മാതളനാരകം
ഉറുമാൻപഴം എന്നും അറിയപ്പെടുന്ന മാതളനാരകം ഭക്ഷ്യയോഗ്യമായ ഒരു പഴമുണ്ടാകുന്ന ചെടിയാണ്. റുമാൻ പഴം എന്നും പേരുണ്ട്. (ഉറു-മാമ്പഴം) മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉത്തർപ്രദേശിലും ഇത് വാണിജ്യവിളയായി കൃഷി ചെയ്തു വരുന്നു. കേരളത്തിൽ മാതളം വർഷം മുഴുവനും പൂക്കാറുണ്ടെങ്കിലും സാധാരണ വർഷകാലത്താണ് കൂടുതൽ പൂക്കുന്നത്. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം. സംസ്‌കൃതത്തിൽ ഡാഡിമം എന്നും ഹിന്ദിയിൽ അനാർ എന്നും അറിയപ്പെടുന്നു. അഫ്‌ഗാനിസ്ഥാൻ, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന മേഖലയാണ് മാതളത്തിന്റെ ജന്മസ്ഥലം. പൂണികേഷ്യേ എന്ന കുടുംബപ്പേര് പൂണികർ അഥവാ ഫിനീഷ്യരിൽ നിന്ന് ലഭിച്ചതഅണ്.മാതള നാരകം ഉത്ഭവിച്ചത് ഹിമാലയത്തിനും ഈജിപ്തിനും ഇടയിലുള്ള പ്രദേശത്താണെന്ന് കരുതപ്പെടുന്നു.ഇറാഖിലെ ഉറ് എന്ന പ്രാചീന നഗരത്തിൽ നിന്ന് വന്നതെന്ന അർത്ഥത്തിൽ ഉറു മാമ്പഴം എന്ന് വിളിക്കുന്നു. അറബിയിൽ ഇത് റുമാൻ പഴമാണ്.അക്‌ബർ ചക്രവർത്തി തൻറെ നൃത്തസദസ്സിൽ ഒരു നാടോടി നർത്തകിയെ കാണുകയും അവളെ “അനാർകലി” എന്നു വിളിക്കുകയും ചെയ്‌തു. ഹിന്ദിയിൽ അനാർകലി എന്ന പദത്തിന് മാതളപ്പൂമൊട്ട് എന്നാണർഥം. അക്കാലങ്ങളിൽ കാബൂളിൽ നിന്നും മാതളം വ്യാപാരത്തിനായി ദില്ലിയിലേക്ക് കൊണ്ടുവന്നിരുന്നു.