ActressEncyclopediaFilm Spot

നിത്യ മേനോൻ

ഒരു മലയാളചലച്ചിത്ര അഭിനേത്രിയും പിന്നണി ഗായികയുമാണ് നിത്യ മേനോൻ . മലയാളം കൂടാതെ നിത്യ കന്നടയിലും തെലുങ്കിലും, തമിഴിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. 1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്ന നിത്യാ മേനോൻ കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതം ആരംഭിച്ചു. കൂടാതെ തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയിൽ സംവിധാനം ചെയ്യപ്പെട്ട ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തു പ്രവേശിച്ച നിത്യാ മേനോൻ പ്രകടനം കാഴ്ച വച്ചു. തെലുങ്കിൽ മോഡലൈണ്ടി, തമിഴിൽ 180 എന്നിവയായിരുന്നു അരങ്ങേറ്റ ചിത്രങ്ങൾ. മലയാളത്തിനു പുറത്ത് മറ്റു ഇന്ത്യൻ ഭാഷകളിലും കൂടുതൽ ആരാധകരെ നേടാൻ നിത്യ മേനോനു കഴിഞ്ഞു. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെർസൽ എന്നീ ചിത്രങ്ങൾക്ക് മൂന്ന് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിരുന്നു. പുതിയ തലമുറയുടെ ചിന്തകൾക്കും,ശൈലികൾക്കും ഒരുപോലെ ഇണങ്ങുന്നതും അതേ സമയം തന്നെ പ്രാചീനതയുടെ കുലീന വേഷങ്ങളും(ഉറുമി) നിത്യ മേനോനു അവതരിപ്പിക്കാൻ കഴിഞ്ഞു. 2019 ഓഗസ്റ്റിൽ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

ആദ്യകാലം

മലയാളി മാതാപിതാക്കളുടെ പുത്രിയായി ബാംഗ്ലൂരിലെ ബാണശങ്കരിയിലാണ് നിത്യ മേനോൻ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിശേഷം മണിപ്പാൽ സർവകലാശാലയിൽനിന്ന് പത്രപ്രവർത്തനം പഠിച്ചു. ഒരു അഭിമുഖത്തിൽ ഒരു പത്രപ്രവർത്തകയാകാൻ ആഗ്രഹിച്ചിരുന്ന താൻ ഒരു നടിയാകാൻ ഒരുക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ആത്യന്തികമായി പത്രപ്രവർത്തനം അപ്രസക്തമാണെന്നു തോന്നിയതിനാൽ ചലച്ചിത്രനിർമ്മാണത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ഒരു ഛായാഗ്രഹണ കോഴ്‌സിൽ ചേരുകയും ചെയ്തു. സ്കൂളിന്റെ പ്രവേശന പരീക്ഷയ്ക്കിടെ, ബി. വി. നന്ദിനി റെഡ്ഡിയെ കണ്ടുമുട്ടുകയും അഭിനയ രംഗത്തേയക്ക് പ്രവേശിക്കുവാൻ അവർ പ്രചോദനം നൽകുകയും ചെയ്തു.പിന്നീട് സംവിധായികയായിത്തീർന്ന റെഡ്ഡി നിത്യയെ തന്റെ ആദ്യ തെലുങ്ക് ചിത്രത്തിലെ ഒരു പ്രധാന വേഷത്തിനായി കരാർ ചെയ്തു. നിത്യയുടെ മാതൃഭാഷ മലയാളമാണെങ്കിലും അവർക്ക് എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളും സംസാരിക്കാൻ കഴിയുന്നു.