ActorsEncyclopediaFilm Spot

മോഹൻലാൽ

മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ (പൂർണ്ണനാമം: മോഹൻലാൽ വിശ്വനാഥൻ, ജനനം: മേയ് 21, 1960). രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്‌. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.

1980, 90 ദശകങ്ങളിൽ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ്‌ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ സോളമൻ, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസൻ, തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ജയകൃഷ്ണൻ, മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഡോക്ടടർ സണ്ണി, ചിത്രം എന്ന ചിത്രത്തിലെ വിഷ്ണു, ദശരഥം എന്ന ചിത്രത്തിലെ രാജീവ് മേനോൻ,കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ, ഭരതം എന്ന ചിത്രത്തിലെ ഗോപി, ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ഇരുവർ എന്ന ചിത്രത്തിലെ ആനന്ദ്, വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടൻ, സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ, തന്മാത്ര എന്ന ചിത്രത്തിലെ രമേശൻ നായർ, പരദേശി എന്ന ചിത്രത്തിലെ വലിയകത്തു മൂസ, ഭ്രമരം എന്ന ചിത്രത്തിലെ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്‌.