സഞ്ചിമൃഗങ്ങള്‍
കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തുന്ന ജീവികളെയാണല്ലോ സസ്തനികള്‍ എന്നു വിളിക്കുന്നത്. സസ്തിനികളില്‍ തന്നെ ഒരു കൂട്ടര്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് ഒരു സഞ്ചിയിലിട്ടാണ്. ദേഹത്തുതന്നെയുള്ള ഈ സഞ്ചിയ്ക്ക് പേര് മാര്‍സൂപ്പിയം. ഉദരത്തോടു ചേര്‍ന്ന് കാണുന്ന മാര്‍സൂപ്പിയം എന്ന ഈ സഞ്ചിയിലുള്ള സസ്തനികളെ മാര്‍സൂപ്പിയലുകള്‍ അഥവാ സഞ്ചിയിലുള്ള മൃഗങ്ങള്‍ എന്നു വിളിക്കുന്നു. പൗച്ച്ട് മാമല്‍സ് എന്നും അവ അറിയപ്പെടുന്നു.
സഞ്ചിമൃഗങ്ങളുടെ സഞ്ചിക്കുള്ളില്‍ കുഞ്ഞുങ്ങള്‍ക്ക് സുഖമായി താമസിക്കാം. സസ്തനികള്‍ വളര്‍ച്ചയെത്തിയ കുഞ്ഞുങ്ങളെ പ്രസവിക്കുമ്പോള്‍ സഞ്ചിമൃഗങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്താത്ത കുഞ്ഞിനെ പ്രസവിക്കുന്നു. ഈ കുഞ്ഞുങ്ങള്‍ സഞ്ചിക്കുള്ളിലെത്തി പാല്‍ കുടിച്ച് വളരും. സഞ്ചിമൃഗങ്ങളില്‍ ചില കൂട്ടരുടെ കുഞ്ഞുങ്ങള്‍ ഭ്രൂണാവസ്ഥയില്‍ തന്നെ സഞ്ചിക്കുള്ളിലെത്തും ആ സമയത്ത് കുഞ്ഞുങ്ങള്‍ക്ക് കണ്ണുകാണുകയില്ല. അതുപോലെ ശരീരത്തില്‍ രോമങ്ങളും ഉണ്ടായിരിക്കുകയില്ല.
വലിപ്പം കൂടുതലുള്ള സഞ്ചിമൃഗങ്ങള്‍ ഒരു സമയം ഒരു കുഞ്ഞിനെ പ്രസവിക്കുമ്പോള്‍ വലിപ്പം കുറഞ്ഞ ചില കൂട്ടര്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ഒരു സമയം ജന്മം നല്‍കാറുണ്ട്. ഇവരെല്ലാം അമ്മയുടെ സഞ്ചിയില്‍ കിടന്നു വളരുകയും ചെയ്യും. വളര്‍ച്ചയ്ക്കാവശ്യമായ പാല്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരു പോലെ ലഭിക്കുകയും ചെയ്യും.
സഞ്ചിമൃഗങ്ങളില്‍ ഒരുവനായ ചുവപ്പു കങ്കാരുവിന് മറ്റൊരു പ്രത്യേകതയുമുണ്ട്. അവയുടെ സഞ്ചിക്കുള്ളില്‍ കുഞ്ഞുങ്ങള്‍ക്ക് രണ്ടുതരം ഭക്ഷണം കിട്ടും. പ്രോട്ടീന്‍ അടങ്ങിയ പാലും കൊഴുപ്പ് അടങ്ങിയ പാലും.
സഞ്ചിമൃഗങ്ങളുടെ സഞ്ചികള്‍ തന്നെ പലവിധമുണ്ട്. ചിലത് മുന്നോട്ടു തുറന്നിരിക്കും. മറ്റുചിലതു പിന്നോട്ടും കങ്കാരുവിന്റെ സഞ്ചി മുന്നോട്ടാണ് തുറന്നിരിക്കുന്നത്. അതിനാല്‍ സഞ്ചിക്കുള്ളില്‍ നിന്നു കുഞ്ഞുങ്ങള്‍ക്ക് തല പുറത്തേക്കിട്ട് ഇരിക്കാം.
കൂടുതല്‍ കുഞ്ഞു ഉണ്ടാകുമ്പോള്‍ സഞ്ചിയില്‍ സ്ഥലം തികയാത്ത അവസ്ഥയും ചില കൂട്ടരിലുണ്ടാകും. മൗസ് ഒപ്പോസം അക്കൂട്ടത്തില്‍പെടുന്നു. അവയുടെ കുഞ്ഞുങ്ങള്‍ സഞ്ചിയോടടുത്ത് അമ്മയുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കും.
വലിയ സഞ്ചിമൃഗങ്ങളുടെ കുഞ്ഞുങ്ങള്‍ കുറച്ചുകാലമേ സഞ്ചിയില്‍ കഴിയൂ. അപ്പോഴേക്കും വളര്‍ച്ച പൂര്‍ത്തിയായി അവ പുറത്തുപോകുന്നു. പുറത്തുപോയാലും പാല്‍ കുടിക്കാനും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനും കുഞ്ഞുങ്ങള്‍ വീണ്ടും സഞ്ചിക്കുള്ളിലേക്കു കയറാറുണ്ട്.
സഞ്ചിമൃഗങ്ങളിലെ വമ്പന്‍ കങ്കാരു തന്നെ. കങ്കാരുക്കളുടെ കൂട്ടത്തിലെ ചുവപ്പു നിറക്കാര്‍ക്കാണ് ഏറ്റവും വലിപ്പം. എഴുപത്തഞ്ചു കിലോഗ്രാം വരെ അവയ്ക്കു ഭാരമുണ്ടാകും. എന്നാല്‍ വെറും അഞ്ചുഗ്രാം മാത്രം ഭാരമുള്ള സഞ്ചി മൃഗങ്ങളുമുണ്ട്.
ഒരിനം എലികളാണ് സഞ്ചിമൃഗങ്ങളിലെ ആ ഇത്തിരിക്കുഞ്ഞന്മാര്‍. എല്ലാ സഞ്ചിമൃഗങ്ങളുടെയും സഞ്ചി കങ്കാരുവിന്റേത് പോലെ വലിപ്പമുള്ളതാണെന്ന് കരുതരുതേ, ചിലയിനം സഞ്ചിമൃഗങ്ങളുടെ സഞ്ചി ശരിയായി വികാസം പ്രാപിക്കാത്ത സ്ഥിതിയിലുള്ളതാണ്.
സഞ്ചിമൃഗങ്ങളില്‍പെട്ട എല്ലാവര്‍ക്കും സഞ്ചിയുണ്ടെന്നു കരുതരുതേ. അമ്മമാര്‍ക്കു മാത്രമാണ് ഇത്തരം സഞ്ചിയിലുള്ളത്.
സഞ്ചിയുടെ കാര്യത്തില്‍ മാത്രമല്ല, ശരീരഘടനയുടെയും ശീലങ്ങളുടെയും ജീവിത രീതികളുടെയും കാര്യത്തില്‍ ഒട്ടേറെ പ്രത്യേകതകളുള്ള കൂട്ടമാണ് സഞ്ചിമൃഗങ്ങള്‍ കങ്കാരുകള്‍ക്ക് പിന്നോട്ട് സഞ്ചരിക്കാനാവില്ല, എന്നതു തന്നെ നല്ലൊരുദാഹരണമാണ്.
ഉറുമ്പുതീനികളും എലികളും മുതല്‍ പല തരക്കാറുണ്ട് സഞ്ചിമൃഗങ്ങളില്‍ വിചിത്ര സ്വഭാവങ്ങളും സവിശേഷതകള്‍ ഉള്ള കങ്കാരുക്കളും ഉണ്ട്.