മീറ
“കോമിഫോറ” ജനുസ്സിൽ പെട്ട ചിലയിനം കുറ്റിച്ചെടികളുടെ കറ ഉണക്കിയെടുത്തുണ്ടാക്കുന്ന പശിമയാർന്ന ഒരിനം സുഗന്ധദ്രവ്യമാണ് മീറ. ചുവപ്പുകലർന്ന തവിട്ടുനിറമാണിതിന്. യെമൻ, സൊമാലിയ, കിഴക്കൻ എത്യോപ്യ എന്നിവിടങ്ങളിൽ കാണുന്ന “കോമിഫോറാ മീറ”, ജോർദ്ദാനിൽ കണ്ടുവരുന്ന “കോമിഫോറ ഗിലെയാദെൻസിസ്” എന്നീ ഇനങ്ങളാണ് ഇതിന്റെ പ്രധാന ഉറവിടങ്ങൾ. “കോമിഫോറ”, “ബാൽസമൊഡെൻഡ്രോൺ” ജനുസ്സുകളിൽ പെട്ട വേറെ ചെടികളെ ആശ്രയിച്ചും ഇത് നിർമ്മിക്കാറുണ്ട്. ‘മീറ’ എന്ന വാക്ക് മറ്റു ഭാഷകളിലെത്തിയത് എത്യോപ്യൻ, അറബി മൂലപദങ്ങളിൽ നിന്ന് ഗ്രീക്കു വഴിയാണെന്ന് കരുതപ്പെടുന്നു. മീറ എന്നർത്ഥമുള്ള അറബി വാക്കിന് കയ്പ്പുള്ളത് എന്നാണർത്ഥം.മീറച്ചെടി മരുഭൂമിയിൽ ഒൻപതടിയോളം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ്. ഇളം ചാരനിറമുള്ള മുഖ്യകാണ്ഡം കടുപ്പമേറിയതും, അതിൽ നിന്നാരംഭിക്കുന്ന ശാഖകൾ ഉപശാഖകളായി പിരിഞ്ഞ് കൂർത്ത മുള്ളുകളിൽ അവസാനിക്കുന്നവയുമാണ്. മിനുത്ത് വിളുമ്പിൽ ക്രമരഹിതമായ പല്ലുകൾ നിറഞ്ഞ ഇലകൾ ചുവട്ടിൽ അണ്ഡാകൃതിയുള്ള ഒരു ജോഡി കുഞ്ഞിലകളും മദ്ധ്യത്തിൽ ഒരു വലിയ ഇലയുമായി പിരിഞ്ഞ് കാണപ്പെടുന്നു. മഞ്ഞ നിറമുള്ള പൂക്കൾ, നീണ്ട് ശാഖകളായി പിരിഞ്ഞ ഒരു തണ്ടിൽ കുലകളായി കാണപ്പെടുന്നു. തവിട്ടു നിറത്തിൽ വലിപ്പം കുറഞ്ഞ ഫലത്തിന് അറ്റം കൂർത്ത അണ്ഡാകൃതിയാണ്.സിസെലി, മധുര സിസെലി എന്നൊക്കെ അറിയപ്പെടുന്ന ഒരിനം ഇലക്കറിയ്ക്കും ‘മീറ’ എന്ന പേരുണ്ട്.ഗുണമേന്മയേറിയ മീറപ്പശയെ അതിന്റെ കടും നിറവും തെളിമയും കൊണ്ട് തിരിച്ചറിയാം. എന്നാൽ പശയുടെ മേന്മ നിശ്ചയിക്കാനുള്ള ഏറ്റവും വിശ്വസനീയമായ മാർഗ്ഗം, പുതുതായി അടർത്തിയ കഷണത്തിന്റെ പശിമ നോക്കി അതിലെ സുഗന്ധതൈലത്തിന്റെ അനുപാതം മനസ്സിലാക്കുകയാണ്. അസംസ്കൃതമായ മീറപ്പശയുടേയും അതിലെ എണ്ണയുടേയും ഗന്ധം രൂക്ഷവും, സുഖദായകവും, അല്പം തിക്തവും പശകളുടെ സ്വാഭാവികഗന്ധമെന്ന് പറയാവുന്നതുമാണ്. കത്തിക്കുമ്പോൾ അത് വനിലായുടെ മാധുരഗന്ധം കലർന്ന കനത്ത ധൂമം സൃഷ്ടിക്കുന്നു. മറ്റു പശകളിൽ നിന്ന് ഭിന്നമായി, കത്തുമ്പോൾ മീറ അലിഞ്ഞ് ദ്രവീകരിയ്ക്കാതെ വികസിച്ച് അലരുന്നു.മീറ, വീഞ്ഞിൽ മേമ്പോടിയായും, ധൂപക്കൂട്ടുകളിൽ ഭൗമഗന്ധം കലർത്താനും ഉപയോഗിക്കാറുണ്ട്. വിവിധയിനം സുഗന്ധലേപനങ്ങളിലും, ദന്തധാവനക്കുഴമ്പുകളിലും, ലോഷനുകളിലും, ഇതര സൗന്ദര്യസംരക്ഷണവസ്തുക്കളിലും അത് ഉപയോഗിക്കാറുണ്ട്.മൃതദേഹങ്ങളെ കേടുകൂടാതെ സൂക്ഷിക്കാനുള്ള ലേപനമായി മീറ ഉപയോഗിക്കപ്പെട്ടിരുന്നു. പതിനഞ്ചാം നൂറ്റാണ്ടുവരെ, ശവസംസ്കാരങ്ങളിലും ശവദാഹങ്ങളിലും അത് പരിഹാരധൂപമായിരുന്നു. പൗരസ്ത്യ ഓർത്തോഡോക്സ് സഭയിൽ സ്തൈര്യലേപനം, രോഗീലേപനം എന്നീ കൂദാശകളിൽ പരമ്പരാഗതമായി ഉപയോഗിക്കാറുള്ള “വിശുദ്ധ തൈലം” മീറ കൊണ്ട് ഗന്ധം ചേർത്തതാണ്. ഈ കൂദാശകളിൽ ഏതെങ്കിലും സ്വീകരിക്കുന്നതിന് “മീറ കിട്ടുക” എന്ന് പറായാറുണ്ട്.