മണിപ്പൂർ
മണിപ്പൂർ ഇന്ത്യയുടെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്. തലസ്ഥാനം ഇംഫാൽ. മണിപ്പൂരി ഭാഷ മുഖ്യമായി സംസാരിക്കപ്പെടുന്ന ഭൂപ്രദേശമാണിത്. വടക്ക് നാഗാലാൻഡ്, തെക്ക് മിസോറം, പടിഞ്ഞാറ് അസം, കിഴക്ക് മ്യാന്മാർ എന്നിവയാണ് അതിർത്തികൾ. 1972-ൽ നിലവിൽ വന്ന ഈ സംസ്ഥാനം ‘ഇന്ത്യയുടെ രത്നം’ എന്ന പേരിൽ അറിയപ്പെടുന്നു. മണിപ്പൂരി, ഇംഗ്ലീഷ് എന്നിവയാണ് മണിപ്പൂർ സംസ്ഥാനത്തിൻറെ ഔദ്യോഗിക ഭാഷകൾ. ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ തെക്കുകിഴക്കൻ ഏഷ്യയിലാണ് മണിപ്പൂരിന്റെ സ്ഥാനം.
ചരിത്രം
മണിപ്പൂരിന്റെ എഴുതപ്പെട്ടിട്ടുള്ള ചരിത്രം തുടങ്ങുന്നത് 1762ൽ രാജ ജയ് സിംഗ് ബ്രിട്ടീഷുകാരുമായി ബർമ്മൻ അധിനിവേശം തടയാനുണ്ടാക്കിയ സന്ധിയിൽ നിന്നാണ്. പിന്നീട് 1824ൽ വീണ്ടും ബ്രിട്ടിഷ് സഹായം അഭ്യർഥിച്ച് മണിപ്പൂർ സന്ധി ചെയ്തു. രാജസ്ഥാനത്തിനു വേണ്ടിയുള്ള കിടമത്സരം ആ കാലഘട്ടങ്ങളിൽ അവിടെ രാഷ്ട്രീയ പ്രധിസന്ധികൾ തീർത്തിരുന്നു. 1891ൽ അഞ്ചു വയസ്സു മാത്രമുണ്ടായിരുന്ന ചുരാചന്ദ് രാജാവായി വാഴിക്കപ്പെട്ടതോടെയാണ് ഇതിനു ഒരറുതി വന്നത്. 1891ൽ അങ്ങനെ നാട്ടുരാജ്യമായാണ് മണിപ്പൂർ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ അധീനതയിൽ വന്നത്.
1947ൽ മണിപ്പൂർ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യൻ യൂണിയനിൽ ലയിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് സൈന്യവും സഖ്യ ശക്തികളുടെ സൈന്യങ്ങളും തമ്മിലുണ്ടായ പല വീറുറ്റ പോരാട്ടങ്ങൾക്കും വേദിയായിരുന്നു മണിപ്പൂർ. ഇംഫാലിൽ കടക്കാൻ കഴിയാതെ ജാപ്പനീസ് സേനക്ക് പരാജിതരായി മടങ്ങേണ്ടി വന്നത് യുദ്ധത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. യുദ്ധത്തിനു ശേഷം നിലവിൽ വന്ന മണിപ്പൂർ കോൺസ്റ്റിറ്റ്യൂഷൻ ആക്റ്റ് 1947 പ്രകാരം രാജ്യതലവനായി മഹാരാജാവും തിരഞ്ഞെടുക്കപ്പെട്ട നിയമനിർമ്മാണ സഭയും ചേർന്ന ഒരു ജനാധിപത്യ ഭരണരീതി നടപ്പിലായി. 1949ൽ മഹാരാജ ബുദ്ധചന്ദ്ര അന്നത്തെ ആസ്സാം പ്രവിശ്യയുടെ തലസ്ഥാനമായ ഷില്ലോങ്ങിലേക്ക് വിളിക്കപ്പെടുകയും ദുരൂഹസാഹചര്യങ്ങളിൽ നിയമനിർമ്മാണസഭ പിരിച്ചു വിട്ട് മണിപ്പൂർ ഒക്ടോബർ 1949ന് ഇന്ത്യൻ യൂണിയനോട് ചേർക്കുകയും ചെയ്തു.
1956ൽ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട മണിപ്പൂർ 1972 ജനുവരി 21 നാണ് സംസ്ഥാനമായി മാറിയത്. മുഹമ്മദ് അലിമുദ്ദീൻ ആയിരുന്നു മണിപ്പൂർ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി.
1964 ൽ യുണൈറ്റഡ് നാഷ്ണൽ ലിബറേഷൻ ഫ്രണ്ട് രൂപീകരിക്കപ്പെട്ടതു മുതൽ മണിപ്പൂരിൽ വിഘടന വാദവും അക്രമങ്ങളും തലപൊക്കിത്തുടങ്ങി. ഇപ്പോളും തുടരുന്ന ഈ അക്രമ പരമ്പരകളും, തീവ്രവാദ സംഘടനകളുടെ സാനിധ്യവും, മണിപ്പൂരിന്റെ തന്ത്രപ്രധാന സ്ഥാനവും കാരണം മണിപ്പൂർ സന്ദർശിക്കുവാൻ വിദേശികൾക്ക് പ്രത്യേക അനുമതി ആവശ്യമാണ്.