EncyclopediaHistoryIndiaKerala

സമാധാന ഉടമ്പടി

പോര്‍ച്ചുഗീസുകാരുമായി നിരന്തരം നടന്നുകൊണ്ടിരുന്ന യുദ്ധം സാമൂതിരിയുടെ ഖജനാവ് ശരിക്കും കാലിയാക്കി. ഉള്‍നാടുകളില്‍ നിന്നുള്ള ചരക്കുകള്‍ കോഴിക്കോട്ട് എത്തിയിരുന്നില്ല. മറ്റു തുറമുഖങ്ങള്‍ വഴി രഹസ്യമായിട്ടാണ്‌ അവയുടെ വ്യാപാരം നടത്തിയിരുന്നത്. ഇറക്കുമതിയും ഗണ്യമായി കുറഞ്ഞു. കൊള്ളയടിക്കപ്പെടും എന്ന ഭയം മൂലം കപ്പലുകള്‍ ഒന്നും കോഴിക്കോട്ട് എത്താതായി ചുങ്കം വകയില്‍ ലഭിച്ചിരുന്ന ഭീമമായ സംഖ്യയും നഷ്ടപ്പെട്ടു കൊണ്ടിരുന്നു.

  ഇതിനൊക്കെ പുറമേയായിരുന്നു യുദ്ധച്ചെലവ്, ഇതിനായി വന്‍തുക കണ്ടെത്തേണ്ടിയിരുന്നു. ഇക്കാര്യങ്ങള്‍ക്കൊക്കെ പരിഹാരമുണ്ടാകണമെങ്കില്‍ നാട്ടില്‍ സമാധാനമുണ്ടായേ തീരൂ എന്നദ്ദേഹത്തിന് മനസ്സിലായി. പോര്‍ച്ചുഗീസുകാരുമായി സമാധാന ഉടമ്പടി ഉണ്ടാക്കിയാലേ ഇത് സാധ്യമാകൂ. ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാനായി കുഞ്ഞാലി മരയ്ക്കാരുടെ ബന്ധുവായ കുട്ട്യാലി മരയ്ക്കാരെ സാമൂതിരി ഗോവയിലേക്കയച്ചു. ചര്‍ച്ചയ്ക്കുശേഷം 1540 ജനുവരി ഒന്നിന്’ സാമൂതിരി പോര്‍ച്ചുഗീസുകാരുമായി സമാധാന ഉടമ്പടി ഒപ്പിട്ടു.