EncyclopediaGeneralTrees

ഒതളം

അപ്പോസൈനേസി സസ്യകുടുംബത്തിൽ പെടുന്ന അധികം വലിപ്പമില്ലാത്ത ഒരിനം വൃക്ഷമാണ് ഒതളം. ശാസ്ത്രനാമം സെർബെറാ ഒഡോളം (Cerbera odollum). ചതുപ്പുനിലങ്ങളിലും കായലോരങ്ങളിലും മറ്റു ജലാശയതീരങ്ങളിലും വളരുന്ന ഈ വൃക്ഷം ഇന്ത്യ, ശ്രീലങ്ക, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സാധാരണയായി കണ്ടുവരുന്നു. ഒതളത്തിന്റെ വിത്ത്, പട്ട, ഇല, കറ എന്നിവ കടുത്ത വിഷമാണ്. ഇലയും പാലുപോലുള്ള കറയും ഛർദ്ദിയുണ്ടാക്കുന്നതും വിരേചകവുമാണ്. ഒതളങ്ങയിൽ നിന്നും സെറിബെറിൻ (cereberin), ഒഡോളിൻ (odollin) തുടങ്ങിയ പദാർഥങ്ങൾ വേർതിർച്ചെടുത്തിട്ടുണ്ട്. ഈ വസ്തുക്കളാണ് ഇതിലെ വിഷാംശത്തിനു നിദാനം. മഞ്ഞരളിയിൽ ധാരാളമുള്ള തെവറ്റിൻ (thevetin) എന്ന വിഷവസ്തു ഒതളങ്ങയിലും അടങ്ങിയിട്ടുണ്ട്. ലിനോലിയിക് അമ്ലം (16.4%), പാൽമിറ്റിക് അമ്ലം (30%) എന്നിവയും ഒതളങ്ങയിൽ അടങ്ങിയിട്ടുണ്ട്. കായ തിന്നാൽ തുടർച്ചയായ ഛർദിയും ശരീരത്തിനു ബലക്ഷയവും അനുഭവപ്പെടുന്നു. പലപ്പോഴും മരണവും സംഭവിക്കാറുണ്ട്. മീൻ പിടിക്കാനുള്ള വിഷമായും ഒതളങ്ങ ഉപയോഗിക്കുന്നു. അഭിപ്രായസ്ഥിരതയില്ലാത്തവരെ സൂചിപ്പിക്കുന്നതിന് വെള്ളത്തിൽ ഒതളങ്ങാ പോലെ എന്നൊരു ഭാഷാശൈലി പ്രചാരത്തിലുണ്ട്.