പോംപി ദ ഗ്രേറ്റ്
റോമിലെ ഒരു ധനികകുടുംബത്തില്‍ ബി സി 106-ലാണ് പോംപിയുടെ ജനനം. റോമന്‍ ആഭ്യന്തരയുദ്ധത്തില്‍ മാരിനസിന് എതിരെ സുല്ലയുടെ പക്ഷം ചേര്‍ന്ന് പോരാടി. സിസിലിയിലും ഉത്തര ആഫ്രിക്കയിലും പോംപി യുദ്ധവിജയം നേടിയെടുത്തു. സുല്ലയാണ് മഹാന്‍ എന്ന വിശേഷണം പോംപിക്ക് നല്‍കിയത്.
അധികം വൈകാതെ സുല്ലയുമായി തെറ്റിപിരിഞ്ഞ പോംപി സ്പെയിനില്‍ സുല്ലയുടെ സൈന്യത്തിന് എതിരെ പടനീക്കം നടത്തി.ബിസി 70-ല്‍ റോമന്‍ സെനറ്റില്‍ പോംപിക്ക് കോണ്‍സല്‍ഷിപ്പ് ലഭിച്ചു. തുടര്‍ന്ന് മെഡിറ്ററേനിയനിലെ കടല്‍ക്കൊള്ളക്കാരെ അമര്‍ച്ച ചെയ്യാന്‍ പോംപി നിയോഗിക്കപ്പെട്ടു. രണ്ട് വര്‍ഷം നീണ്ട സൈനിക നീക്കത്തിലൂടെ അദ്ദേഹം ഈ കഠിനപ്രവൃത്തിയില്‍ വിജയം നേടി.പിന്നീട് പോംപി മിത്ര ഡേയ്റ്റ്സ് രാജാവിനെ പരാജയപ്പെടുത്തുകയും റോമന്‍ പ്രവിശ്യകള്‍ വലുതാക്കുകയും ചെയ്യ്തു.
ജൂലിയസ് സീസറും ക്രസസ്സുമായി ചേര്‍ന്ന് പോംപി റോമിലെ ഭരണത്തില്‍ പിടിമുറുക്കി. ക്രാസസ്സിന്റെ മരണത്തെത്തുടര്‍ന്ന് പോംപിയും സീസറും വഴക്കിട്ട് പിരിഞ്ഞു. തുടര്‍ന്നു നടന്ന ഫാര്‍സുല യുദ്ധത്തില്‍ പോംപിയെ ജൂലിയസ് സീസറുടെ സൈന്യം പരാജയപ്പെടുത്തി.പോംപി ഈജിപ്തിലേക്ക് ഓടിപ്പോയി.
എന്നാല്‍ ഇതിനിടെ ഈജിപ്തുകാര്‍ സീസറുടെ പക്ഷം ചേര്‍ന്നിരുന്നു.ഇത് അറിയാതെയായിരുന്നു പോംപി അവിടെ അഭയം തേടിയത്. ഈജിപ്തിന്‍റെ തീരത്തേക്ക് അടുക്കാന്‍ തുടങ്ങിയ പോംപിയേയും അദ്ദേഹത്തിന്‍റെ സൈനികരെയും സ്വീകരിക്കാന്‍ ഈജിപ്തുകാര്‍ ഒരു ബോട്ട് അയച്ചിരുന്നു. ബോട്ടില്‍ നിന്നും കരയ്ക്ക് ഇറങ്ങാന്‍ തുടങ്ങിയ പോംപി വധിക്കപ്പെട്ടു.