ActorsEncyclopediaFilm Spot

മുകേഷ് (നടൻ)

2016 മുതൽ കൊല്ലത്ത് നിന്നുള്ള നിയമസഭാംഗമായി തുടരുന്ന മലയാള ചലച്ചിത്ര അഭിനേതാവും നിർമ്മാതാവുമാണ് മുകേഷ്.(ജനനം: 1957 മാർച്ച് 5) കേരള സംഗീത നാടക അക്കാദമിയുടെ മുൻ ഭാരവാഹിയായിരുന്ന മുകേഷ് 1982-ൽ റിലീസായ ബലൂൺ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. ടെലിവിഷൻ അവതാരകനായി മുകേഷ് ഇപ്പോഴും മിനി സ്ക്രീനിൽ സജീവ സാന്നിധ്യമാണ്.

മലയാള ചലച്ചിത്ര അഭിനേതാവായ മുകേഷ് 1957 മാർച്ച് 5ന് പ്രശസ്ത നാടക അഭിനേതാക്കളായിരുന്ന ഒ.മാധവൻറെയും വിജയ കുമാരിയുടേയും മകനായി കൊല്ലം ജില്ലയിലെ പട്ടത്താനത്ത് ജനിച്ചു. പട്ടത്താനം ഇൻഫൻറ് ജീസസ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മുകേഷ് കൊല്ലം എസ്.എൻ കോളേജിൽ നിന്ന് ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമത്തിൽ ബിരുദവും നേടി.

നാടക അഭിനേതാക്കളായിരുന്ന തൻറെ മാതാപിതാക്കൾക്കൊപ്പം നാടകവേദികളുമായുള്ള പരിചയം മുകേഷിന് അഭിനയത്തിൻ്റെ ബാലപാഠങ്ങളായിരുന്നു. പഠനശേഷം നാടകാഭിനയവുമായി ജീവിതമാരംഭിച്ച മുകേഷിന് നാടകത്തിലുള്ള അഭിനയ മികവ് സിനിമയിലേയ്ക്ക് വഴിതുറക്കുന്നതിൽ സഹായകരമായി.

1982-ൽ റിലീസായ ബലൂൺ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. 1985-ൽ റിലീസായ മുത്താരംകുന്ന് പി.ഒ, ബോയിംഗ് ബോയിംഗ് എന്നീ ചിത്രങ്ങൾ മുകേഷിനെ മലയാള സിനിമയിലെ ശ്രദ്ധേയതാരമാക്കി. മുകേഷ് നായകനും ഉപ-നായകനുമായി വേഷമിട്ട് 1989-ൽ റിലീസായ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയുടെ വിജയം മുകേഷിൻറെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. ഈ സിനിമ മലയാളത്തിൽ വൻഹിറ്റായതോടെ മലയാള സിനിമയിലെ മുൻനിര നായകന്മാരിലൊരാളായി മുകേഷ് മാറി. 1990-കളിലാണ് മുകേഷ് ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അഭിനയിച്ചത്. അവയിൽ ഭൂരിഭാഗവും കോമഡി സിനിമകളായിരുന്നു. ഇൻ ഹരിഹർ നഗർ, കൗതുക വാർത്തകൾ, ഗോഡ്ഫാദർ എന്നിവയാണ് 1990-കളിലെ മുകേഷിൻറെ ഹിറ്റ് സിനിമകൾ. മുകേഷ്-മോഹൻലാൽ, മുകേഷ്-ജയറാം, മുകേഷ്-ജഗദീഷ് എന്നീ കൂട്ടുകെട്ടിൽ ധാരാളം സിനിമകൾ ഒരു കാലഘട്ടത്തിൽ മലയാളത്തിൽ ഹിറ്റുകളായിരുന്നു. പിന്നീട് അദ്ദേഹം നായികസ്ഥാനത്ത് നിന്ന് മാറി സ്വഭാവ വേഷങ്ങളിൽ കേന്ദ്രീകരിച്ചു. വിനോദയാത്ര, ഉദയനാണ് താരം എന്നീ സിനിമകളിലെ സപ്പോർട്ടിംഗ് റോളുകൾ പ്രേക്ഷക പ്രീതി നേടിയവയാണ്. 2007-ൽ കഥ പറയുമ്പോൾ എന്ന സിനിമ നിർമ്മിച്ച് നിർമ്മാണ രംഗത്തേക്ക്‌ പ്രവേശിച്ചു. തട്ടത്തിൻ മറയത്ത്(2012) എന്ന സിനിമയും മുകേഷ് നിർമ്മിച്ചതാണ്. മലയാളത്തിൽ ഇതുവരെ ഏകദേശം 300 സിനിമകളിലഭിനയിച്ചിട്ടുണ്ട്.