മൈക്കേൽ ഫാരഡെ
വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് മൈക്കേൽ ഫാരഡേ(1791 സെപ്റ്റംബർ 22 – 1867 ഓഗസ്റ്റ് 25). വൈദ്യുതി കൃത്രിമമായി ഉല്പാദിപ്പിക്കുവാനുള്ള വഴി കണ്ടെത്തിയ ഫാരഡേയാണ് ഇന്നു ലോകത്തുള്ള എല്ലാ അത്യന്താധുനിക കണ്ടുപിടിത്തങ്ങൾക്കും നാന്ദി കുറിച്ചത് എന്നു പറയാം. സാറയായിരുന്നു ഭാര്യ. വൈദ്യുതകാന്തികത്, വൈദ്യുതരസതന്ത്രം എന്നീ മേഖലകളിൽ ഇദ്ദേഹം ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. വൈദ്യുത കാന്തിക ഇൻഡക്ഷൻ, ഡയാമാഗ്നറ്റിസം, ഇലക്ട്രോലൈസിസ് എന്നീ മേഖലകളിലെ ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ എടുത്തുപറയാവുന്നവയാണ്.
ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും ചരിത്രത്തിലും ശാസ്ത്രത്തിലും ഏറ്റവും സ്വാധീനം ചെലുത്തിയ ചില കണ്ടുപിടിത്തങ്ങൾ നടത്തിയ വ്യക്തിയാണിദ്ദേഹം. ശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരീക്ഷണവിദഗ്ദ്ധൻ ഇദ്ദേഹമാണെന്ന് പറയാവുന്നതാണ്. ഡയറക്റ്റ് കറണ്ട് പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റുമുള്ള വൈദ്യുതകാന്തിക ഫീൽഡിനെ സംബന്ധിച്ച ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങളാണ് വൈദ്യുത കാന്തിക ക്ഷേത്രം എന്നതുസംബന്ധിച്ച ധാരണ തന്നെ ഊർജ്ജതന്ത്രത്തിൽ ഉണ്ടാവാൻ കാരണം. പ്രകാശവീചികളെ സ്വാധീനിക്കാനുള്ള കഴിവും കാന്തികമണ്ഡലത്തിനുണ്ട് എന്ന് ഇദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. ഈ രണ്ടു കാര്യങ്ങൾ തമ്മിൽ ബന്ധമുണ്ട് എന്നും ഇദ്ദേഹമാണ് ഊഹിച്ചത്. വൈദ്യുത മോട്ടോറുകളുടെ കണ്ടുപിടിത്തം ഈ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന് കാരണമായി. ഈ കണ്ടുപിടിത്തം കാരണമാണ് വൈദ്യുതി ഉപയോഗിച്ചുള്ള സാങ്കേതികവിദ്യകൾ വികസിച്ചതുതന്നെ.
ബെൻസീൻ കണ്ടുപിടിച്ചതും, ക്ലോറിന്റെ ക്ലാത്രേറ്റ് ഹൈഡ്രേറ്റ് സംബന്ധിച്ച പരീക്ഷണങ്ങൾ നടത്തിയതും, ബൺസൺ ബർണറിന്റെ ഒരു ആദ്യരൂപം കണ്ടുപിടിച്ചതും, ഓക്സിഡേഷൻ നമ്പറുകൾ സംബന്ധിച്ച വ്യവസ്ഥകൾ രൂപപ്പെടുത്തിയതും ഇദ്ദേഹത്തിന്റെ രസതന്ത്രമേഖലയിലെ സംഭാവനകളാണ്. ആനോഡ്, കാഥോട്, ഇലക്ട്രോഡ്, അയോൺ എന്നീ പ്രയോഗങ്ങൾ പ്രചാരത്തിൽ കൊണ്ടുവന്നതും ഇദ്ദേഹമാണ്. ബ്രിട്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂഷനിലെ ആദ്യത്തെ ഫുള്ളേറിയൻ പ്രഫസർ ഓഫ് കെമിസ്ട്രി എന്ന ആജീവനാന്ത സ്ഥാനം ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.
ഗണിതശാസ്ത്രത്തിൽ ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം ശുഷ്കമായിരുന്നു. ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളെ ഗണിതശാസ്ത്ര സമവാക്യങ്ങളിലൂടെ ചുരുക്കിയിരുന്നു. ഇതാണ് വൈദ്യുതകാന്തിക പ്രതിഭാസങ്ങളെ സംബന്ധിച്ച സിദ്ധാന്തങ്ങളുടെ അടിസ്ഥാനശിലയായി കണക്കാക്കപ്പെടുന്നത്. ബലരേഖകളെ സംബന്ധിച്ച ഫാരഡേയുടെ നിരീക്ഷണങ്ങളെപ്പറ്റി മാക്സ്‌വെല്ലിന്റെ നിരീക്ഷണമനുസരിച്ച് ഫാരഡേ “വളരെ ഉയർന്ന ഗണത്തിൽ പെട്ട ഒരു ഗണിതശാസ്ത്രജ്ഞനുമായിരുന്നു – ഇദ്ദേഹത്തിൽ നിന്ന് ഭാവിയിലെ ഗണിതശാസ്ത്രജ്ഞർ മികച്ച രീതികൾ കണ്ടുപിടിച്ചേയ്ക്കാം.” കപ്പാസിറ്റൻസിന്റെ എസ്.ഐ. യൂണിറ്റ് ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഫാരഡ് എന്നാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.
ആൽബർട്ട് ഐൻസ്റ്റീൻ ഫാരഡേയുടെ ചിത്രം തന്റെ പഠനമുറിയിൽ സൂക്ഷിച്ചിരുന്നു. ഐസക് ന്യൂട്ടൺ, ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ എന്നിവരുടെ ചിത്രങ്ങളും ഐൻസ്റ്റീൻ സൂക്ഷിച്ചിരുന്നു. ഊർജ്ജതന്ത്രജ്ഞനായിരുന്ന ഏണസ്റ്റ് റൂഥർഫോർഡ് ഇപ്രകാരം പറയുകയുണ്ടായി; “ഫാരഡേയുടെ കണ്ടുപിടിത്തങ്ങളുടെ വലിപ്പവും വ്യാപ്തിയും; അവ ശാസ്ത്രത്തിനും വ്യവസായമേഖലയ്ക്കും നൽകിയ നേട്ടങ്ങളും കണക്കിലെടുത്താൽ അദ്ദേഹത്തിന് എത്ര ബഹുമാനം നൽകിയാലും അത് അധികമാവില്ല. ഇദ്ദേഹം ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ കാര്യത്തിൽ ഏറ്റവും മഹാന്മാരുടെ ഗണത്തിൽ പെടുന്നു. “.
ആദ്യകാല ജീവിതം
ലണ്ടൻ നഗരത്തിനു സമീപമുള്ള ന്യുവിംഗ്ടണിൽ 1791 സെപ്റ്റംബർ 22-നായിരുന്നു ഫാരഡെയുടെ ജനനം. പിതാവിന്റെ പേര് ജയിംസ് ഫാരഡെ എന്നും മാതാവിന്റെ പേര് മാർഗരറ്റ് ഫാസ്റ്റ്വെൽ എന്നും ആയിരുന്നു. ലണ്ടന്റെ സമീപപ്രദേശമായ നെവിങ്ടണിലാണ് ഫാരഡേയുടെ ജനനം. ദാരിദ്ര്യം ഫാരഡേയുടെ ബാല്യകാല ജീവിതത്തെ തികച്ചും ദുരിതപൂർണ്ണമാക്കിയിരുന്നു. മൈക്കേലിന് അഞ്ചുവയസ്സുള്ളപ്പോൾ കുടുംബം മാഞ്ചെസ്റ്ററിലേക്കു താമസം മാറി. അവിടെ ഒരു പ്രാഥമിക വിദ്യാലയത്തിൽ ചേർത്തെങ്കിലും അധികകാലം പഠനം തുടരാൻ കഴിഞ്ഞില്ല.
വിദ്യാഭ്യാസം
വളരെ ചെറിയ പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ഫാരഡേയ്ക്ക് നേടാനായൊള്ളൂ. പതിമൂന്നാം വയസ്സിൽ തന്നെ ജോലിക്ക് പോകാൻ അദ്ദേഹം നിർബന്ധിതനായി. പുസ്തകങ്ങൾ കുത്തിക്കെട്ടുന്ന പണിയായിരുന്നു ആദ്യം ലഭിച്ചത്. ഫാരഡേയുടെ യജമാനനായിരുന്ന റിബോ വളരെ ദയാലുവായിരുന്നു. പലപ്പോഴും കുത്തിക്കെട്ടാനുള്ള പുസ്തകങ്ങൾ ഫാരഡേ വായിച്ചുകൊണ്ടിരിക്കുന്നതു കണ്ടാലും അദ്ദേഹം വഴക്കുപറയുകയോ ശാസിക്കുകയോ ചെയ്യാതെ കുട്ടിയെ പ്രോത്സാഹിപ്പിക്കുമായിരുന്നു. ഒരിക്കൽ കടയിൽ ഹംഫ്രിഡേവിയെന്ന ശാസ്ത്രജ്ഞനേക്കുറിച്ചും അദ്ദേഹം റോയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വൈദ്യുതിയെക്കുറിച്ച് ചെയ്യാൻ പോകുന്ന പ്രസംഗ പരമ്പരയെക്കുറിച്ചുമുണ്ടായ സംഭാഷണം ശ്രദ്ധയോടെ കേട്ടിരുന്ന ഫാരഡേ എന്ന ബാലനെ കടയിലെ ഒരു പതിവുകാരൻ ശ്രദ്ധിക്കുകയും പ്രസംഗപരമ്പരയിൽ സംബന്ധിക്കാനുള്ള ഒരു ടിക്കറ്റ് നൽകുകയും ചെയ്തു. ഫാരഡേയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു അത്. റോയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാരഡേ കേട്ട ഓരോ പ്രസംഗവും ഓരോ അനുഭവങ്ങളായിരുന്നു. വൈദ്യുതി എന്ന ആശയം ഫാരഡേയെ അത്രക്ക് ആകർഷിച്ചിരുന്നു. താൻ കേട്ട പ്രസംഗങ്ങളെല്ലാം കുറിപ്പുകളാക്കി സൂക്ഷിക്കാനും അവയുടെ ആശയങ്ങൾ എല്ലാം എഴുതിച്ചേർത്ത് ഫാരഡേ ഒരു പുസ്തകം വരെ ഉണ്ടാക്കിയിരുന്നു. അപ്പോഴേക്കും റിബോയുടെ കീഴിലെ ജോലി അവസാനിച്ചിരുന്നു. പിന്നീട് മറ്റുപലരുടെ അടുത്ത് ഫാരഡേ ജോലിക്ക് നിന്നിരുന്നുവെങ്കിലും അവരാരും തന്നെ ഫാരഡേയോട് ദയാപരമായി പെരുമാറിയിരുന്നില്ല.
1804ൽ ബ്ലാൻഡ് ഫോർഡ്സ് സ്ട്രീറ്റിൽ പുസ്തക വ്യാപാരവും ബൈൻഡിംഗും നടത്തിവന്ന ജോർജ് റീബൊയുടെ കടയിൽ ജോലിക്ക് ചേർന്നു. ഒരിക്കൽ ബൈൻഡ് ചെയ്യാനായി കടയിൽ എത്തിയ ‘എൻസൈക്ലൊപീഡിയ ബ്രിട്ടാനിക്ക‘ എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പ് ഫാരഡെയുടെ കൈകളിലെത്തി. അതിലെ വൈദ്യുതിയെപ്പറ്റിയുള്ള ലേഖനം മൈക്കേലിനെ ആകർഷിച്ചു.
മൈക്കേൽ ഫാരഡെ
1810ൻറെ തുടക്കത്തിലായിരുന്നു അത്. ഫാരഡെയ്ക്ക് അന്ന് 18 വയസ്. ബുക് ഷോപ്പിലെ ഒരു ആവശ്യത്തിനായി ധൃതിയിൽ പോവുകയായിരുന്നു മെക്കേൽ. ഒരു മതിലിലെ പരസ്യം പെട്ടെന്ന് ശ്രദ്ധയിൽ പെട്ടു. ഭൗതികദർശനങ്ങളെപ്പറ്റിയുള്ള പ്രഭാഷണങ്ങളെപ്പറ്റിയായിരുന്നു പരസ്യത്തിൽ. സിറ്റി ഫിലോസഫിക്കൽ സൊസൈറ്റിയായിരുന്നു സംഘാടകർ. ഈ പ്രഭാഷണങ്ങളിൽ പങ്കെടുത്ത് മൈക്കേൽ കുറിപ്പുകൾ തയ്യാറാക്കി. 1812ൽ ഇവ പുസ്തകരുപത്തിൽ പ്രസിദ്ധീകരിച്ചു.
പ്രസംഗങ്ങളിൽ നിന്നു കിട്ടിയ ആശയങ്ങളും സ്വന്തം ആശയങ്ങളും ചേർത്ത് ഫാരഡേ മനോഹരമായൊരു പുസ്തകം റോയൽ സൊസൈറ്റിക്ക് അയച്ച് കൊടുത്തിരുന്നു. ഏതാനം വർഷങ്ങൾക്ക് ശേഷമാണ് മറുപടികിട്ടിയത്. റോയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചെറിയൊരു ഒഴിവുണ്ട് ഫാരഡേയ്ക്ക് താത്പര്യമുണ്ടെങ്കിൽ വരികയെന്നായിരുന്നു ആ മറുപടി. മറുപടി ലഭിച്ചതും പുസ്തകക്കടകളിൽ നിന്നും ഫാരഡേ ശാസ്ത്രസന്നിധിയിൽ എത്തി. പരീക്ഷണശാലയിലെ പരിചാരകനായിട്ടായിരുന്നു ലഭിച്ച പണി. ബീക്കറും ടെസ്റ്റ്യൂബുകളും കഴുകുകയായിരുന്നു ജോലി, ശമ്പളമോ നന്നേ കുറവും എങ്കിലും ഫാരഡേ ആ ചുറ്റുപാടിൽ പിടിച്ചുനിൽക്കാൻ തീരുമാനിച്ചു. കാന്തികതയും വൈദ്യുതിയുമായി ബന്ധമുണ്ടെന്ന് ഏർസ്റ്റെഡ് കണ്ടെത്തിയ റിപ്പോർട്ടൊക്കെ നേരിട്ടുകാണാൻ ഫാരഡേക്ക് കഴിഞ്ഞു. താൻ വായിച്ചതും അനുമാനിച്ചതുമായ സിദ്ധാന്തങ്ങളൊക്കെയും ഫാരഡേക്ക് അവിടെ പരീക്ഷിച്ചു നോക്കാൻ സാധിച്ചു. ക്രമേണ ഫാരഡേയെ ഒരു ശാസ്ത്രജ്ഞനായി മറ്റുള്ളവർ അംഗീകരിച്ചു. അക്കാലത്ത് രാജാവ് ഫാരഡേക്ക് സർ പദവി നൽകി അദ്ദേഹത്തെ ആദരിക്കാൻ തീരുമാനിച്ചു. എന്നാൽ സാധാരണ ഫാരഡേ യായിരിക്കുന്നതാണ് തനിക്കിഷ്ടം എന്നു പറഞ്ഞ് ഫാരഡേ അത് നിരസിക്കുകയാണ് ചെയ്തത്.
ഒരു പരിചാരകനായി ജോലിയിൽ പ്രവേശിച്ച ഫാരഡേയെ അന്നത്തെ ഏറ്റവും വലിയ പണ്ഡിതസഭയായ റോയൽ സൊസൈറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ സുഹൃത്തുക്കൾ ശ്രമിച്ചു. ഹംഫ്രിഡേവി മാത്രമാണ് ഫാരഡേയെ പണ്ഡിതനായംഗീകരിക്കാൻ മടിച്ചത്. തന്റെ അസിസ്റ്റന്റ് ശാസ്ത്രജ്ഞനാകുന്നത് അദ്ദേഹത്തിന് സഹിക്കു ന്നില്ലായിരുന്നു. സ്വയം പഠിച്ച് വളർന്ന്, പരീക്ഷായോഗ്യതകൾ ഇല്ലായിരുന്ന ഫാരഡേക്ക് ആ സ്ഥാനം തീർച്ചയായും യോജിക്കില്ലന്നായിരുന്നു ഹംഫ്രിയുടെ വാദം. ഫാരഡേയ്ക്കെതിരേ ഏറെ ഹംഫ്രി പ്രവർത്തിച്ചു നോക്കിയെങ്കിലും 1824 ജനുവരി 8-നു ഫാരഡേ ‘ഫെലോ ഓഫ് റോയൽ സൊസൈറ്റി’ ആയി തിരഞ്ഞെടുക്കപ്പെട്ടു.
വൈദ്യുതിയുടെ കണ്ടുപിടിത്തം
അക്കാലത്തൊരു ശീതകാലത്തിൽ എല്ലാവരും ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് പോയിട്ടും ഫാരഡേ കാന്തികതയുമായി മല്ലടിക്കുകയായിരുന്നു. ഫാരഡേ സുഹൃത്തായ ഫിലിപ്പിനെഴുതിയതനുസരിച്ച്
“ഞാൻ വൈദ്യുതികാന്തികതയുമായി അടുത്തു നിൽക്കുകയാണ്. എന്തോ കൈപ്പിടിയിലായി എന്നെനിക്കു തോന്നുന്നു, ചിലപ്പോഴതൊരു തിമിംഗിലമായിരിക്കാം, ചിലപ്പോഴത് പൊള്ളയായിരിക്കാം ”
അതൊരു വൻകണ്ടുപിടിത്തം തന്നെ ആയിരുന്നു. മനുഷ്യവംശത്തിന്റെ മുഴുവൻ ഗതിയും തിരിച്ചുവിട്ടൊരു കണ്ടുപിടിത്തം, കാന്തവും കമ്പിച്ചുരുളുമുപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാം (ഡൈനാമോ) എന്ന കണ്ടുപിടിത്തമായിരുന്നു അത്.
രസതന്ത്രത്തിൻറെ ലോകത്തിലേക്ക്
1824ൽ കാർബൺ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ ബ്രോമൈഡ്, ക്ലോറിൻ എന്നീ വാതകങ്ങളെ മർദ്ദം ഉപയോഗിച്ച് ദ്രാവകരൂപത്തിലാക്കാനുള്ള സംവിധാനം കണ്ടെത്തി. രാസപ്രവർത്തനം കൊണ്ട് തുരുമ്പിക്കാത്ത ഇരുമ്പ് ഫാരഡേയുടെ കണ്ടുപിടിത്തമാണ്. ആദേശരാസപ്രവർത്തനവും(Substitution Reaction) അതുവഴി കാർബണിന്റേയും ക്ലോറിന്റേയും സംയുക്തങ്ങൾ ആദ്യമായി(1820) നിർമ്മിച്ചതും ഫാരഡേയാണ്. 1825-ൽ ബെൻസീൻ കണ്ടുപിടിച്ചത് ഫാരഡേയാണ്. വൈദ്യുതിയുടെ രസതന്ത്രം കൂടുതൽ വെളിപ്പെടുത്തിയത് ഫാരഡേയാണ്. കാഥോഡ്, ആനോഡ്, അയണീകരണം തുടങ്ങി ഒട്ടനവധി വാക്കുകളും ഫാരഡേ ലോകത്തിനു സംഭാവന ചെയ്തിരിക്കുന്നു. ഫാരഡേയുടെ 158 പ്രബന്ധങ്ങളിൽ അമ്പതെണ്ണവും രസതന്ത്രത്തെ സംബന്ധിച്ചവയായിരുന്നു.
അവസാനം കാലം
പ്രായമായതോടുകൂടി ഫാരഡേയുടെ ഓർമ്മശക്തി കുറഞ്ഞുകൊണ്ടിരുന്നു. 1862-ൽ റോയൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പതിവുപ്രഭാഷണത്തിനിടെ ഫാരഡേയുടെ കുറിപ്പുകൾ തീയിൽ വീണ് കരിഞ്ഞുപോയി. ഓർമ്മ തീരെ കുറഞ്ഞിരുന്നതിനാൽ ഫാരഡേ പതറി. പ്രഭാഷണം പാളിയതായി മനസ്സിലാക്കിയ ഫാരഡേ അവിടെത്തന്നെ തന്റെ വിടവാങ്ങൽ പ്രസംഗം നടത്തി. ജീവിതസായാഹ്നത്തിൽ ഫാരഡേക്ക് പെൻഷൻ നൽകാൻ തീരുമാനമായി എന്നാൽ ആ തീരുമാനത്തിൽ തന്നോടുള്ള അനുകമ്പയുടേയോ സഹതാപത്തിന്റേയോ അംശമുണ്ടെന്ന് കരുതിയ ഫാരഡേ അതു നിരസിക്കാൻ ഒരുമ്പെടുകയാണ് ഉണ്ടായത്. ഒടുവിൽ രാജാവ് ജോർജ്ജ് നാലാമൻ തന്നെ നേരിട്ട് അങ്ങനെയല്ലന്നും ഫാരഡേയുടെ സേവനങ്ങളുടെ ഫലമാണെന്നും ബോധ്യ പ്പെടുത്തിയതിനുശേഷം മാത്രമേ ഫാരഡേ പെൻഷൻ വാങ്ങാൻ സമ്മതിച്ചുള്ളു.രോഗഗ്രസ്തനായ ഫാരഡേ 1867 ഓഗസ്റ്റ് 25-നു മരണമടഞ്ഞു.