നാവിക ചരിത്രം
ബി.സി 3000-മാണ്ടില്‍ത്തന്നെ ഈജിപ്റ്റുകാരായ നാവികര്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ സഞ്ചാരം തുടങ്ങിയതായി പറയപ്പെടുന്നു.
സമുദ്രത്തിലൂടെയുള്ള വ്യാപാരബന്ധങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് ബി.സി 2500-ല്‍ സിന്ധുനദീതടപ്രദേശങ്ങളും മെസപ്പൊട്ടോമിയയും തമ്മില്‍ നിലനിന്നതാണ്.ഇന്ത്യന്‍ മഹാസമുദ്രമായിരുന്നു ഈ കടല്‍മാര്‍ഗ്ഗമുള്ള കച്ചവടത്തിനു വഴിയൊരുക്കിയത്. ഫിനീഷ്യന്മാരും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ കച്ചവടത്തിനായി സഞ്ചരിച്ചിരുന്നതായി കരുതപ്പെടുന്നു.
മണ്‍സൂണ്‍ കാറ്റിന്റെ ശക്തമായ സാന്നിധ്യം ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള കപ്പല്‍യാത്രയെ സഹായി ക്കുന്നു.ഇന്തോനേഷ്യക്കാര്‍ വളരെ പഴയ കാലത്ത് തന്നെ ഇന്ത്യന്‍ മഹാസമുദ്രം കടന്നു മടഗാസ്ക്കറിലെത്തിയത് കാറ്റിന്‍റെ ദിശ മനസ്സിലാക്കിയിട്ടാകാം.
എ.ഡി 45-ല്‍ റോമക്കാരനായ ഹിപ്പാലസ് കാലവര്‍ഷക്കാറ്റിന്‍റെ ഗതി കണ്ടെത്തിയത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ കപ്പല്‍യാത്രയുടെ ചരിത്രത്തിലെ ഒരു വലിയ കുതിച്ചുചാട്ടമായി.ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള കച്ചവടയാത്രകള്‍ അതോടെ എളുപ്പമായി.
തെക്കേ ഇന്ത്യയിലെ രാജവംശങ്ങളായ ചേരന്മാരും ചോളന്മാരും പാണ്ഡ്യന്മാരുമെല്ലാം പ്രാചീന റോമസാമ്രാജ്യവുമായും ഈജിപ്തുമായും കച്ചവടം നടത്തിയിരുന്നു.
1405നും1433നും ഇടയ്ക്കുള്ള കാലത്ത് ചൈനീസ് നാവികത്തലവനായ ഷെങ്ങ് ഹെയുടെ നേതൃത്വത്തില്‍ വലിയ കപ്പല്‍ക്കൂട്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ച് ആഫ്രിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ എത്തിയിരുന്നു.
പോര്‍ച്ചുഗീസ് നാവികനായ വാസ്കോഡഗാമ ഗുഡ്ഹോപ്പ് മുനമ്പിനെച്ചുറ്റി 1498-ല്‍ ഇന്ത്യയിലെത്തിച്ചേര്‍ന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവിക ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമായി.ഇന്ത്യന്‍ മഹാസമുദ്രത്തിലെ യൂറോപ്യന്‍ ശക്തികളുടെ ആധിപത്യത്തിനു അതോടെ തുടക്കമായി,പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഇംഗ്ലീഷുകാര്‍, ഫ്രഞ്ചുകാര്‍ എന്നിവര്‍ വിവിധകാലങ്ങളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യത്തിന്‍റെ കൊടി പാറിച്ചു. അത് ലോകചരിത്രത്തെത്തന്നെ മാറ്റിമറിക്കുകയും ചെയ്തു.