EncyclopediaGeneralTrees

അവിൽപ്പൊരി

പശ്ചിമഘട്ട സ്വദേശിയായ, രണ്ടടിവരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് അവിൽപ്പൊരി. (ശാസ്ത്രീയനാമം: Ophiorrhiza mungos) . ക്യാൻസർ ചികിൽസയ്ക്ക്‌ സഹായകമായ ആൽക്കലോയ്ഡ്‌ ഇതിൽ നിന്നും വേർതിരിച്ചെടുക്കുന്നു. കുത്തനെ വളരുന്ന ഈ വാർഷിക സസ്യത്തിന്റെ കീഴ്ഭാഗത്തുള്ള സന്ധികളിൽ നിന്ന് വേരുമുളയ്ക്കുന്നു. പിങ്ക് കലർന്ന വെള്ള നിറമുള്ള പൂക്കൾ സൈം പൂക്കുലയിലാണ് വിരിയുന്നത്.

ഈ സസ്യത്തിന് കീരിപ്പച്ച എന്നും പേരുണ്ട്. കീരിയും മൂർഖൻ പാമ്പും യുദ്ധം ചെയ്യുമ്പോൾ, കീരി ഓടിപ്പോയി ഇതിൻറെ ഇല ചവച്ചു പാമ്പിന് നേരെ തുപ്പുമെന്നും, ഈ ചെടിക്ക് പാമ്പിനെ പേടിപ്പിക്കാനാകുമെന്നതിനാൽ പാമ്പ് പിന്തിരിയുമെന്നും പറയപ്പെടുന്നു. ഇതിൻറെ ശാസ്ത്രീയ നാമമായ mungos കീരിയുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. വിഷചികിൽസയിൽ ഇത് ഉപയോഗിക്കാറുണ്ട്. ശരീരത്തിലെ എല്ലാത്തരം വിഷങ്ങളേയും നിർവീര്യമാക്കാൻ ഇതിനെ വേരിന് കഴിവുണ്ട്. ചില ആദിവാസി വർഗ്ഗക്കാർ വലിയ മലകൾ കയറുമ്പോൾ ഇതിൻറെ ഇലയും തണ്ടും ചവയ്ക്കാറുണ്ടത്രേ. രക്തപ്രവാഹം കൂട്ടാനും അതുവഴി കിതയ്‌പ്പ് ഇല്ലാതാക്കാനും ഈ ചെടിയ്ക്ക് കഴിയുമത്രേ.