നിലയ്ക്കാത്ത ആവേശം
പുതിയ ലോകവുമായി യൂറോപ്പിനെ ബന്ധിപ്പിച്ചെങ്കിലും കൊളംബസിന്റെ യാത്രകള്‍ സ്പെയിനിന് കാര്യമായ സാമ്പത്തിക നേട്ടങ്ങളൊന്നും നല്‍കിയില്ല. മാത്രവുമല്ല നാവിദാദ് കോട്ടയില്‍ ഉണ്ടായ ദുരന്തവും ഇസബെല്ലയിലെ പരാജയവും കൊളംബസിന്റെ കഴിവുകേടുകളായി പലരും വിലയിരുത്തി.
എന്നാല്‍ സ്പെയിനിലെ രാജാവിനും രാജ്ഞിക്കും കൊളംബസിന്റെ കഴിവുകളില്‍ അപ്പോഴും വിശ്വാസമുണ്ടായിരുന്നു. അങ്ങനെ 1498 മേയില്‍ കൊളംബസ് തന്റെ മൂന്നാമത്തെ യാത്ര പുറപ്പെട്ടു.
ഹിസ്പാനിയോളയില്‍ എത്തുന്നതിനു മുമ്പ് കൊളംബസും സംഘവും ട്രിനിഡാഡിലും തെക്കേ അമേരിക്കയിലും എത്തി. അങ്ങനെ അറിയപ്പെടുന്ന ചരിത്രത്തില്‍, ആദ്യമായി തെക്കേ അമേരിക്കയില്‍ കാലുകുത്തിയ യൂറോപ്യന്‍ എന്ന ബഹുമതിയും കൊളംബസ് സ്വന്തമാക്കി.
എന്നാല്‍ തെക്കുകിഴക്കന്‍ ഏഷ്യയിലാണ് താന്‍ എത്തിയതെന്നായിരുന്നു കൊളംബസിന്റെ ധാരണ. ആ വിശ്വാസത്തോടെ അദ്ദേഹം ഹിസ്പാനിയോള ദ്വീപിലേക്ക് കപ്പലോടിച്ചു.
പുതുതായി രൂപം കൊണ്ട സാന്റോ ഡോമിംഗോ പട്ടണത്തിലെത്തിയ കൊളംബസ്, അവിടുത്തെ യൂറോപ്യന്മാര്‍ തനിക്കെതിരെ കലാപമുണ്ടാക്കുന്ന കാര്യം അറിഞ്ഞു. കൊളംബസ് സഹോദരന്മാരുടെ ഭരണത്തിലെ അപാകതകളും ക്രൂരമായ നടപടികളുമായിരുന്നു അവരെ കലാപത്തിലേക്ക് നയിച്ചത്. കൊളംബസ് നേതാക്കന്മാരെയെല്ലാം വിളിച്ചു കൂട്ടി സംസാരിച്ചു. കൂടാതെ, കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉടനെ അയയ്ക്കണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ട് സ്പെയിനിലേക്ക് ദൂതനെ അയയ്ക്കുകയും ചെയ്തു.
അങ്ങനെ എത്തിച്ചേര്‍ന്ന ഗവര്‍ണര്‍ അധികാരം ഏറ്റെടുത്തു. അതോടൊപ്പം കൊളംബസ് സ്പെയിനിലേക്ക് മടങ്ങി ചെല്ലണമെന്ന രാജാവിന്റെ കല്‍പ്പന അറിയിക്കുകയും ചെയ്തു. ഒരു സാധാരണ തടവുകാരനെപ്പോലെ തന്നെ കൈവിലങ്ങിട്ട് സ്പെയിനിലേക്ക് കൊണ്ട്പോകണമെന്ന് കൊളംബസ് നിര്‍ബന്ധിച്ചു.ഭരണാധികാരി എന്ന നിലയില്‍ പരാജയപ്പെട്ടതിന്റെ ദുഃഖം വെളിപ്പെടുത്താനായിരുന്നു അത്.
കൊളംബസിനെ ചങ്ങലയില്‍ ബന്ധിച്ചു കൊണ്ടുവരുന്നത് കണ്ടു സഹതാപം തോന്നിയ രാജ്ഞി അദ്ദേഹത്തെ വിശ്രമജീവിതം നയിക്കാന്‍ അനുവദിച്ചു.