മാങ്ങാത്തെര
മാങ്ങാത്തെര ഉണ്ടാക്കുന്നതെങ്ങനെയാണെന്ന് നോക്കാം. ആവശ്യമുള്ള അരി കഴുകി വാരി വെള്ളം വാര്‍ന്നു കഴിഞ്ഞു മണ്‍ച്ചട്ടിയില്‍ വറുത്ത് പൊടിക്കണം. അതിനുശേഷം പാലപ്പത്തിന്റെ അരിപ്പയില്‍ തെള്ളിയെടുക്കണം.
പാകം ചെയ്യുന്ന വിധം
ഒരു തഴപ്പായ നന്നായി കഴുകി ഉണക്കി അതില്‍ അല്പം നല്ലെണ്ണ തുണിയില്‍ മുക്കി പുരട്ടണം.പായില്‍ നിന്ന്‍ തെര ചെയ്യുന്നത്. മാങ്ങാച്ചാറ് ഒട്ടും വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞെടുക്കണം. അതില്‍ നിന്ന്‍ കുറച്ചെടുത്ത് പായില്‍ നിരപ്പായി തേച്ച് വെയിലത്തുവയ്ക്കണം. ഉണങ്ങി കഴിയുമ്പോള്‍ വീണ്ടും തേയ്ക്കണം. ഇങ്ങനെ ഉണങ്ങുന്നതിനനുസരിച്ച് പല പ്രാവശ്യം തേച്ച് പായുടെ അടിഭാഗം മറയുന്നതുവരെ തേയ്ക്കുക. മിച്ചമുള്ള മാങ്ങാച്ചാറില്‍ അരകപ്പ് അരിപ്പൊടിയും മാങ്ങയുടെ പുളിയ്ക്കനുസരിച്ച് പഞ്ചസാരയും ചേര്‍ത്തിളക്കുക. പഞ്ചസാര അലിഞ്ഞ് കഴിയുമ്പോള്‍ ആദ്യം മാങ്ങാച്ചാറ് തേച്ചതുപോലെ പല പ്രാവശ്യമായി ഈ കൂട്ട് അതിനുമുകളില്‍ തേച്ച് പിടിപ്പിക്കുക.ഓരോ തവണയും നല്ലതുപോലെ ഉണങ്ങിയ ശേഷം വേണം അടുത്തത് തേയ്ക്കാന്‍. വളരെ നേരിയ തോതില്‍ തേച്ചില്ലെങ്കില്‍ അകവശം ഉണങ്ങികിട്ടുകയുമില്ല. ഒരു സെന്റീമീറ്റര്‍ ആകുന്നതുവരെ തേയ്ക്കുക. നല്ലതായി ഉണങ്ങികഴിയുമ്പോള്‍ പായില്‍ നിന്ന് മാറ്റിമുറിച്ചെടുക്കുക.ഇത് വളരെ നാള്‍ കേടു കൂടാതെ സൂക്ഷിക്കാം. ദിവസവും തേയ്ക്കാന്‍ ഉള്ള ചാറ് അന്നന്നു മാത്രം അതില്‍ നിന്ന് എടുക്കുക.
ചേരുവകള്‍
1)പഴുത്തമാമ്പഴത്തിന്റെ
ചാറ് – അര ലിറ്റര്‍
2)അരി വറുത്തു പൊടിച്ചത്- അര കപ്പ്
3) പഞ്ചസാര – അര കപ്പ്