EncyclopediaScience

നിയോൺ

അണുസംഖ്യ 10 ആയ മൂലകമാണ്‌ നിയോൺ. ഇതിന്റെ പ്രതീകം Ne ആണ്. പ്രപഞ്ചത്തിൽ വളരെ സുലഭമായ ഒരു മൂലകമാണ് ഇതെങ്കിലും ഭൂമിയിൽ ഇതിന്റെ അളവ്‌ വളരെ കുറവാണ്. സാധാരണ പരിതഃസ്ഥിതിയിൽ നിറമില്ലാത്തതും ഏറ്റവും നിർവീര്യവും ആയ ഉൽകൃഷ്ടവാതകമാണ് ഇത്. നിയോൺ വിളക്കുകളിലും ഡിസ്ചാർജ് ട്യൂബുകളിലും ഈ വാ‍തകം ഉപയോഗിക്കുമ്പോൾ ചുവന്ന വെളിച്ചം കിട്ടുന്നു.
സ്കോട്ട്‌ലന്റുകാരനായ രസതന്ത്രജ്ഞൻ വില്യം രാംസേയും ബ്രിട്ടീഷ് രസതന്ത്രജ്ഞൻ മോറിസ് ട്രാവേഴ്സും ചേർന്ന് 1898-ലാണ് ഈ മൂലകം കണ്ടെത്തിയത്.നിയോൺ എന്ന വാക്ക് ഗ്രീക്ക് ഭാഷയിൽ നിന്നുള്ളതാണ്.പുതിയത് എന്നാണ് ഈ വാക്കിന്റെ അർത്ഥം.
ഗുണങ്ങൾ
ഭാരത്തിന്റെ കാര്യത്തിൽ ഉൽകൃഷ്ടവാതകങ്ങളിൽ രണ്ടാം സ്ഥാനമാണ് നിയോണിനുള്ളത്, ഹീലിയത്തിനു താഴെ. നിയോണിന്റെ അതേ വ്യാപ്തത്തിലുള്ള ദ്രാവകഹീലിയത്തെ അപേക്ഷിച്ച് ഇതിന്റെ ശീതികരണക്ഷമത 40 ഇരട്ടിയും ദ്രാവകഹൈഡ്രജനെ അപേക്ഷിച്ച് 3 ഇരട്ടിയുമാണ്. ഇത്തരം ഉപയോഗങ്ങളിൽ ഹീലിയത്തെ അപേക്ഷിച്ച് ചെലവു കുറഞ്ഞ ഒന്നും ആണ് ഇത്.എല്ലാ ഉൽകൃഷ്ടവാതകങ്ങളിലും വച്ച് ഏറ്റവും കുറഞ്ഞ ദ്രാവക പരിധിയുള്ള മൂലകമാണ് നിയോൺ. ഡിസ്ചാർജ് വിളക്കുകളിൽ നിയോണിന്റെ പ്ലാസ്മ മറ്റു ഉൽകൃഷ്ടവാതകങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വോൾട്ടതയിലും പ്രകാശം പുറപ്പെടുവിക്കുന്നു. അതിനാൽ സോഡിയം ബാഷ്പ വിളക്കുകളിലും മറ്റും ഡിസ്ചാർജിന് തുടക്കമിടാൻ നിയോണും നിറക്കാറുണ്ട്. ചില പുതിയ തത്ത്വങ്ങൾ പ്രകാരം ഏറ്റവും ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ മൂലകമാണ് നിയോൺ. ആവർത്തനപ്പട്ടികയിലെ എല്ലാമൂലകങ്ങളിലും വച്ച് എറ്റവും അലസമായ മൂലകമാണിത്. സ്ഥിരതയില്ലാത്ത ചില ഹൈഡ്രേറ്റുകളല്ലാതെ (സ്ഥിരീകരിക്കപ്പെടാത്ത ചില റിപ്പോർട്ടുകൾ) യഥാർഥ നിയോൺ സംയുക്തങ്ങൾ ഒന്നും തന്നെ തത്ത്വപരമായിപ്പോലും തിരിച്ചറിയാനായിട്ടില്ല.