EncyclopediaGeneralTrees

മാവ്

ഇന്ത്യയിൽ ധാരാളമായി വളരുന്നഒരു ഫലവൃക്ഷമാണ് മാവ്. ഇതിന്റെ ഫലമാണ്‌ മാങ്ങ. ലോകത്ത്‌ ഏറ്റവും കൂടുതൽ മാങ്ങ ഉത്‌പാദിപ്പിക്കുന്നത്‌ ഇന്ത്യയിലാണ്‌. ഫലങ്ങളുടെ രാജാവ്‌ എന്നാണ്‌ മാങ്ങ അറിയപ്പെടുന്നത്‌. മൂവാണ്ടൻ, കിളിച്ചുണ്ടൻ തുടങ്ങി നിർവധി തരം മാങ്ങകൾ ഉണ്ട്.
ചരിത്രം
മാവ് എന്ന വൃക്ഷത്തിന്റെ ജന്മദേശത്തേക്കുറിച്ച് പല അഭിപ്രായങ്ങളും നിലവിലുണ്ടെങ്കിലും ദക്ഷിണ ഏഷ്യയിലാണ് മാവ് ജന്മം കൊണ്ടത് എന്ന് കൂടുതൽ ചരിത്രകാരന്മാരും വിശ്വസിക്കുന്നു. പ്രത്യേകിച്ചും കിഴക്കേ ഇന്ത്യയിൽ ബർമ്മയും ആൻഡമാൻ ദ്വീപുകളിലും ആയിരിക്കണം ഇത് ജന്മം കൊണ്ടത് എന്നാണ് കരുതുന്നത്. മാവിന്റെ ജന്മദേശം ആസ്സാം മുതൽ ബർമ്മ വരെ കാണപ്പെടുന്ന പ്രദേശങ്ങളിൽ ആയിരിക്കാമെന്ന് 1920-ൽ പോപ്പനോ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1926-ൽ വാവിലോവ് എന്ന ശാസ്ത്രജ്ഞനും ഇന്തോ-ബർമ്മൻ പ്രദേങ്ങളായിരിക്കാം മാവിന്റെ ജന്മദേശമെന്ന് കണക്കാക്കിയിരുന്നു. എങ്കിലും 19561-ൽ മുഖർജി, ബർമ്മ, സയാ, ഇന്തോ-ചൈന, മലയ തുടങ്ങിയ സ്ഥലങ്ങളാണ് മാവിന്റെ ജന്മദേശമായി അഭിപ്രായപ്പെട്ടത്. ഇതിൽ തന്നെ ആസ്സാം-ബർമ്മ പ്രദേശങ്ങളിൽ ആയിരിക്കാം മാവിന്റെ ജനനം എന്ന് പറയപ്പെടുന്നു.ബുദ്ധസന്യാസിമാർ വഴി മലയ, മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങ്അളിൽ ബി.സി. നാലാം നൂറ്റാണ്ടോടുകൂടി എത്തിച്ചു എന്ന് കരുതപ്പെടുന്നു. ക്രിസ്ത്വാബ്ദ്ദം പത്താം നൂറ്റാണ്ടോടുകൂടി പേർഷ്യക്കാർ വഴി മാവും മാമ്പഴവും കിഴക്കൻ ആഫ്രിക്കയിൽ എത്തി. അതിനു ശേഷം പതിനാറാം നൂറ്റാണ്ടോടുകൂടി പോർച്ചുഗീസ് സഞ്ചാരികൾ തെക്കേ ആഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിലും എത്തിച്ചു. ബ്രസീലിൽ നിന്നും വെസ്റ്റിൻഡിസിലെ ബാർബഡോസിൽ 1742 ലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും മാവ് കൃഷി ആരംഭിച്ചു. അതിനു ശേഷം 1782-ൽ ജമൈക്ക, 19-ആം നൂറ്റാണ്ടോടുകൂടി ഫിലിപ്പൈൻസിലും മാവ് വ്യാപിച്ചു. വെസ്റ്റ് ഇൻഡിസ്, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നും മാവ് മെക്സിക്കോയിലെത്തുകയും അവിടെ നിന്നും 1833-ൽ അമേരിക്കയിലെ ഫ്ലോറിഡയിലേയ്ക്ക് എത്തുകയും ചെയ്തു.