മീന
മീന ദുരൈരാജ്, (ജനനം സെപ്റ്റംബർ 16) തെന്നിന്ത്യൻ ചലച്ചിത്രനടിയാണ്. മീന എന്ന വിളിപ്പേരിലാണ് മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്. ഷൈലോക്ക് എന്ന ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച വച്ചു.
സ്വകാര്യജീവിതം
ചെന്നൈയിലാണ് മീന ജനിച്ചത്. തമിഴ് വംശജനായ പിതാവ് ദുരൈരാജിന്റേയും കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചിറക്കൽ പാലസിൽനിന്നുള്ള മലയാളിയായ മാതാവ് രാജമല്ലികയുടേയും സംരക്ഷണയിൽ ചെന്നൈയിലാണ് മീന വളർന്നത്. ചെന്നൈയിലെ വിദ്യോദയ സ്കൂളുകളിൽ പഠനത്തിനു ചേർന്നു. അവളുടെ തിരക്കേറിയ അഭിനയ ഷെഡ്യൂൾ കാരണം എട്ടാം ക്ലാസ്സിൽ സ്കൂൾ വിദ്യാഭ്യാസം നിർത്തേണ്ടിവരുകയും പിന്നീട് സ്വകാര്യ കോച്ചിംഗിലൂടെ ചെന്നൈയിലെ വിദ്യോദയ സ്കൂളുകളിൽനിന്ന് പത്താം ക്ലാസ് പൂർത്തിയാക്കുകയും ചെയ്തു. 2006 ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഓപ്പൺ യൂണിവേഴ്സിറ്റി സമ്പ്രദായത്തിലൂടെ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പരിശീലനം ലഭിച്ച ഒരു ഭരതനാട്യം നർത്തകിയായ മീന, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിൽ പ്രാവീണ്യമുള്ള വനിതയാണ്.
ബാംഗ്ലൂർ ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ എഞ്ചിനീയറായ വിദ്യാസാഗറിനെ 2009 ജൂലൈ 12 ന് ആര്യ വ്യാസ സമാജ് കല്യാണ മണ്ഡപത്തിൽ വച്ച് മീന വിവാഹം കഴിച്ചു. പിന്നീട് ദമ്പതികൾ ആന്ധ്രാപ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചു. മേയർ രാമനാഥൻ ചെട്ടിയാർ ഹാളിൽ വിവാഹ സൽക്കാരം നടത്താൻ ദമ്പതികൾ വീണ്ടും ചെന്നൈയിലെത്തുകയും അതിൽ ദക്ഷിണേന്ത്യയിലെ പ്രമുഖരായ എല്ലാ അഭിനേതാക്കളും പങ്കെടുത്തിരുന്നു. ദമ്പതികളുടെ മകളായ “നൈനിക വിദ്യാസാഗർ” (ജനനം: 1 ജനുവരി 2011) നടൻ വിജയ്‌ക്കൊപ്പം തെറി (2016) എന്ന ചിത്രത്തിലൂടെ അഞ്ചാം വയസ്സിൽ അഭിനയരംഗത്തേക്ക് പ്രവേശിച്ചു.