നജ്റാൻ
നജ്റാൻ സൗദി അറേബ്യയുടെ തെക്ക്-കിഴക്കൻ അതിർത്തിയിലുള്ള ഒരു നഗരമാണ്. അബാ അസ്സ ഊദ് എന്നാണ് പൗരാണിക നാമം. നജ്റാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ഈ പ്രദേശം. ഈ പ്രദേശത്ത് ആദ്യമായി താമസമാക്കിയ നജ്റാൻ ബിൻ സൈദാൻ ബിൻ സാബ എന്ന വ്യക്തിയുടെ നാമത്തിൽ നിന്നാണ് നജ്റാൻ എന്ന സ്ഥലനാമം ലഭിച്ചതെന്ന് അനുമാനിക്കപ്പെടുന്നു.
ചരിത്രം
4000 വർഷത്തെ ചരിത്രപാരമ്പര്യം അവകാശപ്പെടുന്ന നജ്റാൻ, പുരാതന കാലത്ത് അൽ ഉഖ്ദൂദ് എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഉഖ്ദൂദ് എന്നാൽ കിടങ്ങുകൾ എന്നാണ് അർത്ഥം. അന്നത്തെ റോമൻ ഭരണാധികാരി ക്രിസ്തീയ വിശാസികളായിരുന്ന ആളുകളെ കിടങ്ങുകൾ കുഴിച്ചുണ്ടാക്കിയ അഗ്നികുണ്ഡങ്ങളിൽ എറിഞ്ഞ് ശിക്ഷിച്ചിരുന്നത്രെ. ഈ കിടങ്ങുകളുടെ അവശിഷ്ടമെന്ന് പറയപ്പെടുന്ന സ്ഥലം ഇപ്പോഴും നജ്റാനിൽ കാണാം. നജ്റാൻ വസ്ത്രനിർമ്മാണരംഗത്ത് പ്രശസ്തമായിരുന്നു, ഒരു കാലത്ത്. കഅ്ബയുടെ കിസ്വ അവിടെയായിരുന്നു നിർമ്മിച്ചിരുന്നത്. ആയുധ നിർമ്മാണത്തിലും തുകൽ വ്യവസായത്തിലും അവർ കഴിവ് തെളിയിച്ചിരുന്നു. മുഹമ്മദ് നബിയുടെ കാലത്ത് നജ്റാൻ ഒരു ക്രിസ്ത്യൻ കേന്ദ്രമായിരുന്നു. നജ്റാനിൽ നിന്ന് വന്ന ക്രിസ്തീയ പാതിരിമാരെ തന്റെ പള്ളിയിൽ മുഹമ്മദ് സ്വീകരിച്ചതും, അവർ അവിടെ താമസിച്ചതും പ്രശസ്തമായ ചരിത്രമാണ്.