ActorsEncyclopediaFilm Spot

മനോജ് കെ. ജയൻ

പ്രശസ്തനായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവാണ് മനോജ് കടംപൂത്രമഠം ജയൻ എന്നറിയപ്പെടുന്ന മനോജ് കെ.ജയൻ 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലാണ്‌ അരങ്ങേറ്റം കുറിച്ചത്. മാമലകൾക്കപ്പുറത്ത് ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ സിനിമ. 1992-ൽ റിലീസായ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി.

ജീവിതരേഖ

പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായ കടംപൂത്രമഠം ജയൻറെയും (ജയവിജയന്മാർ) അധ്യാപികയായ സരോജിനിയുടേയും മകനായി 1966 മാർച്ച് 15ന് കോട്ടയത്ത് ജനിച്ചു മനോജ് കടംപൂത്രമഠം ജയൻ എന്നാണ് മുഴുവൻ പേര്. പ്രാഥമിക വിദ്യാഭ്യാസം സെൻറ് ജോസഫ് കോൺവെൻറ് യു.പി.സ്കൂൾ, എസ്.എച്ച്.മൗണ്ട് ഹൈസ്കൂൾ കോട്ടയം എന്നിവിടങ്ങളിലായിരുന്നു. നാട്ടകം ഗവ.കോളേജിൽ നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കുവാൻ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. 1987-ൽ റിലീസായ എൻറെ സോണിയ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടായിരുന്നു സിനിമാഭിനയത്തിൻറെ തുടക്കം. മാമലകൾക്കപ്പുറത്ത് എന്ന സിനിമയിൽ പ്രധാന കഥാപാത്രം ചെയ്തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. 1990-ൽ റിലീസായ പെരുന്തച്ചൻ 1992-ൽ പുറത്തിറങ്ങിയ സർഗ്ഗം എന്നീ സിനിമകൾ മനോജിൻറെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയ സിനിമകളാണ്. സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രം അവതരിപ്പിച്ച മനോജ്.കെ.ജയന് 1992-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. സർഗ്ഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും കുട്ടൻ തമ്പുരാനെ അവതരിപ്പിച്ചത് മനോജ്.കെ.ജയനാണ്. തുടർന്നിങ്ങോട്ട് ഒട്ടേറെ സിനിമകളിൽ നായകനായിട്ടും ഉപനായകനായും വില്ലനായിട്ടും അഭിനയിച്ചു. ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ സിനിമകളിൽ പ്രേക്ഷക പ്രീതിയാർജിച്ച ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയിലെ അറിയപ്പെടുന്ന നടനായി മാറി. മണിരത്നം സംവിധാനം ചെയ്ത് രജനീകാന്ത് നായകനായി അഭിനയിച്ച ദളപതി എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തമിഴിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത മനോജ് തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും അഭിനയിച്ചു. സർഗ്ഗം, പഴശ്ശിരാജ, കളിയച്ഛൻ എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 2000-ൽ പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരമായ ഉർവ്വശിയെ വിവാഹം ചെയ്തെങ്കിലും 2008-ൽ അവർ വിവാഹമോചിതരായി ആ ബന്ധത്തിൽ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മിയാണ് ഏക മകൾ. 2011-ൽ പുനർവിവാഹിതനായ മനോജ് ഭാര്യ ആശ മകൻ അമൃത് എന്നിവരോടൊപ്പം ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു.