പി.ജെ. ആന്റണി
മലയാളചലച്ചിത്ര – നാടക രംഗത്തെ ഒരു അതുല്യ നടൻ ആയിരുന്നു പി.ജെ. ആന്റണി. 1973-ൽ രാഷ്ട്രപതിയുടെ സ്വർണ്ണമെഡലിന് അർഹമായ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ഭരത് അവാർഡുനേടിയ പി. ജെ. ആന്റണി അഭിനയ രംഗത്ത് തന്റേതായ സവിശേഷ വ്യക്തിത്വം പുലർത്തിയിരുന്ന ഒരു മഹാ പ്രതിഭയായിരുന്നു.
ജീവിതരേഖ
1925 ൽ ആലുവയിൽ ജനിച്ചു. ചെറുപ്പകാലത്തുതന്നെ കമ്യൂണിസ്റ്റുകാരനായ ഇദ്ദേഹം നല്ല നാടകങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടി പി.ജെ. തീയറ്റേർസ് എന്ന നാടക കമ്പനി രൂപവത്കരിച്ചു. മലയാളസാഹിത്യ – നാടക രംഗങ്ങളിൽ നിലനിന്നിരുന്ന പതിവ് മാമൂൽ സങ്കല്പങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മലയാള നാടകവേദിയിൽ പുതിയ രൂപവും ഭാവവും ശൈലിയും നൽകുന്നതിൽ ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. രണ്ടിടങ്ങഴി എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് സജീവമായ ഇദ്ദേഹം, പെരിയാർ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രസംവിധായകനുമായി. നല്ല അഭിനയത്തിനുള്ള ഫിലിം ഫാൻസ് അസ്സൊസിയേഷന്റെ അഞ്ച് അവാർഡുകൾ പി. ജെ. ആന്റണിക്ക് ലഭിച്ചിട്ടുണ്ട്.