EncyclopediaGeneralVegetables

കുരുമുളക്

കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക്‌ സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. (ശാസ്ത്രീയനാമം: Piper nigrum).ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്. തെക്കേ ഇന്ത്യയിലെ വനങ്ങളിൽ നിന്നാണ് കുരുമുളക് വള്ളി ചെടി ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.കേരളത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചത് ഈ കുരുമുളകാണ്‌. ഇംഗ്ലീഷിൽ Black pepper എന്ന പേരുണ്ടായത് സംസ്കൃതത്തിലെ‍ പിപ്പലിയിൽ നിന്നുമാണ്. ഗ്രീക്ക് ഭാഷയിൽ പെപ്പറിയും, ലാറ്റിൻ ഭാഷയിൽ പിപർ എന്നും, ജർമൻ ഭാഷയിൽ ഫെഫ്ഫര് എന്ന പേരിലും അറിയപ്പെടുന്നു, തീരെ അപ്രധാനമായ ഒരു ഭൂവിഭാഗമായ കേരളത്തെത്തേടി അതിപ്രാചീനമായ കാലത്ത്‌ തന്നെ യവനരും റോമാക്കാരും തേടി എത്തിയതും പിന്നീട്‌ അവർ വന്ന വഴിതേടി യൂറോപ്പിലെ നിരവധിരാജ്യക്കാരും കേരളത്തിലെത്തിയതും കേരളത്തിൽ എന്നു തന്നെയല്ല ഇന്ത്യ മൊത്തം അടക്കിഭരിച്ചതും, കുരുമുളകിന്റെ യഥാർത്ഥ ഉറവിടം മലബാർ തീരം ആണെന്നുള്ള അറിവ് പാശ്ചാത്യർക്ക് മാർക്കോ പോളോ എന്ന സഞ്ചാരിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നും ലഭിച്ചത് മൂലമായിരുന്നു. ഇന്ന് കുരുമുളക്‌ ഉപയോഗിച്ച്‌ സ്പ്രേ വരെ ഉണ്ടാക്കുന്നു. ഭൂമധ്യരേഖക്കടുത്തുള്ള ഉഷ്ണരാജ്യങ്ങളിലാണ്‌ കുരുമുളക്‌ വളരുന്നത്‌. വള്ളിച്ചെടിപോലെ പടർന്നു കയറുന്ന ഇനമാണ്‌ ഇതിൽ പ്രധാനം. പച്ചക്കുരുമുളക്‌ കുലകളിലായി ഉണ്ടാകുകയും അത്‌ ഉണക്കി കറുത്ത കുരുമുളകും തൊലി കളഞ്ഞ്‌ വെള്ളക്കുരുമുളകും ഉണ്ടാക്കുന്നു. ഔഷധഗുണമേറെയുള്ള കുരുമുളക്‌ മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വയറുസംബന്ധമായ വിവിധ അസുഖങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നുണ്ട്‌.ചരിത്രാതീതകാലം മുതൽക്കേ കേരളത്തിൽ കുരുമുളക്‌ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. റോമക്കാരും യവനരും പേർഷ്യക്കാരും കുരുമുളക്‌ സുഗന്ധദ്രവ്യമായി ഉപയോഗിക്കാൻ തുടങ്ങിയത്‌ ക്രിസ്തുവിനു ഏകദേശം മൂവായിരം വർഷം മുന്നേ ആയിരിക്കണം എന്ന് കരുതുന്നു. ആദ്യകാലങ്ങളിൽ ഒരു ഔഷധമായി ഉപയോഗിച്ചിരിക്കാമായിരുന്ന ഇത്‌ പിന്നീട്‌ ദൈനംദിന ഭക്ഷണങ്ങളിലും ഉൾപ്പെടുത്താൻ തുടങ്ങിയിരിക്കണം. റോമാസാമ്രാജ്യകാലത്ത് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന വിഭവങ്ങളിൽ ഏറ്റവും വിലപിടിച്ചതായിരുന്നു കുരുമുളക് ‌. ഇന്ന് ഭാരതത്തിൽ മാത്രമല്ല മലേഷ്യ, തായ്‌ലാന്റ്, ഐവറി കോസ്റ്റ്, ജമൈക്ക, ട്രോപ്പിക്കാനാ, ബ്രസീൽ, ശ്രീലങ്ക, വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങളിൽ കുരുമുളക് കൃഷി ചെയ്യുന്നു. എന്നിരുന്നാൽക്കൂടി ലോകത്തിന്റെ ആവശ്യകതയുടെ 50% നൽകപ്പെടുന്നത് ഭാരതം ആണ്.