ആഫ്രിക്കന്‍ ക്ലോഡ് ടോഡ്
ഒരിക്കലും കരയില്‍ കയറാത്ത തവളയാണ് ആഫ്രിക്കയിലെ ക്ലോഡ് ടോഡ്. എപ്പോഴും വെള്ളത്തിലാണ് ഇവ കഴിയുന്നത്. ജലാശയത്തിലെ വെള്ളം വറ്റുമ്പോള്‍ ചെളിയില്‍ ഒളിച്ചിരിക്കും. പിന്നെ മഴപെയ്യുമ്പോഴെ പുറത്തുവരൂ.
താമസിക്കുന്ന കുളത്തില്‍ മുകള്‍പ്പരപ്പിനു തൊട്ടു താഴെ തുഴഞ്ഞു ബാലന്‍സ് ചെയ്ത് ഈ തവളകള്‍ നില്‍ക്കും. ഇര വരുന്നതും കാത്തുള്ള നില്‍പ്പാണ് അത്. ചെറിയ പുഴുക്കളും പ്രാണികളും ഈച്ചയുടെ ലാര്‍വയുമോക്കെയാണ് ഇഷ്ടഭക്ഷണം. ഇരയെ പെട്ടെന്ന് കണ്ടുപിടിക്കാന്‍ തലയുടെ മുകളിലേക്കുയര്‍ന്നു നില്‍ക്കുന്ന കണ്ണ് അവയ്ക്കുണ്ട്. ഇരയെ സ്പര്‍ശിച്ചറിയാനും ക്ലോഡ് ടോഡിന് കഴിയും.അതിനായി ശരീരത്തിനിരുവശത്തും മധ്യഭാഗത്തായി തുന്നിചേര്‍ത്തപോലെ ഒരു രേഖയുണ്ട്. അവിടെ തീരെ ചെറിയ രോമങ്ങളും കാണാം. ഇതുവഴി വെള്ളത്തിന്റെ ഇളക്കം അപ്പപ്പോള്‍ അറിയും. തന്റെ നിലപ് എവിടെയാണെന്ന് അറിയാനും കൂട്ടുകാര്‍ എവിടെയുണ്ടെന്ന് മനസ്സിലാക്കാനും ഈ സംവിധാനം സഹായിക്കുന്നു. ശത്രുക്കളുടെ സാമീപ്യം ഈ സൂത്രം കൊണ്ട് മനസ്സിലാക്കാനാകും.
ആഫ്രിക്കന്‍ ക്ലോഡ് ടോഡ് പച്ചനിറക്കാരും തവിട്ടുനിറക്കാരും ചാരനിറക്കാരും ഉണ്ട്. എല്ലാ നിറക്കാരുടെയും പുറത്ത് ഇരുണ്ട കുത്തുകളും പാടുകളും കാണാം. വയറിനു മഞ്ഞ കലര്‍ന്ന വെളുപ്പ് നിറമാണ്. മൂന്നര ഇഞ്ച് വരെ വലിപ്പം വയ്ക്കും.
ഇവ വെള്ളത്തിലാണ് മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. ആണ്‍കുഞ്ഞുങ്ങള്‍ ഒരു വര്‍ഷം കൊണ്ട് പ്രായപൂര്‍ത്തിയെത്തും. പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഇതിന് ഒന്നരവര്‍ഷം വേണം. 20 വയസ്സാണ് കൂടിയ പ്രായം. ഇവയെ തെക്കേ ആഫ്രിക്കയില്‍ ധാരാളമായി കണ്ടുവരുന്നു.