പ്രേതത്തവള
മലമുകളില്‍ നിന്ന് പാറക്കെട്ടുകളിലൂടെ കുതിച്ചൊഴുകുന്ന വെള്ളം. ആ ഒഴുക്കില്‍ പെടുന്ന എന്തും കടപുഴകി വീഴും. എന്നാല്‍ ശക്തമായ ആ ഒഴുക്കിലും സുഖമായി കഴിയുന്ന ഒരിനം തവളകളെ തെക്കേ ആഫ്രിക്കയില്‍ ചെന്നാല്‍ കാണാം. ഒഴുക്കില്‍ പെട്ട് പോകാതെ വെള്ളത്തിനടിയിലെ പാറകളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ അവയ്ക്ക് കഴിയും. ഏതു തെന്നുന്ന പാറയിലും പിടിച്ചിരിക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള വിരലുകള്‍ ഇവയ്ക്കുണ്ട്. വലിയ പിന്‍കാലുകള്‍ എത്ര ശക്തമായ ഒഴുക്കിനെതിരേ നീന്താനും ഉപകരിക്കും.
ഒഴുക്കുവെള്ളത്തില്‍ ഒരു കുഴപ്പവും കൂടാതെ ജീവിക്കുന്ന ഈ തവളകളുടെ പേരും വിചിത്രമാണ്. കേപ്പ് ഗോസ്റ്റ്ഫ്രോഗ്. മുനമ്പിലെ പ്രേതത്തവള എന്ന് മലയാളത്തില്‍ പറയാം!
രണ്ടു ഇഞ്ചാണ് കേപ്പ് ഗോസ്റ്റ് ഫ്രോഗിന്റെ കൂടിയ വലുപ്പം. ഇരുണ്ട പച്ചനിറക്കാരായ ഇവയ്ക്ക് ശരീരം നിറയെ കറുപ്പും തവിട്ടും നിറത്തിലുള്ള പുള്ളികളുണ്ട്. പുള്ളികള്‍ക്ക് ചുറ്റും മഞ്ഞ നിറത്തില്‍ വരയുണ്ടാകും. കണ്ണുകള്‍ക്ക് ചെമ്പിന്റെ നിറമാണ്.
ഒഴുക്കുവെള്ളത്തിലെ കല്ലുകള്‍ക്കടിയിലും അരുവിയുടെ വശങ്ങളിലുള്ള ചെറിയ ചാലുകളിലും പെണ്‍പ്രേതത്തവളകള്‍ മുട്ടയിടുന്നു. വലിപ്പം കൂടിയ ഈ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരും. പാറയില്‍ കടിച്ചുപിടിച്ചു കിടന്നാണ് വാല്‍മാക്രികള്‍ ഒഴുക്കില്‍ പെടാതെ രക്ഷപ്പെടുന്നത്. പാറകളില്‍ കാണുന്ന സൂക്ഷമാജീവികളെ അപ്പോള്‍ അകത്താക്കുകയും ചെയ്യും. നീളന്‍ വാലും ഒഴുക്ക് വെള്ളത്തില്‍ ബാലന്‍സ് ചെയ്തു നില്‍ക്കാന്‍ അവയെ സഹായിക്കുന്നു. കുഞ്ഞുങ്ങള്‍ വലിയ തവളകളാകാന്‍ രണ്ടു വര്‍ഷം വേണം. പ്രേതത്തവളയുടെ ആയുസ്സ് എത്രയെന്നു കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല!