ഓക്സിജൻ
മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ പ്രാണൻ നിലനിർത്തുന്നതിന് അത്യാവശ്യമായ ഒരു വാതക മൂലകമാണ് ഓക്സിജൻ (Oxygen). ശ്വസിക്കുന്ന വായുവിലെ ഓക്സിജനുപയോഗിച്ചാണ് ജന്തുകോശങ്ങൾ ശരീരപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത്. ഈ കാരണത്താൽ ഇതു പ്രാണവായു എന്ന പേരിലും അറിയപ്പെടുന്നു. ഇന്ധനങ്ങളെ കത്താൻ സഹായിക്കുന്ന മൂലകം കൂടിയാണ് ഓക്സിജൻ. ഓക്സിജനുമായി സംയോജിക്കുന്ന പ്രക്രിയയാണ് ജ്വലനം.മറ്റു മൂലകങ്ങളുമായി അയോണികമോ സഹസംയോജകമോ ആയ ബന്ധത്തിൽ സംയുക്തരൂപത്തിലാണ് ഓക്സിജൻ ഭൂമിയിൽ കാണപ്പെടുന്നത്. അന്തരീക്ഷവായുവിൽ നൈട്രജനുശേഷം കൂടുതലുള്ള രണ്ടാമത്തെ മൂലകമാണ് ഓക്സിജൻ.250 കോടി വർഷങ്ങൾക്കു മുൻപുമുതൽ 160 കോടി വർഷങ്ങൾ മുൻപുവരെയുള്ള കാലഘട്ടമായ പാലിയോപ്രോട്ടെറോസോയിക് യുഗത്തിലാണ് (Paleoproterozoic era) ഓക്സിജൻ സ്വതന്ത്രരൂപത്തിൽ ഭൂമിയിൽ ധാരാളമായി കാണപ്പെട്ടു തുടങ്ങിയത്. പരിണാമത്തിന്റെ ആദ്യഘട്ടങ്ങളിലെ അനേറോബിക് ജീവികളുടെ (Anaerobic organism) പ്രവർത്തനമാണ് ഇതിനു കാരണം. (ഇത്തരം ജീവികൾക്ക് ജീവിക്കാൻ ഓക്സിജൻ ആവശ്യമല്ലെന്നു മാത്രമല്ല, അവ ഓക്സിജനെ പുറത്തു വിടുകയും ചെയ്യുന്നു). അന്നു മുതലുള്ളതും ഇടക്ക് വംശനാശം വന്നതുമായ പലതരം ജീവജാലങ്ങളുടെയും പ്രവർത്തനമാണ് (ഉദാഹരണം: സസ്യങ്ങളിലെ പ്രകാശസംശ്ലേഷണം (photosynthesis)) അന്തരീക്ഷത്തിൽ ഓക്സിജൻ സുലഭമാവാനുള്ള കാരണം. സമുദ്രത്തിലെ ആൽഗകളാണ്, ഭൂമിയിലെ സ്വതന്ത്രരൂപത്തിലുള്ള ഓക്സിജന്റെ നാലിൽ മൂന്നു ഭാഗവും ഉണ്ടാക്കിയിരിക്കുന്നത്. ബാക്കി നാലിലൊന്ന് ഭൌമോപരിതലത്തിലുള്ള വൃക്ഷലതാദികളുടെ പ്രവർത്തനം മൂലവും.