EncyclopediaWild Life

ധ്രുവക്കരടികള്‍

ആര്‍ട്ടിക് ധ്രുവപ്രദേശത്തെ സമുദ്രത്തിലും സമീപത്തുള്ള മഞ്ഞ് പ്രദേശങ്ങളിലെ മാളങ്ങളിലും കഴിയുന്നവരാണ് ധ്രുവക്കരടികള്‍. കാനഡയോടു ചേര്‍ന്ന് കിടക്കുന്ന ആര്‍ട്ടിക്ക് ധ്രുവപ്രദേശങ്ങളിലാണ് ഇത്തരം കരടികള്‍ കൂടുതലായി ഉള്ളത്. പഴയ സോവിയറ്റ് യൂണിയന്‍ പ്രദേശത്തും ഇവ ധരാളമായുണ്ട്. കൊടും തണുപ്പുകാലത്തും മഞ്ഞില്‍ത്തന്നെ കഴിയുന്നതിനാല്‍ ധ്രുവക്കരടി മഞ്ഞിലെ രാജാവ് ആയി വിശേഷിപ്പിക്കപ്പെടാറുണ്ട്. കരടികളില്‍ വച്ച് വലിപ്പത്തില്‍ രണ്ടാം സ്ഥാനം ധ്രുവക്കരടികള്‍ക്കാണ്.

  ഇളം മഞ്ഞയും വെളുപ്പും കലര്‍ന്ന നിറമാണ് ഇവയുടെ രോമത്തിന്, കണ്ണുകളും മൂക്കുമൊക്കെ കറുപ്പായിരിക്കും. സൈബീരിയന്‍ ചെങ്കരടികളില്‍ നിന്ന് 1,00,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിണാമം സംഭവിച്ചുണ്ടായവയാണ് ധ്രുവക്കരടികള്‍ എന്ന് കരുതപ്പെടുന്നു. ചെങ്കരടിയുടെ ബന്ധുവാണെന്ന് പറയാറുണ്ടെങ്കിലും ധ്രുവക്കരടികള്‍ ഒരു പ്രത്യേക വിഭാഗത്തില്‍ പെടുന്നവയാണ്. തലാര്‍ക്ക്ടോസ് മാരിറ്റിമസ് എന്നാണ് ശാസ്ത്രീയനാമം.

  ആണ്‍കരടികള്‍ക്ക് ആറരയടി മുതല്‍ എട്ടടി വരെ നീളം കാണും. തോള്‍ വരെയുള്ള ഉയരം അഞ്ചടി രണ്ടിഞ്ച്, 350 മുതല്‍ 650 കിലോ തൂക്കം ആണ്‍കരടികള്‍ക്കുണ്ട്. പെണ്‍കരടികള്‍ക്ക് താരതമ്യേന ഭാരം കുറവായിരിക്കും ഇവയുടെ രോമക്കുപ്പായത്തിനു തന്നെ ഏതാണ്ട് ഒരടിയോളം കനത്തില്‍ കൊഴുപ്പു പാളികളുണ്ട്, തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ഈ സംവിധാനമാണ് ധ്രുവക്കരടികളെ സഹായിക്കുന്നത്, വേനല്‍ക്കാലത്ത് താപനില അനുയോജ്യമായി ക്രമീകരിക്കാനും ഇതുപകരിക്കുന്നു. രോമകൂപങ്ങളിലൂടെ സൂര്യപ്രകാശം ഉള്ളിലേക്കിറങ്ങി തൊലിയുടെ കീഴേയുള്ള ഭാഗത്തൊക്കെ ചൂട് നല്‍കാറുണ്ട്, എണ്ണമയമുള്ള രോമാങ്ങളാണ് ഇവയുടെത്. അതുകൊണ്ട് വെള്ളത്തില്‍ നിന്നും കരയിലേക്ക് കയറി വരുന്ന കരടികളുടെ പുറമേയുള്ള നീണ്ട രോമങ്ങള്‍ മാത്രമേ നനയാറുള്ളൂ. വെളുത്തരോമപ്പുതപ്പിനടിയില്‍ ധ്രുവക്കരടികള്‍ക്ക് കറുപ്പ് നിറമുള്ള ശരീരമാണുള്ളത്.

   ഒന്നാന്തരം നീന്തല്‍ വിദഗ്ധരാണ് ധ്രുവക്കരടികള്‍. കണ്ണുകള്‍ തുറന്നു പിടിച്ച്, നാസാരന്ധ്രങ്ങള്‍ അടച്ച് ചെവികള്‍ തലയിലേയ്ക്ക് മടക്കി വച്ചാണ് ഇവ നീന്തുന്നത്. ഇവയുടെ കാലുകള്‍ അല്‍പ്പം പുറത്തേക്ക് വളഞ്ഞാണിരിക്കുന്നത്. പാദങ്ങള്‍ ഉള്ളിലേക്ക് തിരിഞ്ഞും. എഴുന്നേറ്റു കാലുകള്‍ ഇരുവശത്തേക്കും ചലിപ്പിച്ചുകൊണ്ടായിരിക്കും ഇവ വേഗത്തില്‍ മുന്നോട്ട് നീങ്ങുന്നത്. 12 മുതല്‍ 18 മൈല്‍ ദൂരം വരെ ഒരു മണിക്കൂറില്‍ ഇവയ്ക്ക് നടക്കാന്‍ കഴിയും. എന്നാല്‍  തുന്ദ്രാ പ്രദേശത്തു കൂടെ ഇവയ്ക്ക് മണിക്കൂറില്‍ 35 മൈല്‍ ഓടാന്‍ കഴിയുമെന്നു പറയുന്നുണ്ട്. കടലില്‍ നീന്തുമ്പോള്‍ കാലുകള്‍ തുഴകള്‍പോലെ ചലിപ്പിച്ച് മുന്നോട്ടു പോകും. ശ്വാസo പിടിച്ചുകൊണ്ട് ഒരു മിനിട്ടിലധികം സമയം ഇവയ്ക്ക് വെള്ളത്തിനടിയില്‍ പറ്റും മുപ്പതു കിലോമീറ്ററില്‍ അധികം ദൂരം ഇവയ്ക്ക് നീന്താന്‍ കഴിയും, മണിക്കൂറില്‍ 5 മുതല്‍ 6 വരെ മൈലുകള്‍ ഇവ നീന്താറുണ്ട്. മഞ്ഞില്‍ തെന്നി വീഴാതെ നടക്കാന്‍ സാധിക്കുന്ന പരുപരുത്തതും വീതിയേറിയതുമായ കാല്‍പാദങ്ങളാണ് ഇത്തരം കരടികളുടെത്, വിരലുകള്‍ക്കിടയില്‍നിന്ന് നീണ്ടു കിടക്കുന്ന കട്ടിയേറിയ രോമങ്ങള്‍ കാല്‍പ്പാദങ്ങളെ തണുപ്പില്‍ നിന്നും രക്ഷിക്കുന്നു.

  മറ്റു പല കരടികളെയുമപയോഗിച്ച് മാംസഭക്ഷണത്തോട് കൂടുതല്‍ താല്പര്യം കാട്ടുന്നവരാണ് ധ്രുവക്കരടികള്‍, മത്സ്യങ്ങളും സസ്തനികളും പക്ഷികളും മുട്ടകളുമൊക്കെ ഇവയുടെ ആഹാര വസ്തുക്കളാണ്. ഇതൊന്നും കിട്ടിയില്ലെങ്കില്‍ പുല്ലും വളരെ ചെറിയ സസ്യങ്ങളും കഴിച്ചു ജീവിക്കാനും ഇവര്‍ തയ്യാറാണ്. കടലിലെ സീലുകളുടെ തൊലിക്കു താഴെയുള്ള ബ്ലബര്‍ എന്ന കൊഴുപ്പുപാളികളാണ് ധ്രുവക്കരടികളുടെ പ്രിയപ്പെട്ട ഭക്ഷണം.

  ഏതെങ്കിലും ജീവികളുടെ മൃതശരീരമോ മറ്റോ കണ്ടെത്തിയാല്‍ ഒന്നിലധികം മുതിര്‍ന്ന കരടികള്‍ അതിനു ചുറ്റും കൂടും പലപ്പോഴും അതൊരു വഴക്കിലാവും കലാശിക്കുക. ആ കൂട്ടത്തിലെ ശക്തനായ കരടി മറ്റുള്ളവയെ തുരത്തിയോടിക്കുകയാണ് പതിവ്.

  മഞ്ഞിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന വെളുപ്പിനിടയില്‍ ശരീരത്തിന്റെ വെളുത്തനിറം ധ്രുവക്കരടികള്‍ക്ക് ഇരയെ പിടിക്കാന്‍ഏറെ സഹായകമാണ്.ഇര കാണാതെ തൊട്ടടുത്തു വരെ ചെല്ലാന്‍ ഇവയ്ക്ക് കഴിയും. അടുത്തെത്തിയാല്‍ ഒരൊറ്റക്കുതിപ്പിന് ഇര പിടിച്ചിരിക്കും.

  മഞ്ഞ് പ്രദേശത്തെ റെയ്ന്‍ഡീറുകളെപ്പോലും ഇവര്‍ കീഴ്പ്പെടുത്താറുണ്ട്. ഇഷ്ടഭോജ്യമായ സീലുകളെ പിടിക്കും. ഇതിനായി എത്രനേരം കാത്തിരിക്കുന്നത്തിനും ഇവയ്ക്ക് മടിയില്ല. മാംസഭക്ഷണത്തെ ദഹിപ്പിക്കാന്‍ വേണ്ട എന്‍സൈമുകളും ബാക്ടീരിയകളും ഇവയുടെ ദഹനവ്യൂഹത്തിലുണ്ട്. ഒറ്റയടിക്ക് ഏതാണ്ട് എഴുപത് കിലോ ഭക്ഷണം വയറ്റിലാക്കാന്‍ ധ്രുവക്കരടികള്‍ക്കാവും. ഭക്ഷണം വയറ്റിലാക്കാന്‍ ധ്രുവക്കരടികള്‍ക്കാവും ഭക്ഷണം കഴിച്ചതിനു ശേഷം കൈ കാലുകള്‍വൃത്തിയായി കഴുകുന്ന പതിവും ഇവയ്ക്കുണ്ട്, ഭക്ഷണത്തോടൊപ്പം വെള്ളവും ആവശ്യത്തിനു ഇവ കഴിക്കും.

  ശരീരത്തിലെ ഊഷ്മാവ് ഉയരുന്നതിനനുസരിച്ച് ധ്രുവക്കരടികള്‍ക്ക് പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെ വരുമ്പോള്‍ കടല്‍ തീരത്ത് കുഴികളുണ്ടാക്കി അതിനുള്ളില്‍ കയറിയിരുന്നു ആശ്വസിക്കാറുണ്ട്. ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി പതിനഞ്ചടി വരെ താഴ്ചയുള്ള മഞ്ഞുതുരങ്കങ്ങള്‍ ധ്രുവക്കരടികള്‍ നിര്‍മ്മിച്ചിരുന്നു. ചൂടില്‍ നിന്നും രക്ഷപ്പെടാനും ശരീരത്തിനു വേണ്ട ഊര്‍ജ്ജം സംഭരിക്കുവാനുമായി ഇവ നീണ്ട ഉറക്കത്തിലേര്‍പ്പെടാറുണ്ട്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് ധ്രുവക്കരടികളുടെ നീണ്ട ഉറക്കം.

  അമ്മക്കരടികള്‍ കുഞ്ഞുങ്ങളുണ്ടാകാറാകുമ്പോള്‍ ഇത്തരമൊരു മാളത്തിലാണ് വിശ്രമിക്കുന്നത്. രണ്ടു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും ഉയരവുമുള്ള മാളങ്ങളാണ് സാധാരണയായി നിര്‍മ്മിക്കുന്നത്, ഈ സമയത്ത് പെണ്‍കരടികളുടെ ശരീരത്തിലെ ചൂട് 5 ഡിഗ്രി സെല്‍ഷ്യസാണ്. പ്രത്യേകിച്ച് ഭക്ഷണമൊന്നും കഴിക്കാറില്ല. ശരീരത്തില്‍ സൂക്ഷിച്ചിരിക്കുന്ന കൊഴുപ്പിനെ ആശ്രയിച്ചാണിവ കഴിയുന്നത്.

  ഡിസംബര്‍-ജനുവരി മാസങ്ങളിലാണ് കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നത്. രണ്ടു കുഞ്ഞുങ്ങള്‍ ആണ് ഒരു തവണ ജനിക്കുന്നത്. അടഞ്ഞ കണ്ണുകളോടെ നേര്‍ത്ത രോമങ്ങളുള്ള കുഞ്ഞുങ്ങള്‍ക്ക് മുപ്പത് സെന്റിമീറ്റര്‍ നീളവും 600 മുതല്‍ 800 വരെ തൂക്കവും കാണും. തള്ളക്കരടി ഇവയെ നക്കിത്തുടച്ച് വൃത്തിയാക്കും. കരടിക്കുഞ്ഞുങ്ങള്‍ പാല്‍ കുടിച്ചും ഉറങ്ങിയും തള്ളയോടൊപ്പം കഴിയുന്നു. നാലുമാസം പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ സ്വയം നടക്കാനും മഞ്ഞിലൊക്കെ ഉരുണ്ടു കളിക്കാനും പഠിക്കുന്നു. 15 കിലോ തൂക്കം വരെ അപ്പോള്‍ അവയ്ക്കുണ്ട്. രണ്ടു വര്‍ഷം വരെ തള്ളക്കരടിയോടൊപ്പം കഴിഞ്ഞതിനു ശേഷമാണ് സ്വതന്ത്രമായി ഒറ്റയ്ക്ക് കഴിയാന്‍ കുഞ്ഞുങ്ങള്‍ തയ്യാറാകുന്നത്.

  സാധാരണ അവസരങ്ങളില്‍ ധ്രുവക്കരടികളുടെ പെരുമാറ്റ രീതികളും മറ്റും അതീവ രസകരമാണ്. രണ്ടു ധ്രുവക്കരടികള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ അതിലെ പൊക്കം കുറഞ്ഞ കരടി അല്‍പ്പം താഴ്ന്നു നില്‍ക്കും. ഇരുവര്‍ക്കും പരിചിതമായ ഗന്ധമാണ് ലഭിക്കുന്നതെങ്കില്‍ അടുത്തുവന്നു ദേഹത്ത് തൊട്ട് പരസ്പരം മൂക്കുകള്‍ കൂട്ടി മുട്ടിച്ച് കൂട്ടുകൂടും.