ഒട്ടകപ്പക്ഷി
ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ പക്ഷിയാണ് ഒട്ടകപ്പക്ഷി. ആംഗലേയത്തിൽ ഇതിനെ ഓസ്‌റ്റ്രിച്ച് (ഇംഗ്ലീഷ്: Ostrich) എന്നറിയപ്പെടുന്നു .
പ്രത്യേകതകൾ
ഇന്ന് ജിവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷിയാണു ഒട്ടകപ്പക്ഷി. പൂർണ്ണവളർച്ചയെത്തിയ ഒട്ടകപ്പക്ഷിക്ക് 2 മീറ്ററിലേറെ ഉയരവും 93 മുതൽ 130 കിലോഗ്രാമിലേറെ ഭാരവുമുണ്ടാകും. ഇവയുടെ 2 വിരലുകൾ മാത്രമുള്ള കാലിൽ രോമങ്ങളുണ്ടാകാറില്ല. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ ഒട്ടകപ്പക്ഷിക്ക് ഓടാൻ കഴിയും എന്നാൽ ചിറകുകളുണ്ടെങ്കിൽക്കൂടിയും പറക്കുവാനുള്ള കഴിവില്ല. റാറ്റൈറ്റ് വിഭാഗത്തിൽ പെടുന്ന ഒട്ടകപ്പക്ഷി, എമു, റിയ, കിവി തുടങ്ങിയ പക്ഷികൾക്കൊന്നും പറക്കാൻ കഴിയില്ല. ഒട്ടകപ്പക്ഷിക്കു ദൂരക്കാഴ്ച അപാരമാണു. ഒട്ടകപ്പക്ഷികളുടെ ശരാശരി ആയുസ്സ് 75 വർഷമാണ്. കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലിയ കണ്ണുള്ളത് ഒട്ടകപ്പക്ഷിക്കാണ്.
ഭക്ഷണം
ഇല വർഗ്ഗങ്ങൾ പുഴുക്കൾ എന്നിവയാണു പ്രകൃതിദത്തമായ ഭക്ഷണങ്ങൾ.
ഒട്ടകപ്പക്ഷിയും മുട്ടയും
ഇന്ന് ജിവിചിരികുന്ന പക്ഷികളിൽ ഏറ്റവും വലിപ്പമുള്ള മുട്ടയാണ് ഒട്ടകപ്പക്ഷിയുടേത്. . ഏകദേശം ഒന്നര കിലോഗ്രാം ഭാരം ഈ മുട്ടകൾക്കുണ്ടാകും. ഒട്ടകപ്പക്ഷിയുടെ മുട്ടയിൽ ഒറ്റ കോശമാണന്നത് പ്രത്യേകതയാണ്.
ആവാസം
ഒട്ടകപ്പക്ഷികൾ മരുഭൂമിയിലാണ് കൂടുതലായും ജീവിക്കുന്നത്. ആഫ്രിക്കയിൽ ഇവയെ കൂടുതലായും കാണപ്പെടുന്നു. അറേബ്യയിൽ മുൻകാലത്ത് ഒട്ടകപക്ഷികൾ ഉണ്ടായിരുന്നെങ്കിലും വേട്ടയാടൽ മൂലം അവയ്ക്ക് വംശനാശം സംഭവിച്ചു. ഒരിക്കൽ ജോർദ്ദാൻ, സിറിയ, ഇറാക്ക്, പാലസ്തീൻ മുതലായ പ്രദേശങ്ങളിൽ സുലഭമായി ഇവയെ കണ്ടിരുന്നു.
ഒട്ടകപ്പക്ഷിയിറച്ചികൊണ്ടുള്ള വിഭവം
ഇറച്ചിക്കും മുട്ടക്കുമായി ഒട്ടകപ്പക്ഷികളെ വളർത്താറുണ്ട്. ഒരു കോഴിമുട്ടയുടെ 24 ഇരട്ടി തൂക്കം വരുന്ന ഇതിന്റെ മുട്ടക്ക് 1.6 കി.ഗ്രാം വരെ തൂക്കമുണ്ടാകും. ഇതിന്റെ തൂവലും ചർമ്മവും അലങ്കാരപ്പണികൾക്കും ഉപയോഗിക്കാറുണ്ട്. ഒട്ടകപ്പക്ഷിയുടെ ഇറച്ചി ഏറ്റവും വിശിഷ്ടമായതായി കണക്കാക്കപ്പെടുന്നു. മറ്റിറച്ചികളെ അപേക്ഷിച്ച് പകുതിയോളം കൊളാസ്റ്റ്രോൾ ഉള്ള ഈ ഇറച്ചിയിൽ മറ്റുള്ളവയിലുള്ളതിന്റെ ആറിലൊന്ന് കൊഴുപ്പു മാത്രമേയുള്ളൂ.
ഇറച്ചിക്കായി വളർത്തുമ്പോൾ 12 മാസം വരെയാണ് ഇതിനെ വളർത്തുന്നത്. 21-ദിവസം വരെ പ്രായമായ ഓരോ കുഞ്ഞിനും 0.5 ച.മീ സ്ഥലം ലഭ്യമാകുന്ന തരത്തിലുള്ള കൂട് ആവശ്യമാണ്. അതിൽ കൂടുതൽ 22 ദിവസം മുതൽ 90 ദവസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഓരോന്നിനും 1 ച.മീ സ്ഥലം ആവശ്യമാണ്. 90 ദിവസത്തിൽ കൂടുതൽ 12 മാസം വരെ തുറസ്സായ സ്ഥലങ്ങളിലോ തുറന്ന കൂടുകളിലും വളർത്താം.