മുത്തങ്ങ (സസ്യം)
പുല്ല് വർഗ്ഗത്തിലെ ഒരു ഔഷധസസ്യം ആണ് മുത്തങ്ങ. ചെറുകോരക്ക് കിഴങ്ങ് ഉണ്ടാകുന്നു. ഈ കിഴങ്ങാണ് ഔഷധങ്ങളിൽ ചേർക്കുന്നത്. പെരുംകോരക്ക് കിഴങ്ങ് ഉണ്ടാകാറില്ല. പെരുംകോരകൊണ്ട് നെയ്യുന്ന പായയാണ് കോരപ്പായ് അഥവാ പുൽപായ് എന്നറിയപ്പെടുന്നത്. മുത്തങ്ങ എന്ന വയനാട്ടിലെ സ്ഥലനാമത്തിനു കാരണവും ഈ ചെടികളുടെ അനിയന്ത്രിതമായ വളർച്ചയാണ്. Cyperaceae സസ്യകുടുംബത്തിൽ Cyperus rotundus എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന മുത്തങ്ങ ഹിന്ദിയിൽ Nagarmotha, Motha എന്നീ പേരുകളിലും അറിയപ്പെടുന്നു. സംസ്കൃതത്തിലെ മുസ്ത എന്ന പേരിൽ നിന്നുമാണ് മുത്തങ്ങ എന്നപേര് ഉണ്ടായത്എന്ന് കരുതുന്നു. 36 ഇനം മുത്തങ്ങയെപ്പറ്റി പ്രസിദ്ധ സസ്യശാസ്ത്രജ്ഞനായ ഗ്യാംബെൽ വിവരിച്ചിട്ടുണ്ട്.