EncyclopediaWild Life

മയിൽ

ജന്തുവിഭാഗത്തിൽ പക്ഷിജാതിയിൽ കോഴികളുടെ കുടുംബത്തിലെ പക്ഷിയാണ് മയിൽ (ഇംഗ്ലീഷ്: Peafowl). പൊതുവെ മയിൽ എന്നുപറയുമ്പോൾ ആൺ മയിലിനെയാണ് കണക്കാക്കുക. ആൺമയിലിനും (peacock) പെൺമയിലിനും (peahen) രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാൽ പെൺ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ ഇന്ത്യയിലും (എഷ്യൻ) ആഫ്രിക്കയിലുമാണ് കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ. സൂക്ഷ്മമായ കേൾവിശക്തിയും കാഴ്ചശക്തിയും ഇവക്കുണ്ട്. ശത്രുക്കളുടെ ആഗമനം വളരെപ്പെട്ടെന്ന് തിരിച്ചറിയാൻ ഇതിനാകും.

തരംതിരിക്കൽ
ഇന്ത്യൻ മയിൽ (പാവോ ക്രിസ്റ്റാറ്റസ്-ഏഷ്യൻ)
പച്ച മയിൽ (പാവോ മുറ്റികസ്-ഏഷ്യൻ)

കോംഗോ മയിൽ (ആഫ്രോപാവോ കൊൺ ജെൻസിസ്-ആഫ്രിക്കൻ)
ഏഷ്യൻ ഇനമായ ഇന്ത്യൻ മയിലിനെ നീലമയിൽ എന്നും വിളിക്കാറുണ്ട്. ഇന്ത്യയിൽ മിക്കയിടത്തും ഇവയെ കണ്ടുവരുന്നു. മയിൽ ഇന്ത്യയുടെ ദേശീയ പക്ഷിയാണ്. മറ്റൊരു അപൂർവ ഏഷ്യൻ ഇനമായ പച്ചമയിൽ അഥവാ ഡ്രാഗൺപക്ഷി ഇന്ത്യയിലെ ആസ്സാമിലും ഇന്തോനേഷ്യയിലെ ജാവദ്വീപിലും മ്യാൻമറിലും കാണുന്നുണ്ട്. വംശനാശഭീഷണി കാരണം ഇതിനെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. കോംഗോ മയിൽ മധ്യ ആഫ്രിക്കയിൽ ആണ് കണ്ടുവരുന്നത്.
ആഹാരം
മയിലുകൾ മിശ്രഭുക്കുകളാണ്. ഇലകൾ,ചെടികളുടെ ഭാഗങ്ങൾ, പുഷ്പദളങ്ങൾ, വിത്തുകൾ, പ്രാണികൾ, ഉരഗങ്ങൾ മുതലായവയാണ് ഭക്ഷണം. ചിലപ്പോൾ ചെറിയ പാമ്പുകളെപ്പോലും ഇവ ഭക്ഷണമാക്കാറുണ്ട്. രാവിലെയും വൈകുന്നേരവുമാണ്‌ പ്രധാന ഇരതേടൽ. ഉച്ചയ്ക്കും രാത്രിയും മരപൊത്തുകളിൽ വിശ്രമിക്കുകയാൺ പതിവ്.
തൂവലുകൾ (മയിൽപ്പീലി)
ആൺ മയിലിന് നീലയും പച്ചയും കലർന്ന നീളൻപീലികൾ ആണ് ഉള്ളത് ,ഇവ വാലായിട്ടാ‍ണ് കാണപ്പെടുന്നത്. ഇവ പീലികൾ നിവർത്തി ആ‍ടാറുണ്ട്. ഇത് കാഴ്ചക്കാർക്ക് വളരെ മനോഹരമായ ഒരു കാഴ്ചയാണ്. ഇവയ്ക്ക് തലയിൽ പൂവും ഉണ്ട്. പെൺ മയിലുകളുടെ തൂവലുകൾ ഇരുണ്ട പച്ച,തവിട്ട്,ചാരനിറത്തിൽ ഇടകലർന്ന് കാണപ്പെടുന്നു. ആൺ മയിലിനെ പോലെ പെൺ മയിലിന് നീളമുള്ള വാൽ ഇല്ല.

ഒരു മയിലിൽ നിന്ന് ശരാശരി 200 പീലികൾ ലഭിക്കുന്നു. ഇന്ത്യയിൽ മയിലിനെ കൊല്ലുന്നതും പീലി ശരീരത്തിൽ അണിയുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. കൊഴിഞ്ഞു വീഴുന്ന പീലികൾ കൈവശം വയ്ക്കാൻ മാത്രമാണ് അനുമതിയുള്ളത്. എന്നാൽ കൊഴിയുന്ന പീലിയുടെ മുകളിലൂടെ മയിലുകൾ സഞ്ചരിച്ച് അവ കേടുപാടുള്ളതാകുകയും ഒടിയുകയും ചെയ്യും.