EncyclopediaMajor personalities

ഉമ്മൻ ചാണ്ടി

ഏറ്റവും കൂടുതൽ ദിവസം നിയമസഭ സാമാജികനായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമാണ് ഉമ്മൻ ചാണ്ടി (ജനനം:31 ഒക്ടോബർ,1943). 2020-ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു. തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991–1994), പ്രതിപക്ഷ നേതാവ് (2006–2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ്.

ജീവിത രേഖ

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.

രാഷ്ട്രീയ ജീവിതം

മികച്ച സംഘാടകനും നേതാവുമാണ് ഉമ്മൻ ചാണ്ടി. പ്രശ്നങ്ങളിൽ അതിവേഗം തീർപ്പുണ്ടാക്കുക എന്നത് അദ്ദേഹത്തിൻറെ രീതിയാണ്. സ്കൂളിൽ പഠിക്കുമ്പോഴെ കോൺഗ്രസിൻറെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെൻറ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിൻറെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചു. പിന്നീട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായി തുടർന്ന് എ.ഐ.സി.സി അംഗമായി.

1970 മുതൽ 51 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി തുടരുന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. സി.പി.എം എം.എൽ.എ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തി. 1977-ൽ കെ. കരുണാകരൻ മന്ത്രിസഭയിലും 1978-ൽ എ.കെ. ആൻറണി മന്ത്രിസഭയിലും അദ്ദേഹം തൊഴിൽ വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യം വകുപ്പ് മന്ത്രിയായി.

1980-കളിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആൻറണി വിഭാഗം (എ) ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നിയമസഭകക്ഷി നേതാവായി. 1982-ൽ അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണിയുടെ കൺവീനറായി. 2004-ൽ എ.കെ. ആൻറണി മുഖ്യമന്ത്രി പദം രാജി വയ്ച്ചപ്പോൾ ഉമ്മൻ ചാണ്ടി ആദ്യമായി കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോൽക്കുന്നത് വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി പിന്നീട് 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് എം.എൽ.എമാരുടെ മാത്രം പിന്തുണയോടെ അധികാരത്തിലേറിയ അദ്ദേഹം 2016-ൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി.

കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിൽ കേരളത്തിൻ്റെ വികസനത്തിൽ ഉമ്മൻ ചാണ്ടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1991-ൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റ് കേരള വികസനത്തിലെ നാഴികക്കല്ലാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം സർക്കാർ ചിലവിലാക്കിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സർവീസ് കേരളത്തിലെ എല്ലാ വിമാനതാവളങ്ങളിൽ നിന്നും ആരംഭിച്ചതും ഉമ്മൻ ചാണ്ടിയുടെ പരിഷ്കാരങ്ങളാണ്. വല്ലാർപാടം കണ്ടയ്നർ ടെർമിനലിൻറെ പണി തുടങ്ങാൻ കഴിഞ്ഞതും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാനും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും അദ്ദേഹത്തിൻറെ പ്രയത്നഫലം കൊണ്ടാണ്. കർഷക തൊഴിലാളി പെൻഷൻ, തൊഴിലില്ലായ്മ വേതനം തുടങ്ങിയ ക്ഷേമ പെൻഷനുകൾ എല്ലാ മാസവും നൽകാൻ തീരുമാനിച്ചതും അദ്ദേഹത്തിൻറെ സംഭാവനകളാണ്.

2006 ജനുവരിയിൽ സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടന്ന 35-മത് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് ഒരു റെക്കോർഡിനും അർഹനായി ചരിത്രത്തിൽ ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി ഇതിൽ സംബന്ധിക്കുന്നത്.