്ത്രമായതോടെ തകർച്ചയ്ക്ക് ആക്കം കൂടി.