മേക്കപ്പുവീരന്‍ മാന്‍ഡ്രില്‍
തിരുവനന്തപുരം മൃഗശാല സന്ദര്‍ശിച്ചിട്ടുള്ളവര്‍ ചിലപ്പോള്‍ ഇവനെ കണ്ടുകാണും.കൂടിന്റെ ഒരു മൂലയിലായി നിലത്ത് ചടഞ്ഞിരിക്കുന്ന ഒരു കുരങ്ങ്. ഒരു ചെറിയ കരടിയുടെ വലിപ്പം.ഒന്നുകൂടി ശ്രദ്ധിച്ചുനോക്കിയാല്‍ ഭംഗിയുള്ള ഒരു മുഖം കാണാം. ഒരു പക്ഷെ മറ്റൊരു മൃഗത്തിനുമില്ലാത്തതരം വര്‍ണശബളമായ ഒരു മുഖം! ‘നാമക്കുരങ്ങ്’ എന്നാണു ഇവന്റെ പേര് അവിടെ എഴുതിവച്ചിരിക്കുന്നത്.എന്നാല്‍, പൊതുവേ ഇക്കൂട്ടര്‍ ‘മാന്‍ഡ്രില്‍’ എന്നറിയപ്പെടുന്നു.
ആഫ്രിക്കയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് മാന്‍ഡ്രിലുകളെ കാണുന്നത്.കടും പിങ്ക് നിറത്തിലുള്ള നീണ്ട മൂക്കും അതിനിരുവശത്തുമായി ഇളം നീലയുടെ പലനിരകളും ഇളം മഞ്ഞത്താടിയുമെല്ലാം ചേര്‍ന്ന ഇവയുടെ മുഖം കണ്ടാല്‍ പലതരം ചായം പൂശിയ പോലിരിക്കും.
ഇവയുടെ കഴുത്തിനുചുറ്റുമായി ഇളം നീല രോമങ്ങളുടെ ഒരു പരന്ന പാളിയുമുണ്ട്. രണ്ടിഞ്ചു മാത്രം നീളമുള്ള കുറ്റിവാലിനു താഴെയുള്ള രോമമില്ലാത്ത ഭാഗവും വര്‍ണശബളമാണ്. എന്നാല്‍,പെണ്‍മാന്‍ഡ്രിലുകള്‍ക്ക് ഇത്ര വര്‍ണഭംഗിയില്ല.
പടിഞ്ഞാറന്‍ ആഫ്രിക്കയുടെ ഉള്‍പ്രദേശങ്ങളില്‍ മാന്‍ഡ്രിലുകളുടെ അടുത്ത ബന്ധുക്കളും താമസിക്കുന്നുണ്ട്.ഡ്രില്‍ എന്നാണു ഈ കുരങ്ങന്മാരുടെ പേര്.ഇവയ്ക്ക് മാന്‍ഡ്രിലുകളുടെയത്ര വലിപ്പമില്ല; മുഖത്തിനു വര്‍ണപ്പകിട്ടുമില്ല. മുഖത്തിനു ചുറ്റുമായി വെളുത്ത രോമങ്ങളുടെ ഒരു പരന്ന പാളിയുണ്ട്. ഇവയുടെ വാലിനടിഭാഗം മാന്‍ഡ്രിലുകളുടെത് പോലെ നിറങ്ങളുള്ളതാണ്.
മാന്‍ഡ്രിലുകളും ഡ്രില്ലുകളും ബബൂണ്‍ വര്‍ഗക്കാരാണ്.