പ്രപഞ്ചത്തിലെ ഏറ്റവും മികച്ച അന്യഗ്രഹജീവികള്‍
ശാസ്ത്രലോകത്തിന്റെ പുരോഗമനം വളരെയേറെ വേഗതയില്‍ ആണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം ലോകത്ത് സംഭവിച്ച വ്യത്യാസങ്ങള്‍ നോക്കുമ്പോള്‍ തന്നെ അത് മനസ്സിലാകും. സാങ്കേതിക പരമായി ഇത്രയേറെ മുന്നേറിയിരിക്കുന്നു എന്ന് കാണുമ്പോള്‍ മനുഷ്യനാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ആധുനിക സമൂഹം എന്ന് തോന്നും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സാങ്കേതികതയില്‍ മനുഷ്യന്‍ ഇപ്പോഴും ഒരു ശിശു ആണ്. Kardashev Scale കാണുമ്പോഴാണ് മനുഷ്യന്‍ സാങ്കേതിക പരമായും ഇനിയും എത്രമാത്രം വലുതാകേണ്ടിയിരിക്കുന്നു എന്ന് മനസ്സിലാകുന്നത്.
1964 ല്‍ നിക്കോളായ് കര്‍ദഷേവ് എന്ന ജ്യോതി ശാസ്ത്രഞ്ജന്‍ ആണ് കര്‍ദഷേവ് സ്കെയില്‍ എന്ന അളവ് രൂപപ്പെടുത്തി എടുത്തത്. ഒരു അഡ്വാന്‍സ്ട് സിവിലൈസേഷന്‍ അതായത് പുരോഗമിച്ച സമൂഹത്തിന് എത്രമാത്രം ടെക്നോളജി ഉണ്ടെന്നും അവര്‍ എത്രമാത്രം ഊര്‍ജ്ജം ഉപയോഗിക്കുന്നു എന്നതിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ അളവാണ്. കര്‍ദഷാവ് സ്കെയില്‍.
അദ്ദേഹം അഡ്വാന്‍സ്ഡ് സിവിലൈസേഷെനെ മൂന്നായി തരം തിരിച്ചു.ടൈപ്പ് 1 , ടൈപ്പ് 2 ,ടൈപ്പ് 3. എനര്‍ജ്ജിയും ടെക്നോളജിയുമാണ് ഒരു സിവിലൈസേഷന്‍ ഏതു തരമാണ് എന്ന് നിശ്ചയിക്കുന്നത്. കൂടുതല്‍ സാങ്കേതികവിദ്യകള്‍ ഉണ്ടെങ്കില്‍ അതിനനുസരിച് കൂടുതല്‍ ഊര്‍ജ്ജവും ആവശ്യമാണ്. അതുപോലെ തന്നെ കൂടുതല്‍ ഊര്‍ജ്ജം കിട്ടുന്നതിന് അനുസരിച്ച് കൂടുതല്‍ സാങ്കേതിക വിദ്യകളും വികസിപ്പിച്ച് എടുക്കാന്‍ സാധിക്കും. നിക്കോളായ് വിശ്വസിച്ചത് ഒരു സിവിലൈസേഷന്‍ എപ്പോഴും അവരുടെ ടെക്നോളജികള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുമെന്നും അതുകൊണ്ട് തന്നെ അവരുടെ ഊര്‍ജ്ജത്തിന്റെ ആവശ്യകതയും എപ്പോഴും കൂടുക തന്നെ ചെയ്യും എന്നാണ്.
കര്‍ദഷേവ് സ്കെയിലില്‍ ആദ്യം ചേര്‍ക്കപ്പെട്ട മൂന്ന് തരം സിവിലൈസേഷന്‍ കൂടാതെ പിന്നെയും നാലു തരം സിവിലൈസേഷന്‍ ചേര്‍ക്കപ്പെട്ടു. ടൈപ്പ് 0, ടൈപ്പ് 4 ,ടൈപ്പ് 5,പിന്നെ ടൈപ്പ് 6. അങ്ങനെ അഡ്വാന്‍സ്ട് സിവിലൈസേഷനെ ആകെ മൊത്തം ഏഴു താരങ്ങളായി തരം തിരിച്ചിരിക്കുന്നു. പക്ഷെ ഈ ഏഴു തരത്തില്‍ മനുഷ്യന്റെ സ്ഥാനം എവിടെയാണ്. നമുക്ക് നോക്കാം,നിക്കോളായ് പറഞ്ഞ മൂന്ന് തരം സിവിലൈസേഷന്‍ ഏതൊക്കെയാണെന്ന് ആദ്യം നോക്കാം,
- ടൈപ്പ് 1 സിവിലൈസേഷന്‍
കര്‍ദഷേവ് പറയുന്നത് അനുസരിച്ച് ടൈപ്പ് 1 സിവിലൈസേഷന്‍ എന്ന് പറയുമ്പോള്‍ ഒരേ ഒരു ഗ്രഹത്തിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന സമൂഹം എന്നാണ്. അതുകൊണ്ട് തന്നെ ഇവരെ പ്ലാന്ററി സിവിലൈസേഷന്‍(Planetary civilization). പക്ഷെ വളരെ ഏറെ പരിശ്രമിച്ചാല്‍ മാത്രമേ ടൈപ്പ് 1 തലത്തില്‍ എത്താന്‍ പറ്റൂ. വിന്‍ഡ് എനര്‍ജിയും സോളാര്‍ എനര്‍ജിയും പോലെ ഉള്ള റിന്യൂവബിള്‍ എനര്‍ജി മുതല്‍ ഫോസില്‍സ്വെല്‍ എനര്‍ജിയും ജിയോതെര്‍മ്മല്‍ എനര്‍ജിയും പോലെയുള്ള നോണ്‍റിന്യൂവബില്‍ എനര്‍ജി ഉള്‍പ്പടെ സ്വന്തം ഗ്രഹത്തില്‍ ലഭ്യമായ മുഴുവന്‍ എനര്‍ജിയും ഉപയോഗിക്കാന്‍ കഴിവുള്ള സിവിലൈസേഷന്‍ ആണിത്. ഭൂമി കുലുക്കം,കാലാവസ്ഥ, അഗ്നി പാര്‍വ്വത വിസ്ഫോടനം എന്നിങ്ങനെ സ്വന്തം ഗ്രഹത്തിലെ എല്ലാ അവസ്ഥകളും നിയന്ത്രിക്കാന്‍ കഴിവുള്ളവര്‍ ആയിരിക്കും ഇവര്‍. ന്യുക്ളിയര്‍ ഫ്യുഷന്‍ എന്‍ജി നിര്‍മ്മിക്കാനും ഉപയോഗിക്കാനും കഴിവുള്ളവര്‍.
- ടൈപ്പ് 2 സിവിലൈസേഷന്‍
സ്വന്തം ഗ്രഹത്തില്‍ ലഭ്യമായ ഊര്‍ജ്ജം മുഴുവന്‍ ഉപയോഗിച്ച് തീരുമ്പോള്‍ പിന്നെയുള്ള ഏക മാര്‍ഗ്ഗം മറ്റു ഗ്രഹങ്ങളും സ്വന്തം നക്ഷത്രവും ആണ്. അങ്ങനെ സ്വന്തം നക്ഷത്രത്തിന്റെ ഊര്‍ജ്ജം മുഴുവന്‍ ഉപയോഗിക്കാന്‍ കഴിവുള്ളവരാണ് ടൈപ്പ് 2 സിവിലൈസേഷന്‍ ഇവരെ സ്റ്റെല്ലാര്‍ സിവിലൈസേഷന്‍ എന്നും പറയുന്നു. ഇങ്ങനെ സ്വന്തം നക്ഷത്രത്തിന്റെ ഊര്‍ജ്ജം എടുക്കാന്‍ ഉള്ള ഒരു മാര്‍ഗ്ഗമാണ് ടൈസന്‍സ് സ്ഫിയര്‍(Dyson sphere). ടൈസന്‍സ് സ്ഫിയര്‍ ഒരു സങ്കല്‍പ്പിക യന്ത്രമാണ്. നക്ഷത്രത്തെ പൂര്‍ണ്ണമായും വലയം ചെയ്ത് അതിന്റ ഊര്‍ജ്ജം മുഴുവന്‍ ശേഖരിക്കുന്ന യന്ത്രം. ഇങ്ങനെ ഒരു യന്ത്രം നിര്‍മ്മിക്കണം എങ്കില്‍ വളരെയധികം അത്യാധുനികമായ ടെക്നോളജി വേണം. ഇത്തരം സിവിലൈസേഷന്‍ തീര്‍ച്ചയായും മറ്റു ഗ്രഹങ്ങളിലും കോളനികള്‍ സ്ഥാപിച്ച് അവിടെ താമസിക്കുകയും അവിടുത്തെ ഊര്‍ജ്ജവും പ്രകൃതി സമ്പത്തും എല്ലാം ഉപയോഗിക്കുകയും ചെയ്യും. ഇത്തരം സമൂഹത്തിന് എന്തുതരം പ്രകൃതി ദുരന്തങ്ങളെയും നേരിടാന്‍ കഴിവുണ്ടായിരിക്കും. അതുകൊണ്ട് തന്നെ വംശനാശം സംഭവിക്കും എന്ന പേടി അവര്‍ക്കുണ്ടയിരിക്കില്ല.
- ടൈപ്പ് 3 സിവിലൈസേഷന്‍
ഇതാണ് നിക്കോളായ് കര്‍ദഷേവിന്റെ വിശ്വാസത്തില്‍ ഏറ്റവും ഉന്നതമായ പുരോഗമന സമൂഹം അഥവാ അഡ്വാന്‍സ്ഡ് സിവിലൈസേഷന്‍. സ്വന്തം ഗാലക്സിയിലെ മുഴുവന്‍ ഊര്‍ജ്ജവും ഉപയോഗിക്കാന്‍ ശേഷി ഉള്ളവര്‍ ആയിരിക്കും ഒരു ടൈപ്പ് 3 സിവിലൈസേഷന്‍ അതുകൊണ്ട് തന്നെ ഇവരെ ഗാലക്ടിക് സിവിലൈസേഷന്‍ എന്നും പറയുന്നു. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉള്‍പ്പടെ ആ ഗാലക്സയില്‍ ഉള്ള സകലതും അവരുടെ അധീനതയില്‍ ആയിരിക്കും. അവരുടെ സാങ്കേതികപരമായ കഴിവുകള്‍ നമ്മുടെ ബുദ്ധിക്കും സങ്കല്‍പ്പത്തിനും എല്ലാം മുകളില്‍ ആയിരിക്കും. ഒരു ടൈപ്പ് 2 സിവിലൈസേഷന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ നൂറു കോടി മടങ്ങ് ഊര്‍ജ്ജം ഒരു ടൈപ്പ് 3 സിവിലൈസേഷന്‍ ഉപയോഗിക്കും മരണം എന്നത് ഇവര്‍ക്ക് വെറും ഒരു രോഗം മാത്രമായിരിക്കും. എന്നുവച്ചാല്‍ മരണത്തെ അതിജീവിക്കാന്‍ കഴിവുള്ള സമൂഹം. പ്രകാശവേഗതയിലോ അതിനെക്കാള്‍ വേഗതയിലോ ആയിരിക്കും ഇവര്‍ ബഹിരാകാശസഞ്ചാരം നടത്തുന്നത്. നമ്മള്‍ ഒരു സോളാര്‍ പാനല്‍ ഉപയോഗിക്കുന്ന ലാഘവത്തോടെ ആയിരിക്കും ഇവര്‍ ടൈസന്‍ സ്ഫിയര്‍ ഉപയോഗിക്കുന്നത്. നക്ഷത്രങ്ങള്‍ക്കിടയിലെ യാത്ര ഇവര്‍ക്ക് സര്‍വ്വസാധാരണം ആയിരിക്കും. ബ്ലാക്ക് ഹോളിന്റെ ഊര്‍ജ്ജം കുറച്ചെങ്കിലും ഉപയോഗിക്കാന്‍ പറ്റുന്നവര്‍ ആയിരിക്കും ഇവര്‍. ഒരു പക്ഷെ നമ്മള്‍ ഇതുവരെ കേട്ടിട്ട് പോലുമില്ലാത്ത ഉറവിടങ്ങളില്‍ നിന്ന് പോലും ഊര്‍ജ്ജം എടുക്കാന്‍ കഴിവുള്ളവര്‍ ആയിരിക്കും ഒരു ടൈപ്പ് 3 സിവിലൈസേഷന്‍.
ഇതാണ് നിക്കോളായ് പറഞ്ഞ മൂന്ന് തരം അഡ്വാന്‍സ്ഡ് സിവിലൈസേഷന്‍ അഥവാ പുരോഗമന സമൂഹം. എന്നാല്‍ ഇതുകൂടാതെ ഇനിയും നാലു തരം സിവിലൈസേഷന്‍സ് കൂടെ ഈ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ടൈപ്പ് 0,ടൈപ്പ് 4 ,ടൈപ്പ് 5,ടൈപ്പ് 6.ഈ നാലു തരങ്ങളാണ് കൂടുതലായി ചേര്‍ത്തത്.
- ടൈപ്പ് 0
ടൈപ്പ് 1 സിവിലൈസേഷന്‍ മനസ്സിലായ സ്ഥിതിക്ക് ടൈപ്പ് 0 സിവിലൈസേഷന്‍ എങ്ങനെ ആണ് എന്ന് ഊഹിക്കാവുന്നതെ ഉള്ളു. സ്വന്തം ഗ്രഹത്തിലെ ഊര്‍ജ്ജം മുഴുവനായും ഉപയോഗിക്കാന്‍ ശേഷിയില്ലാത്ത സമൂഹമാണ് ടൈപ്പ് 0 സിവിലൈസേഷന്‍. ഫോസില്‍ ഫ്യുവല്‍ പോലെയുള്ള അസംസ്കൃതപദാര്‍ത്ഥങ്ങളില്‍ നിന്നുമായിരിക്കും ഇവര്‍ പ്രധാനമായും ഊര്‍ജ്ജം കണ്ടെത്തുന്നത്. സ്വന്തം ഗ്രഹത്തില്‍ നിന്ന് മറ്റു ഗ്രഹങ്ങളിലേക്ക് പോകാന്‍ ഉള്ള ടെക്നോളജി ഇവര്‍ക്കുണ്ടയിരിക്കില്ല.പക്ഷെ അതിന് വേണ്ടിയുള്ള നിരന്തര പരിശ്രമത്തില്‍ ആയിരിക്കും ഇവര്‍. അതെ ഇന്ന് ഈ സ്ഥാനത്താണ് മനുഷ്യന്‍. കാള്‍ സാഗന്‍(Carl Sagan) എന്ന അമേരിക്കന്‍ ജ്യോതിശാസ്ത്രന്ജന്റെ അഭിപ്രായത്തില്‍ കര്‍ദഷേവ് സ്കെയിലില്‍ മനുഷ്യന്റെ സ്ഥാനം 0.7 എന്ന അളവിലാണ്.അമേരിക്കന്‍ ഭൗതികശാസ്ത്രഞ്ജന്‍ ആയ മിച്ചിയോ കാക്കു(Michio Kaku)പറയുന്നത് അനുസരിച്ച് ഇനിയും ഏകദേശം ഇരുന്നൂറു വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ മനുഷ്യന്‍ ടൈപ്പ് 1 സിവിലൈസേഷന്‍ ആകും. മനുഷ്യരാശിയുടെ പുതിയ യുഗത്തിന്റെ ആരംഭം ആയിരിക്കും അത്.
- ടൈപ്പ് 4
ഒരു ഗാലക്സി മുഴുവന്‍ ഭരിക്കുന്ന ടൈപ്പ് 3 സിവിലൈസേഷന്‍ ഒന്നും അല്ല എന്ന് തോന്നുന്നത് ടൈപ്പ് 4 നെക്കുറിച്ച് കേള്‍ക്കുമ്പോഴാണ്.കാരണം ഒരു ടൈപ്പ് 4 സിവിലൈസേഷന്‍ പ്രപഞ്ചത്തിലെ മുഴുവന്‍ ഊര്‍ജ്ജവും ഉപയോഗിക്കുന്നവര്‍ ആയിരിക്കും. ഒരു കുഞ്ഞു വാല്‍നക്ഷത്രം പോലും നമുക്ക് ഒരു അത്ഭുതം ആണ്. എന്നാല്‍ ഇവര്‍ക്ക് ഒരു സൂപ്പര്‍ മാസ്സിവ് ബ്ലാക്ക് ഹോള്‍ പോലും വളരെ വളരെ നിസ്സാരമായ ഒന്നായിരിക്കും. പ്രപഞ്ചത്തില്‍ ഉള്ള സര്‍വ്വവും ഇവരുടെ അധീനതയില്‍ ആയിരിക്കും. വേംഹോള്‍ ,ടെലിപോര്‍ട്ടേഷന്‍ മുതലായ ടെക്നോളജികള്‍ ഇവര്‍ക്ക് സര്‍വ്വസാധാരണം ആയിരിക്കും. ഡാര്‍ക്ക് എനര്‍ജ്ജിയും ഡാര്‍ക്ക് മാറ്ററും ഉപയോഗിക്കാന്‍ കഴിവുള്ളവര്‍ ആയിരിക്കും ഇവര്‍.
- ടൈപ്പ് 5
നമ്മുടെ പ്രപഞ്ചത്തിന് അപ്പുറത്ത് ഇതുപോലെ അനേകം പ്രപഞ്ചങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നാണ് ശാസ്ത്രന്ജരുടെ നിഗമനം. ഈ സിദ്ധാന്തത്തിനെ മള്‍ട്ടിവേഴ്സ് സിദ്ധാന്തം എന്നാണ് പറയുന്നത്.ഒരു ടൈപ്പ് 5 സിവിലൈസേഷന്‍ ഉണ്ടെങ്കില്‍ അവര്‍ ഈ മള്‍ട്ടിവേഴ്സിനെ മുഴുവന്‍ നിയന്ത്രിക്കാന്‍ കഴിവുള്ളവര്‍ ആയിരിക്കും. പ്രകാശവേഗത എന്നത് ഇവരെ സംബന്ധിച്ചടത്തോളം ഏറ്റവും കുറഞ്ഞ വേഗത ആയിരിക്കും. മനുഷ്യരുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു ടൈപ്പ് 5 സിവിലൈസേഷന്റെ ശക്തികളെ പറ്റിയും അവരുടെ ടെക്നോളജികളെ ക്കുറിച്ചും സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല.
- ടൈപ്പ് 6
ടൈപ്പ് 4 സിവിലൈസേഷന്‍ പ്രപഞ്ചത്തെയും ടൈപ്പ് 5 സിവിലൈസേഷന്‍ അനേകം പ്രപഞ്ചങ്ങളെയും നിയന്ത്രിക്കുന്നവര്‍ ആണെങ്കില്‍ ടൈപ്പ് 6 സിവിലൈസേഷന്‍ ആരായിരിക്കും??? സമയത്തിനെ നിയന്ത്രിക്കാന്‍ കഴിവുള്ളവര്‍ ആയിരിക്കും ഇവര്‍. ഒരു പ്രപഞ്ചത്തെ നശിപ്പിക്കാനും മറ്റൊരു പുതിയ പ്രപഞ്ചത്തിന് രൂപം കൊടുക്കാനും കഴിവുള്ളവര്‍ മരണം എന്നാല്‍ എന്താണെന്ന് പോലും അറിയാത്തവര്‍. ചുരുക്കി പറഞ്ഞാല്‍ ദൈവത്തിന് തുല്ല്യര്‍.