EncyclopediaWild Life

അയ്യോ രാക്ഷസന്‍!

വിഷമുള്ള രണ്ടേ രണ്ടു തരം പല്ലികളെയുള്ളൂ. ‘ഹെലോടെര്‍മ സസ്പെക്ടം’ എന്ന ഗിലാമോണ്‍സ്റ്ററും ഹെലോടെര്‍മ ഹോറിഡം’ എന്ന ബീഡഡ് ലിസാര്‍ഡും ആണത്. അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും മെക്സിക്കോയിലുമൊക്കെ ഇവ കാണപ്പെടുന്നു.
ഹെലോടെര്‍മ സസ്പെക്ടത്തിന് മൂന്നടിയോളം നീളമുണ്ടാകും. കറുത്തതോ തവിട്ടുനിറമോ ഉള്ള ദേഹത്ത് മഞ്ഞ നിറത്തിലോ മങ്ങിയ വെള്ളനിറത്തിലോ ഉള്ള പാടുകള്‍ കാണാം. വളരെ പതുക്കെയാണ് സഞ്ചാരം. ഇടയ്ക്കിടെ പാമ്പിനെപ്പോലെ നാക്ക് പുറത്തേക്ക് നീട്ടും. ആകെകൂടി അറപ്പുളവാക്കുന്ന പ്രകൃതം. ഒപ്പം വിഷവും.ഗിലയിലെ രാക്ഷസനെന്ന പേര് വീഴാന്‍ ഇത് തന്നെ കാരണം. എന്നാല്‍ ഇവ മനുഷ്യരെ ഉപദ്രവിക്കാറില്ല.അങ്ങോട്ട്‌ ഉപദ്രവിച്ചാല്‍ മാത്രമേ ഇവ കടിക്കാറുള്ളൂ. അതും ഒരു രക്ഷയുമില്ലാതെ വന്നാല്‍ മാത്രം. കടിയേറ്റാല്‍ അസഹനീയമായ വേദനയുണ്ടാകുമെങ്കിലും മരണം സംഭവിക്കുക അപൂര്‍വമാണ്.
ഇരയെ ഓടിച്ച് കീഴ്പ്പെടുത്താനുള്ള കഴിവൊന്നും ഇവയ്ക്കില്ല. അതിനാല്‍ അടയിരിക്കുന്ന പക്ഷികളും മറ്റ് ജീവികളുടെ നിസ്സഹായരായ കുഞ്ഞുങ്ങളുമൊക്കെയാണ് ഭക്ഷണം. മുട്ടയും ഇവരുടെ ഇഷ്ടവിഭവം തന്നെ. പാശ്ചാത്യരാജ്യങ്ങളില്‍ ചില ആളുകള്‍ ഇപ്പോള്‍ ഈ രാക്ഷസന്മാരെ ഓമനമൃഗങ്ങളായി വളര്‍ത്തുന്നുണ്ട്.
ബീഡഡ് ലിസാര്‍ഡ് ഗിലാ മോണ്‍സ്റ്ററിന്റെ അടുത്ത ബന്ധുവാണ്.ഇവയുടെ ജീവിതരീതിയും ഏതാണ്ട് ഒരേ പോലെയാണ്. ബീഡഡ് ലിസാര്‍ഡിന് ഗിലാ മോണ്‍സ്റ്ററിനെക്കാള്‍ നീളം വയ്ക്കും. ഏകദേശം ഒരു മീറ്റര്‍ വരെ.കറുത്തതോ ഇരുണ്ട തവിട്ടു നിറമോ ആയ ദേഹത്ത് നിറയെ വിളറിയ കുത്തുകളുണ്ടാകും. ഇവ കടിച്ചാലും മനുഷ്യര്‍ മരിക്കുന്നത് അപൂര്‍വ്വമാണ്. പക്ഷെ അസഹനീയമായ വേദനയുണ്ടാകും.