മരയ്ക്കാര്‍ കോട്ട
ഇന്ന് കേരളത്തില്‍ പ്രസിദ്ധമായ കോട്ടയ്ക്കല്‍ എന്ന സ്ഥലം മലപ്പുറം ജില്ലയിലാണ് ഉള്ളത്. എന്നാല്‍ കുഞ്ഞാലി മരയ്ക്കാരുടെ കോട്ട സ്ഥിതി ചെയ്തിരുന്ന കോട്ടയ്ക്കല്‍ ഇതല്ല. കോഴിക്കോട് ജില്ലയിലെ ഒരു കടലോരഗ്രാമമാണത, കൊയിലാണ്ടി താലൂക്കിന്റെ വടക്കേ അറ്റത്ത് കോട്ടപ്പുഴ അറബിക്കടലില്‍ ചേരുന്ന അഴിമുഖത്തിനടുത്താണ് ഇതിന്‍റെ സ്ഥാനം.
കൊട്ടപ്പുഴയുടെ വടക്കേക്കരയിലാണ് വടകര. പ്രാചീന കേരളത്തില്‍ വീരേതിഹാസം രചിച്ച കടത്തനാട് പ്രദേശത്ത് ഉള്‍പ്പെട്ടതാണ് ഈ സ്ഥലം. ആരോമല്‍ചേകവരുടേയും ഉണ്ണിയാര്‍ച്ചയുടെയും തച്ചോളി ഒതേനന്റെയുമൊക്കെ അഭ്യാസപാടവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭൂമിയാണത്.
കേരളത്തിലെ പോര്‍ച്ചുഗീസ് ഭരണകാലത്തെക്കുറിച്ച് ഒട്ടേറെ വിവരണങ്ങള്‍ നല്‍കിയിട്ടുള്ള ഫ്രഞ്ചു സഞ്ചാരിയാണ് പിറാര്‍ട് ഡിലാവല്‍. ഇദ്ദേഹം കുഞ്ഞാലി മരയ്ക്കാരുടെ കോട്ട സന്ദര്‍ശിച്ചിട്ടുണ്ട്. കോട്ടയ്ക്കല്‍ കോട്ടയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിവരണം ഇങ്ങനെയാണ്.
മരയ്ക്കാന്മാരുടെ കോട്ട നവീനമാതൃകയിലുള്ളതായിരുന്നു. കുമ്മായവും മണ്ണും ചേര്‍ത്ത് ഉറപ്പുള്ള ഭിത്തികളോടുകൂടി ഉണ്ടാക്കിയിട്ടുള്ള ഈ കോട്ടയില്‍ ശുദ്ധജല വിതരണത്തിനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടായിരുന്നു. പ്രധാന കോട്ടയ്ക്കപ്പുറത്ത് നദീമുഖത്ത് മറ്റു രണ്ടു ചെറിയ കോട്ടകളും’ നിര്‍മിച്ചിട്ടുണ്ട്. ഇതിന്‍റെ മറവില്‍ കപ്പലുകള്‍ക്ക് ആക്രമണത്തിന് ഇരയാകാതെ സുരക്ഷിതമായി നില്‍ക്കാം. കോട്ടയുടെ ചുമരുകളില്‍ കുഞ്ഞാലി മരയ്ക്കാന്മാരുടെ വീരസാഹസിക കൃത്യങ്ങള്‍ പ്രകാശിപ്പിക്കുന്ന ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. അവര്‍ ആക്രമിച്ച് പിടിക്കുകയും നശിപ്പിക്കുകയും മറ്റും അവയില്‍ ഉള്‍പ്പെടും.
കോട്ടയ്ക്ക് സമീപത്തുള്ള ജുമാ മസ്ജിദില്‍ ഒരു വാളും തുരുമ്പുപിടിച്ച ഏതാനും ആയുധങ്ങളും മരയ്ക്കാന്മാര്‍ പോര്‍ച്ചുഗീസുകാരുടെ പക്കല്‍നിന്ന് പിടിച്ചെടുത്ത കൊത്തുപണികളോടുകൂടിയ വലിയ പീഠവും സൂക്ഷിച്ചിട്ടുണ്ട്.
മരയ്ക്കാര്‍ കോട്ട ഇന്നില്ല. ചരിത്രസംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ആ കൂറ്റന്‍ കോട്ടയുടെ മൂല്യം മനസ്സിലാക്കാതെ അതിന്‍റെ കല്ലുകള്‍ പോലും പലരും എടുത്തുകൊണ്ടുപോയി.