പല്ലുവേദനച്ചെടി
കേരളത്തിൽ വയലുകളിലും ചതുപ്പ് പ്രദേശങ്ങളിലും കണ്ടുവരുന്ന ഔഷധയോഗ്യമായ സസ്യമാണ് പല്ലുവേദനച്ചെടി. ഇതിന്റെ ശാസ്ത്രീയനാമം Acmella oleracea എന്നാണ്. ഇതിന് അക്രാവ്, അക്കിക്കറുകഎന്നും നാടൻ പേരുകളുണ്ട്. കമ്മലിന്റേയും മൂക്കുത്തിയുടേയും ആകൃതിയോട് സാമ്യമുള്ളതിനാൽ ഈ ചെടി കമ്മൽച്ചെടി, മുക്കുത്തിച്ചെടി എന്നും വിളിക്കപ്പെടുന്നു. അക്മെല്ല ഒലറേസിയയിൽ നിന്ന് വേർതിരിച്ചെടുത്ത ഫാറ്റി ആസിഡ് അമൈഡാണ് സ്പിലാന്തോൾ.ചെടിയുടെ ലോക്കൽ അനസ്തെറ്റിക് ഗുണങ്ങൾക്ക് ഇത് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ഇതിനെ സ്പൈലന്തസ് പ്ലാന്റ് Spilanthes acmella (Toothache Plant, Paracress) എന്നും വിളിക്കുന്നു.പല്ലുവേദന വരുമ്പോൾ ഇതിന്റെ പൂവെടുത്ത് ചവച്ചുപിടിച്ചാൽ വേദനയ്ക്ക് ശമനം ലഭിക്കുന്നതുകൊണ്ടാണിതിനെ പല്ലുവേദനചെടിയെന്ന് വിളിക്കുന്നത്. ഇതിന്റെ പൂവ് നാക്കിൽ വെച്ചിരുന്നാൽ ചെറിയ തരിപ്പും അനുഭവപ്പെടാറുണ്ട്.